മാഡ്രിഡ്: യുക്രെയ്നിലേക്കു കൂറുമാറിയ റഷ്യൻ ഹെലികോപ്റ്റർ പൈലറ്റ് മാക്സിം കുസ്മിനോവ് സ്പെയിനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കിഴക്കൻ സ്പെയിനിലെ തീരപ്രദേശത്ത് കഴിഞ്ഞയാഴ്ച വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഇദ്ദേഹത്തിന്റേതാണെന്നു കരുതുന്നു. സ്പാനിഷ് പോലീസ് ഇക്കാര്യം പരസ്യമായി അംഗീകരിച്ചിട്ടില്ലെങ്കിലും യുക്രെയ്ൻ ഇന്റലിജൻസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. മാക്സിം കുസ്മിനോവ് കഴിഞ്ഞ ഓഗസ്റ്റിൽ ഹെലികോപ്റ്ററുമായി അതിർത്തി കടന്ന് യുക്രെയ്നിൽ ഇറങ്ങുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റു രണ്ടു സൈനികർക്ക് ഇദ്ദേഹത്തിന്റെ കൂറുമാറ്റ പദ്ധതിയെക്കുറിച്ച് അറിയില്ലായിരുന്നു. ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ വെടിയേറ്റു മരിച്ചു.
യുക്രെയ്ൻ ഇന്റലിജൻസുമായി സംസാരിച്ച് പണവും സുരക്ഷിതത്വവും താമസവുമെല്ലാം ഉറപ്പാക്കിയശേഷമായിരുന്നു മാക്സിം കുസ്മിനോവിന്റെ കൂറുമാറ്റം. പക്ഷേ, ഇദ്ദേഹം യുക്രെയ്നിൽ താമസിക്കാതെ സ്പെയിനിൽ വ്യാജരേഖകളുമായി താമസിക്കുകയായിരുന്നു. മുൻ പങ്കാളിയെ സ്പെയിനിലേക്കു ക്ഷണിച്ചതിനു പിന്നാലെയാണു കൊല്ലപ്പെട്ടത്.
Source link