തലപ്പത്തിരിക്കുന്ന നിര്‍മാതാക്കൾക്കാണ് പ്രശ്നം, ‘മഞ്ഞുമ്മൽ’ റിലീസ് ചെയ്യും: വെളിപ്പെടുത്തി കെ. വിജയകുമാർ
ഫെബ്രുവരി 23ാം തിയതി മുതൽ തിയറ്റർ ഉടമകൾ മുന്നോട്ട് വയ്ക്കുന്ന നിബന്ധന അംഗീകരിച്ചു വരുന്ന നിർമാതാക്കളുടെ സിനിമകൾ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ. ഒടിടി വിവാദങ്ങളല്ല യഥാർഥ പ്രശ്നമെന്നും നിര്‍മാതാക്കളുടെ സംഘടന പറയുന്ന ചില ആവശ്യങ്ങളാണ് ഇപ്പോൾ ഇങ്ങനെയൊരു പ്രതിഷേധത്തിന് ഇടവരുത്തിയതെന്നും വിജയകുമാർ വ്യക്തമാക്കുന്നു.
പണ്ട് തിയറ്ററുകളിൽ ഫിലിം പെട്ടികൾ കൊണ്ടുവന്നാണ് സിനിമ റിലീസ് ചെയ്തിരുന്നത്. അതിനു പകരം ഇപ്പോൾ ഡിജിറ്റൽ കണ്ടന്റിന്റെ ഫോർമാറ്റിൽ ആണ് സിനിമ കൊണ്ടുവരുന്നത്. അത് പ്രദർശിപ്പിക്കുന്ന പ്രൊജക്ടർ വളരെ വിലകൂടിയതാണ്. ഇപ്പോൾ ഡിജിറ്റൽ സർവീസ് പ്രൊവൈഡേഴ്സിന്റെ കയ്യിൽ നിന്ന് പ്രൊജക്ടർ വാടകയ്ക്ക് എടുത്താണ് തിയറ്ററിൽ പടം ഓടിക്കുന്നത്. അതിന്റെ വാടക തിയറ്റർ ഉടമകളും നിർമാതാക്കളും ചേർന്നാണ് കൊടുത്തിരുന്നത്. ഇനി മുതൽ ആ വാടക തിയറ്ററുകൾ മാത്രം കൊടുക്കുകയോ അല്ലെങ്കിൽ പുതിയ പ്രൊജക്ടർ വാങ്ങി വക്കുകയോ ചെയ്യണം എന്നാണ് നിർമാതാക്കളുടെ സംഘടന നിഷ്കർഷിക്കുന്നത്. ഇക്കാരണം പറഞ്ഞ് പുതുക്കിപ്പണിത ചില തിയറ്ററുകൾക്ക് പടം കൊടുക്കാൻ നിർമാതാക്കളുടെ സംഘടന തയാറാകുന്നില്ല. അവർക്കു കൂടി പടം കൊടുത്താൽ മാത്രമേ തങ്ങളും പടം റിലീസ് ചെയ്യൂ. അതിനു വേണ്ടിയാണ് ഈ പ്രതിക്ഷേധം എന്ന് കെ. വിജയകുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഒടിടി വിവാദങ്ങളൊന്നും ഇത്തവണത്തെ പ്രതിഷേധത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. തെറ്റിദ്ധാരണാജനകമായ കഥകൾ പ്രചരിപ്പിക്കരുത്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രം തങ്ങളുടെ നിബന്ധന പ്രകാരം റിലീസ് ചെയ്യാൻ നിർമാതാവ് തയാറായിട്ടുണ്ടെന്നും മറ്റുള്ള ചില നിർമാതാക്കൾ ചർച്ചകളിൽ ആണെന്നും കെ. വിജയകുമാർ പറയുന്നു.
