അച്ഛനെക്കുറിച്ച് ഓർത്ത് വാക്കുകൾ ഇടറി പൃഥ്വിരാജ്; കണ്ണുനിറഞ്ഞ മല്ലികയും ഇന്ദ്രനും | Prithviraj Sukumaran Mallika Sukumaran
അച്ഛനെക്കുറിച്ച് ഓർത്ത് വാക്കുകൾ ഇടറി പൃഥ്വിരാജ്; കണ്ണുനിറഞ്ഞ് മല്ലികയും ഇന്ദ്രനും
മനോരമ ലേഖകൻ
Published: February 19 , 2024 09:44 AM IST
Updated: February 19, 2024 09:56 AM IST
2 minute Read
പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിനു കടപ്പാട്: (www.instagram.com/shyam_photography._/)
അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നതിനിടെ വാക്കുകൾ ഇടറി പൃഥ്വിരാജ് സുകുമാരൻ. അഭിനയ ജീവിതത്തിൽ അൻപതു വർഷം പൂർത്തിയാക്കുന്ന നടി മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. അച്ഛൻ മരിച്ച ശേഷം അച്ഛനുമായി ആംബുലൻസിൽ പോയ നിമിഷങ്ങൾ പങ്കുവച്ചപ്പോൾ തൊണ്ടയിടറുന്ന പൃഥ്വിരാജിനെ കണ്ട് മല്ലിക സുകുമാരനും ഇന്ദ്രജിത്തും കണ്ണുതുടക്കുകയായിരുന്നു. അമ്മയ്‌ക്കൊപ്പം അഭിനയിക്കുകയും അമ്മ അഭിനയിച്ച സിനിമ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത അപൂർവത തനിക്ക് മാത്രം സ്വന്തമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. അച്ഛന്‍ മരിച്ചപ്പോൾ അമ്മ ഇനി എന്ത് ചെയ്യും എന്നോർത്താണ് സങ്കടപ്പെട്ടതെന്നും എന്നാൽ അമ്മ എന്തു ചെയ്തു എന്നതിനുത്തരമാണ് ഇന്നിവിടെ നിൽക്കുന്ന താനും ഇന്ദ്രജിത്തും എന്ന് പൃഥ്വിരാജ് പറയുന്നു.
‘‘പതിനാലാം തീയതി ഞങ്ങൾ ഒരു സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി യുഎസിലേക്ക് പോകേണ്ടതാണ്. ഞാൻ ഈ വിഡിയോയൊക്കെ അയച്ചുകൊടുക്കുമ്പോഴും അമ്മ പറയുന്നുണ്ട് ‘അപ്പോൾ നീ വരില്ല അല്ലേ? ഓക്കേ ഓക്കേ’ എന്ന്. പക്ഷേ എന്താണെന്ന് അറിയില്ല വിസ ഇതുവരെ വന്നിട്ടില്ല. നാളെയോ മറ്റോ വിസ കിട്ടുകയേയുള്ളൂ. ആള് അമ്മയായതുകൊണ്ട് ഒരുപക്ഷേ ജോ ബൈഡനെ വരെ നേരിട്ട് വിളിച്ചിട്ട് ‘സാറേ അവന്റെ വിസ ഇപ്പോൾ കൊടുക്കേണ്ട’ എന്ന് പറഞ്ഞാലും അതിൽ അദ്ഭുതപ്പെടാനില്ല. മിക്കവാറും അങ്ങനെ എന്തോ പരിപാടി അമ്മ ഒപ്പിച്ചിട്ടുണ്ട്. എന്തായാലും ചേട്ടനും ഞാനും ഇവിടെത്തന്നെയുണ്ട് അപ്പൊ പരിപാടിക്ക് വന്നേ പറ്റൂ എന്ന് അമ്മ വീണ്ടും പറയുകയും ചെയ്തു.
അങ്ങനെ സന്തോഷപൂർവം ഞങ്ങൾ വന്നിരിക്കുകയാണ്. ഇവിടെ വന്നെത്തിയതിൽ വലിയ സന്തോഷമുണ്ട്. കാരണം സ്വന്തം കർമ മേഖലയിൽ, അത് സിനിമ അല്ല ഏതു തൊഴിൽ മേഖലയിൽ ആയാലും അതിൽ 50 വർഷക്കാലം സജീവമായി പ്രവർത്തിക്കുക എന്ന് പറയുന്നത് വളരെ ചുരുക്കം ആൾക്കാർക്ക് മാത്രം കിട്ടുന്ന അപൂർവമായ ഭാഗ്യമാണ്. പ്രത്യേകിച്ച് 50 വർഷക്കാലം സിനിമയിൽ സജീവമായി നിൽക്കുക എന്നത് ഒരു അതിശയമാണ്. അത് സിനിമയിൽ പ്രവർത്തിക്കുന്ന ചേട്ടനെയും എന്നെയും പോലെയുള്ള ചെറിയ കലാകാരന്മാർക്ക് ഞങ്ങൾ ഇന്ന് പിന്നിട്ട രണ്ട് ദശാബ്ദ കാലങ്ങൾ പുറകോട്ട് നോക്കുമ്പോൾ മനസ്സിലാകും 50 വർഷം എന്നത് എത്ര വലിയ നേട്ടം ആണെന്നത്.
അതിൽ ഏറ്റവും വലിയ അദ്ഭുതം എന്ന് പറയുന്നത് ഇടയിൽ ