സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ഇന്നു തുടക്കം

സെബി മാളിയേക്കൽ ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ആദ്യകിരീടം നേടിയതിന്റെ സുവർണ ജൂബിലി വേളയിൽ എട്ടാം കിരീടം എന്ന സ്വപ്നവുമായി കേരളം ഇന്ന് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങും. ആസാമാണ് എതിരാളികൾ. രാവിലെ പത്തിന് മേഘാലയ-സർവീസസ് മത്സരത്തോടെ ഫൈനൽ റൗണ്ടിനു തുടക്കമാകും. ഉച്ചകഴിഞ്ഞു 2.30നാണ് കേരളം-ആസാം മത്സരത്തിന്റെ കിക്കോഫ്. യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. കേരളത്തിലെ കൊടും ചൂടിൽനിന്ന് ഞായറാഴ്ച രാത്രിയോടെ അരുണാചലിൽ എത്തിയ ടീമിനെ വരവേറ്റതു മോശമല്ലാത്ത കാലാവസ്ഥയായിരുന്നു. ഇറ്റാനഗറിൽ തിങ്കളാഴ്ച 22 ഡിഗ്രി ചൂട് ഉണ്ടായിരുന്നു. അതിനാൽതന്നെ രണ്ടു മണിക്കൂറിലധികം നല്ല രീതിയിൽ പരിശീലനം നടത്താൻ കഴിഞ്ഞു. എന്നാൽ, ഇന്നലെ കാലാവസ്ഥ ആകെ മാറി. പെട്ടെന്ന് മഴപെയ്യാൻ തുടങ്ങി പരിശീലനത്തിനിടെ രണ്ടുതവണ മഴ പെയ്തു. അന്തരീക്ഷത്തിലെ തണുപ്പ് വർധിച്ചു. 15 മുതൽ 18 ഡിഗ്രി വരെയാണ് ഇന്നലത്തെ ഊഷ്മാവ്.
ഗോവയും സർവീസസും ഉൾപ്പെടെയുള്ള ശക്തമായ ഗ്രൂപ്പ് എയിലാണ് കേരളം. എന്നാലും, പ്രതികൂല കാലാവസ്ഥ ഉൾപ്പെടെയുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ച് വിജയക്കൊടി പാറിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് നിജോ ഗിൽബർട്ടിന്റെ നേതൃത്വത്തിലുള്ള കേരള ടിം. 23ന് രാത്രി ഏഴിന് ഗോവയുമായാണ് അടുത്ത മത്സരം. 25നും 28നും ഉച്ചകഴിഞ്ഞ് 2.30ന് മത്സരങ്ങൾ യഥാക്രമം മേഘാലയ, അരുണാചൽപ്രദേശ് എന്നിവരുമായാണ്. മാർച്ച് ഒന്നിനു രാവിലെ 10ന് സർവീസസുമായാണ് ലീഗിലെ അവസാനമത്സരം. 1973ൽ ആദ്യ കിരീടം നേടിയശേഷം 91 -92, 92 -93, 2001-02, 2004 -05, 2017-18, 2021-22 വർഷങ്ങളിലാണ് കേരളം കിരീടം ചൂടിയത്. ഏഴു തവണയേ ജേതാക്കളായുള്ളൂവെങ്കിലും 15 തവണ കേരളം ഫൈനലിൽ എത്തിയിട്ടുണ്ട്.
Source link