‘‘ഫെബ്രുവരി 23ാം തീയതി മുതൽ തിയറ്ററുകളിൽ സിനിമ റിലീസ് ചെയ്യുകയില്ല എന്നല്ല ഞങ്ങൾ പറഞ്ഞത്, ഞങ്ങൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യം അംഗീകരിച്ചു വരുന്ന സിനിമകൾ മാത്രമേ റിലീസ് ചെയ്യൂ എന്നാണു പറഞ്ഞിട്ടുള്ളത്. നിർമാതാക്കൾ അവരുടെ പടം റിലീസിനു കൊടുക്കാൻ മടിക്കുന്ന ചില തിയറ്ററുകൾ ഉണ്ട്. ചില തിയറ്ററുകളുടെ അറ്റകുറ്റ പണി പൂർത്തിയായി പ്രവർത്തനത്തിന് സജ്ജമായവയാണ്. അവിടെ പടം കൊടുക്കാൻ ചിലർ മടിക്കുന്നുണ്ട്. അവർക്കു കൂടി റിലീസിന് പടം കൊടുക്കുമെങ്കിൽ മാത്രമേ ബാക്കിയുള്ള തിയറ്ററുകൾ പടം എടുക്കൂ.
പ്രൊഡ്യൂസർ അസോസിയേഷനിൽ നാലഞ്ച് വ്യക്തികൾ രൂപീകരിച്ച ഒരു കമ്പനി ഉണ്ട്, കണ്ടന്റ് മാസ്റ്ററിങ് കമ്പനി. ആ കമ്പനിയുടെ കണ്ടന്റ് ഉപയോഗിച്ച് മാത്രമേ പടം കളിക്കാൻ പറ്റൂ എന്ന നിബന്ധന ആണ് അവർ മുന്നോട്ട് വയ്ക്കുന്നത്. ആ നിബന്ധന അംഗീകരിക്കാൻ പറ്റില്ല എന്ന കാരണത്താൽ ആണ് തിയറ്ററുകളിൽ മലയാള സിനിമ എടുക്കില്ല എന്ന് ഞങ്ങൾ പറയുന്നത്. അവർ പറയുന്ന ഫോർമാറ്റിൽ ഉള്ള സിനിമ പ്രദർശിപ്പിക്കണമെങ്കിൽ ഏതാണ്ട് അൻപത് ലക്ഷം മുതൽ രണ്ടു കോടി വരെ വില വരുന്ന പ്രൊജക്ടർ നമ്മൾ കാശ് കൊടുത്ത് വാങ്ങി തിയറ്ററിൽ വയ്ക്കണം. അതിപ്പോ നമുക്ക് പറ്റില്ല. ഇപ്പോൾ രണ്ടുമൂന്നു തിയറ്ററുകൾ പുതുക്കി പണിഞ്ഞിട്ടുണ്ട്, അവർ ഇത്തരം നിബന്ധന പാലിച്ചാൽ മാത്രമേ സിനിമ പ്രദർശിപ്പിക്കാൻ കഴിയൂ എന്ന് പറയുന്നതുകൊണ്ട് തിയറ്റർ തുറക്കാൻ കഴിയാതെ കിടക്കുകയാണ്.
Read Also: രണ്ടാഴ്ച, മൂന്നു സിനിമ, 100 കോടി; ഒത്തുപിടിച്ചാൽ പ്രേക്ഷകരും പോരും…
ആ നിബന്ധനകൾ വിട്ടിട്ട് നിലവിലുള്ള പ്രൊജക്ടറുകളിൽ പ്രദർശിപ്പിക്കാൻ പറ്റുന്ന ചിത്രങ്ങളുമായി വരുന്ന നിർമാതാക്കളെ നമ്മൾ പ്രോത്സാഹിപ്പിക്കും. ഇന്ന് ഞാൻ പത്രസമ്മേളനത്തിൽ വളരെ വ്യക്തമായി ഈ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. വളരെ തെറ്റിദ്ധാരണാജനകമായ വാർത്തകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒടിടിയിൽ സിനിമകൾ നേരത്തെ റിലീസ് ചെയ്യുന്നു എന്ന വിഷയം അവിടെ നിൽക്കുന്നുണ്ട് പക്ഷേ ഇത്തവണ ഞങ്ങൾ അത് മുന്നോട്ട് വച്ചില്ല. ഇത്തവണ തിയറ്ററുകളിൽ മലയാള പടം റിലീസ് ചെയ്യില്ല എന്ന് പറഞ്ഞതിന്റെ കാരണം അതല്ല.
പണ്ട് ഫിലിം പെട്ടികൾ ആയിരുന്നു തിയറ്ററിൽ കൊണ്ട് വരുന്നത്. അതിനു പകരം ഡിജിറ്റൽ കണ്ടന്റിന്റെ ഫോർമാറ്റ് ആണ് ഇപ്പോൾ കൊണ്ട് വരുന്നത്. അത് പ്രദർശിപ്പിക്കുന്ന പ്രൊജക്ടർ വളരെ വിലകൂടിയതാണ്. ഇപ്പോൾ ഡിജിറ്റൽ സർവീസ് പ്രൊവൈഡേഴ്സിന്റെ കയ്യിൽ നിന്ന് ഞങ്ങൾ ഈ പ്രൊജക്ടർ വാടകക്ക് എടുത്താണ് തീയറ്ററിൽ പടം ഓടിക്കുന്നത്. 99 ശതമാനം തിയറ്ററുകളിലും പ്രൊജക്ടർ ഉൾപ്പടെ സപ്ലൈ ചെയ്തിട്ടാണ് സിനിമ കളിക്കുന്നത്. അതിന്റെ വാടക നമ്മൾ അവർക്ക് കൊടുക്കണം. പ്രൊഡ്യൂസറുടെ കയ്യിൽ നിന്ന് കൂടി ഈ സർവീസ് പ്രൊവൈഡേഴ്സ് ഒരു ചാർജ് വാങ്ങുമായിരുന്നു. പണ്ട് ഫിലിം പെട്ടി ചെയ്യുന്നതിന് നാല്പതിനായിരം രൂപയിൽ അധികം ഒരു പ്രൊഡ്യൂസറിനു ചിലവാകുമായിരുന്നു. അതിനു പകരം ഡിജിറ്റൽ കണ്ടന്റ് സർവീസ് പ്രൊവൈഡേഴ്സ് ഇവർക്കു കൊണ്ടുവന്നു കൊടുക്കും. അതിനു പതിനായിരം രൂപയാണ് അവർ പ്രൊഡ്യൂസറുടെ കയ്യിൽ നിന്ന് ചാർജ് ചെയ്യുന്നത്.
ഇപ്പോ നിർമാതാക്കൾ പറയുന്നത് ആ പണം കൂടി തിയറ്ററുകാർ കൊടുക്കണം എന്നാണ്. ഇതാണ് ശരിക്കും പ്രശ്നം. പ്രൊജക്ടർ വാടകയ്ക്ക് എടുക്കുമ്പോൾ അല്ലേ പ്രശ്നം വരുന്നത്, അതുകൊണ്ടു പ്രൊജക്ടർ നിങ്ങൾ വിലക്ക് വാങ്ങിക്കോ എന്നാണു അവർ പറയുന്നത്. ഈ ഫോർമാറ്റ് ലോഡ് ചെയ്യാൻ ഒരു കോഡ് ഉണ്ട്. ആ കോഡ് സർവീസ് പ്രൊവൈഡേഴ്സിന് നമുക്ക് തരാൻ പറ്റില്ല, നമുക്ക് തരണമെങ്കിൽ ഈ സാധനം നമ്മൾ വാങ്ങണം. ഇപ്പോൾ 50 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെ ചെലവ് വരുന്ന ഒരു നടപടി ആണ് അത്. ഇത്തരം ഒരു വിഷയം വന്നപ്പോൾ ഞങ്ങൾ ആദ്യം പറഞ്ഞത് നിലവിലുള്ള തിയറ്ററുകാരെ നിങ്ങൾ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കണമെന്നാണ്. പുതിയ തിയറ്റർ വരുമ്പോൾ, അവരോട് പുതിയ പ്രൊജക്ടർ വാങ്ങി വയ്ക്കണമെന്നോ മറ്റെന്തെങ്കിലും നിഷ്കർഷിച്ചോളൂ എന്ന ധാരണയുടെ പുറത്താണ് ഈ വിഷയം മുന്നോട്ട് പോയത്. ആ ധാരണ എല്ലാം തെറ്റിച്ച് നിങ്ങൾ പ്രൊജക്ടർ വാങ്ങുക, അല്ലെങ്കിൽ അതിന്റെ വാടക എല്ലാം നിങ്ങൾ കൊടുത്തുകൊള്ളൂ എന്ന് പറയുന്നതിനെതിരെയാണ് ഈ പ്രതിഷേധം.
