വയനാട്ടിൽ പത്രമിടാൻ വന്ന ‘ഫഹദ് ഫാസിലിന്റെ’ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടത് 8 മില്യൻ ആളുകളാണ്. ഗ്രാഫിക് ആർടിസ്റ്റായ സിദ്ദിഖ് അസീസിയ കൗതുകത്തിന്റെ പേരിൽ പകർത്തി വിഡിയോയാണ് ഞൊടിയിടയിൽ വൈറലായി മാറിയത്. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെ പോലെയുണ്ടെന്നും പെട്ടെന്നു കണ്ടാൽ ഫഹദ് ആണെന്നു തോന്നുമെന്നുമായിരുന്നു സിദ്ദിഖിന്റെ കമന്റ്. വിഡിയോ കണ്ടവര്‍ക്കും അതേ അഭിപ്രായം തന്നെയായിരുന്നു. വയനാട് സ്വദേശിയായ ബിജേഷ് ആണ് ഈ വൈറൽ ‘ഷമ്മി’. വിഡിയോ വൈറലായതോടെ ബിജേഷിനെ തേടി സാക്ഷാൽ ഫഹദ് ഫാസിലിന്റെ പങ്കാളിത്തത്തിലുള്ള ഭാവനാ സ്റ്റുഡിയോസ് നിർമാണക്കമ്പനിയിൽ നിന്നും കോൾ വന്നിരുന്നു.
‘‘എന്റെ പേര് ബിജേഷ്. വയനാട് മാനന്തവാടി കാട്ടിമൂല ആണ് സ്വദേശം. പത്രത്തിന്റെ ഏജൻസി ആണ്, അത് കഴിഞ്ഞു ഓട്ടോറിക്ഷ ഓടിക്കും, കൃഷിയും ഉണ്ട്. ഭാര്യയും ഒരു മകളും മകനും ആണ് എന്റെ കുടുംബം. എന്നും പത്രം ഇടാൻ പോകാറുണ്ട്. അങ്ങനെ ഇന്നലെ പത്രമിടാൻ പോയപ്പോഴാണ് ഒരു കടയിൽനിന്ന് ഒരാൾ ഫഹദ് ഫാസിലിനെ പോലെ ഉണ്ടല്ലോ എന്ന് വിളിച്ചു ചോദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തത്. അപ്പോഴും അവർ വിഡിയോ എടുക്കുമെന്നോ അത് വൈറലാകുമെന്നോ കരുതിയില്ല.
കുറച്ചു കഴിഞ്ഞ് ഓരോരുത്തരായി വിളിക്കാൻ തുടങ്ങി. ഒരുപാട് ഫോൺ കോൾ വന്നു. അപ്പോഴാണ് ഞാനും ഈ വിഡിയോ കണ്ടത്. ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ഷമ്മി എന്ന കഥാപാത്രത്തെപ്പോലെ ഉണ്ട് എന്നാണ് പലരും പറയുന്നത്. അങ്ങനെ ആലോചിച്ചു വിഡിയോ കണ്ടപ്പോൾ എനിക്കും അങ്ങനെ തോന്നി. പക്ഷേ എന്നെ നേരിട്ട് കാണുമ്പോൾ ഫഹദ് ഫാസിലിന്റെ ഛായ ഒന്നും ഇല്ല.
ചില സൈഡിൽ കൂടി നോക്കുമ്പോൾ അങ്ങനെ തോന്നാറുണ്ട് എന്ന് ചിലരൊക്കെ പറഞ്ഞിട്ടുണ്ട്. എന്റെ കട്ടി മീശയും പിന്നെ ഹെൽമെറ്റ് വച്ച് ബൈക്കിൽ ഇരിക്കുന്നത് കണ്ടപ്പോൾ തോന്നിയ യാദൃച്ഛികത ആകും. ഒരുപാടുപേര് ഫോൺ ചെയ്യുന്നുണ്ട്, കേട്ടപ്പോൾ രസകരമായി തോന്നി. സന്തോഷം തോന്നി. മക്കളോട് കൂട്ടുകാർ എല്ലാവരും ഇതേപ്പറ്റി ചോദിച്ചു അവർക്ക് സന്തോഷമായി. അച്ഛൻ വൈറലായല്ലോ എന്ന് പറഞ്ഞു. ഭാര്യ, പക്ഷേ ഫഹദിനെപ്പോലെ ഒന്നും തോന്നിയില്ല എന്നാണ് പറഞ്ഞത്.
ഭാവന സ്റ്റുഡിയോയിൽ നിന്ന് ഒരു വിളി വന്നു. എന്റെ ഒരു ഫോട്ടോ അയച്ചു കൊടുക്കാൻ പറഞ്ഞു. ജസ്റ്റ് ഫോട്ടോ അയച്ചേക്കു ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞു. മെയ് മാസത്തിൽ കരാട്ടേയുമായി ബന്ധപ്പെട്ട ഒരു സിനിമയുടെ ചിത്രീകരണം തുടങ്ങുന്നുണ്ട് നോക്കട്ടെ എന്ന് പറഞ്ഞു. ഞാൻ ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട്. അവർ വിളിച്ചാൽ പോകും. ഇങ്ങനെ വൈറൽ ആകുമെന്നൊന്നും സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. ഞാൻ എന്റെ പണികൾ ചെയ്തു കുടുംബം നോക്കി ജീവിക്കുന്നയാളാണ്. വിഡിയോ വൈറൽ ആയപ്പോൾ സന്തോഷം തോന്നുന്നുണ്ട്. പക്ഷേ ഈ ചർച്ച ഒക്കെ കുറച്ചു നാൾ കഴിയുമ്പോൾ തീരും അത്രയേ ഉള്ളൂ.’’– ബിജേഷ് പറയുന്നു.
English Summary:
Is that Fahadh Faasil? Look again
Source link