മേയർ രാജിവച്ചെങ്കിലും 3 എഎപി കൗൺസിലർമാരെ ‘ചാക്കിലാക്കി’ ബിജെപി; ചണ്ഡിഗഡിൽ നാടകീയ നീക്കങ്ങൾ

ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് വിവാദം: കൂറുമാറി എഎപി കൗൺസിലർമാർ, ചണ്ഡിഗഡിൽ ‘ഇന്ത്യ’ മുന്നണി വീണ്ടും പ്രതിസന്ധിയിൽ-Latest News | Manorama Online

മേയർ രാജിവച്ചെങ്കിലും 3 എഎപി കൗൺസിലർമാരെ ‘ചാക്കിലാക്കി’ ബിജെപി; ചണ്ഡിഗഡിൽ നാടകീയ നീക്കങ്ങൾ

ഓൺലൈൻ ഡെസ്ക്

Published: February 19 , 2024 10:31 AM IST

1 minute Read

അരവിന്ദ് കേജ്‌രിവാൾ (ഫോട്ടോ: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)

ന്യൂഡൽഹി∙ ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ബിജെപി നേതാവ് മനോജ് സൊൻകർ മേയർ സ്ഥാനം രാജിവച്ചെങ്കിലും, ‘ഇന്ത്യ’ മുന്നണിക്കു കടുത്ത തിരിച്ചടിയായി മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിൽ. എഎപി കൗൺസിലർമാരായ പൂനം ദേവി, നേഹ, ഗുർചരൺ കല എന്നിവരാണ് ഞായറാഴ്ച ബിജെപിയിൽ ചേർന്നത്. ഇതോടെ 36 അംഗ മുനിസിപ്പൽ കോർപറേഷനിൽ വീണ്ടും മേയർ തിരഞ്ഞെടുപ്പു നടന്നാൽ ബിജെപി സഖ്യത്തിനു ജയിച്ചുകയറാൻ വഴിതെളിഞ്ഞു.
പാർട്ടിയിൽ ചേർന്ന മൂന്ന് എഎപി കൗൺസിലർമാർ കൂടി ചേരുമ്പോൾ ബിജെപി കൗൺസിലർമാരുടെ എണ്ണം 17 ആകും. ഇവർക്കൊപ്പം ശിരോമണി അകാലി ദൾ കൗൺസിലറുടെ പിന്തുണയും ബിജെപിക്കാണ്. ബിജെപിയുടെ ചണ്ഡിഗഡ് എംപി കിരൺ ഖേറിന് എക്സ്–ഒഫീഷ്യോ അംഗം എന്ന നിലയിൽ വോട്ടവകാശം ഉള്ളതിനാൽ ബിജെപിയുടെ അംഗബലം 19 എന്ന മാജിക് നമ്പറിലേക്ക് എത്തും. എഎപിക്ക് പത്തും കോൺഗ്രസിന് ഏഴും കൗൺസിലർമാരാണ് കോർപറേഷനിൽ ഉള്ളത്.

കഴിഞ്ഞ മാസം 30നു നടന്ന മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ കുൽദീപ് കുമാറിന് 20 വോട്ടും മനോജ് സൊൻകറിന് 16 വോട്ടുമാണ് ലഭിച്ചത്. എന്നാൽ, കുൽദീപിനു ലഭിച്ചതിൽ 8 വോട്ട് അസാധുവാണെന്ന് വരണാധികാരി അനിൽ മാസി പ്രഖ്യാപിച്ചതോടെ മനോജ് ജയിച്ചു. ആം ആദ്മിയുടെ 8 വോട്ടുകൾ വരണാധികാരി വെട്ടുംതിരുത്തും വരുത്തി അസാധുവാക്കിയെന്നാണ് ആരോപണം. മേയർ തിരഞ്ഞെടുപ്പിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടെന്നു സുപ്രീം കോടതി പരാമർശം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും നാടകീയ രംഗങ്ങൾക്ക് ചണ്ഡിഗഡ് വേദിയായത്.

ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപി അട്ടിമറി നടത്തി എന്ന ആരോപണവുമായി എഎപി രംഗത്തെത്തിയതോടെയാണ് ചണ്ഡിഗഡ് മുനിസിപ്പൽ കോർപറേഷൻ ദേശീയ ശ്രദ്ധ നേടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ്–എഎപി സഖ്യം അഭിമുഖീകരിച്ച ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്.

English Summary:
Three AAP councillors joined BJP in Chandigarh municipal corporation

40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-list mo-judiciary-supremecourt 5us8tqa2nb7vtrak5adp6dt14p-2024-02-19 mo-politics-parties-aap 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-2024-02-19 mo-news-world-countries-india-indianews 73i5se4srp3prv415v9g7200l1 mo-politics-leaders-arvindkejriwal 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02


Source link
Exit mobile version