നമ്മുടെ പ്രൊജക്ടറിൽ അവരുടെ ചെലവിൽ കണ്ടന്റ് കൊണ്ടുവന്നു ലോഡ് ചെയ്യാൻ പറ്റുന്ന നിർമാതാക്കളുടെ ചിത്രങ്ങൾ ഞങ്ങൾ ഉറപ്പായും റിലീസ് ചെയ്യും. ചില തിയറ്ററുകൾ പുതുക്കി പണിയാൻ വേണ്ടി അടച്ചിട്ട് പിന്നെ തുറക്കുമ്പോൾ ഇവർ പടം കൊടുക്കുന്നില്ല. ഇവരുടെ നിബന്ധനകൾ പാലിച്ചാലേ അവർക്ക് പടം കൊടുക്കൂ എന്നാണു പറയുന്നത്. അങ്ങനെ അടച്ചിട്ടിരിക്കുന്ന മൂന്നുനാലു തീയറ്ററുകൾ ഉണ്ട്. അവർക്കുകൂടി പടം കൊടുത്താൽ മാത്രമേ നമ്മൾ സിനിമകൾ എടുക്കൂ.
അടച്ചിട്ടിരിക്കുന്ന തിയറ്ററുകൾക്ക് പടം കൊടുക്കാൻ തയാറായി വരുന്ന നിർമാതാക്കൾ ഉണ്ട്. അവരുടെ സിനിമ നമ്മൾ റിലീസ് ചെയ്യുന്നുണ്ട്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന്റെ നിർമാതാക്കൾ അത്തരത്തിൽ മുന്നോട്ട് വന്നിട്ടുണ്ട്, അത് നമ്മൾ റിലീസ് ചെയ്യുന്നുണ്ട്. മൂന്നുനാലു നിർമാതാക്കൾ ചർച്ചയിലാണ്. സിനിമകൾ സ്ഥിരമായി നിർമിച്ചുകൊണ്ടിരിക്കുന്ന നിർമാതാക്കൾ നമ്മുടെ നിബന്ധനകൾ അംഗീകരിക്കാൻ തയാറാണ്. പത്തും മുപ്പതും കോടി രൂപ താരങ്ങൾക്കും മറ്റും കൊടുക്കുമ്പോൾ ഈ അയ്യായിരവും പതിനായിരവും ആണോ ഇവര്‍ക്കു പ്രശ്നം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തലപ്പത്തിരിക്കുന്ന നേതാക്കളാണ് പ്രശ്നം ഉണ്ടാക്കുന്നത്. ഒരു പടവും എടുക്കാതെ ജോലി ഇല്ലാതെ ഇരിക്കുന്ന നിർമാതാക്കൾക്ക് ഈ ഇൻഡസ്ട്രി എങ്ങനെയായാലും കുഴപ്പമില്ല. അവരാണ് വിലങ്ങുതടി ആയി നിൽക്കുന്നത്. സിനിമകൾ സ്ഥിരമായി നിർമിക്കുന്ന നിർമാതാക്കളും ചിത്രങ്ങൾ സ്ഥിരമായി എടുക്കുന്ന വിതരണക്കാരും ഞങ്ങളോടൊപ്പമാണ്. അവർ ഞങ്ങൾ പറയുന്നതുപോലെ സിനിമ കൊണ്ടുവരാൻ തയാറാണ്. നിർമാതാക്കൾ എല്ലാം ചർച്ചയിൽ ആണ്. നല്ല ഒരു തീരുമാനവുമായി അവർ മുന്നോട്ട് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.’’– വിജയകുമാർ പറയുന്നു.
Source link