വിജയനഗരം: ഒരു വിക്കറ്റ് അകലത്തിൽ നിർണായകമായ ഒരു ജയം നഷ്ടപ്പെട്ടത്തിന്റെ സങ്കടത്തിൽ കേരള രഞ്ജി ക്രിക്കറ്റ് ടീം. ആന്ധ്രപ്രദേശിന് എതിരേ നടന്ന മത്സരത്തിൽ ഒരു വിക്കറ്റ് കൂടി വീഴ്ത്താൻ സാധിച്ചിരുന്നെങ്കിൽ കേരളത്തിന് ജയം സ്വന്തമാക്കാമായിരുന്നു. 10-ാം വിക്കറ്റിൽ മത്സരത്തിലെ അവസാന 31 പന്ത് പ്രതിരോധിച്ച് ആന്ധ്രയുടെ ഷൊയ്ബ് ഖാനും സത്യനാരായണ്‍ രാജുവും കേരളത്തിൽനിന്ന് ജയം തട്ടിമാറ്റി. അതോടെ മത്സരം സമനിലയിൽ. 92-ാം ഓവറിന്റെ അഞ്ചാം പന്തിൽ മനിഷ് ഗോലമാറുവിനെ (4) പുറത്താക്കി വൈശാഖ് ചന്ദ്രൻ കേരളത്തെ ജയത്തിലേക്ക് അടുപ്പിച്ചു. ആന്ധ്രയുടെ ഒന്‍പതാം വിക്കറ്റായിരുന്നു അത്. തുടർന്ന് 97 ഓവറിൽ മത്സരം പൂർത്തിയാക്കുന്നതുവരെ ആന്ധ്രയുടെ 10-ാം വിക്കറ്റ് കൂട്ടുകെട്ട് കടുത്ത പ്രതിരോധം തീർത്ത് മത്സരം സമനിലയിലാക്കി. സ്കോർ: ആന്ധ്ര 272, 189/9. കേരളം 514/7 ഡിക്ലയേഡ്.
എട്ടാം നന്പറായി ക്രീസിലെത്തിയ ഷൊയ്ബ് ഖാൻ 93 പന്തിൽ 11 റണ്‍സുമായാണ് പുറത്താകാതെനിന്നത്. രണ്ട് ഫോർ അടക്കമാണ് 11 റണ്‍സ്. നേരിട്ട എണ്‍പത്തെട്ടു പന്തിൽ ഷൊയ്ബ് റണ്‍ നേടിയില്ല. സത്യനാരാണ് രാജു 13 പന്ത് നേരിട്ട് റണ്ണൊന്നും എടുക്കാതെയും കേരളത്തിന്റെ ജയം തടഞ്ഞു.
Source link