ടെൽ അവീവ്: ഗാസയിൽ വംശീയ ഉന്മൂലനം നടക്കുന്നുവെന്നു പറഞ്ഞ ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡാ സിൽവയെ അപലപിച്ച് ഇസ്രയേൽ. എത്യോപ്യയിൽ ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിയിൽ സംസാരിച്ച ലുലാ, നാസി ഭീകരതയിൽ യഹൂദർ കൂട്ടക്കൊല ചെയ്യപ്പെട്ട ഹോളോകോസ്റ്റ് സംഭവത്തിനു തുല്യമാണ് ഗാസയിലെ ഇപ്പോഴത്തെ യുദ്ധമെന്നും അഭിപ്രായപ്പെട്ടു. സർവസജ്ജമായ സൈന്യം ഒരുവശത്തും സ്ത്രീകളും കുട്ടികളും മറുവശത്തും നിൽക്കുന്ന യുദ്ധമാണു നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഹോളോകോസ്റ്റിനെ നിസാരവത്കരിച്ച ലുലാ, യഹൂദരുടെ വികാരം വ്രണപ്പെടുത്തിയതായി ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ആരോപിച്ചു. ഇസ്രയേലിനു സ്വയംപ്രതിരോധിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസ് ഭീകരാക്രമണത്തെ ലുലാ അപലപിച്ചിരുന്നെങ്കിലും, ഇസ്രയേൽ ഗാസയിൽ നടത്തുന്ന പ്രത്യാക്രമണത്തിന്റെ നിശിത വിമർശകൻകൂടിയാണ് അദ്ദേഹം.
Source link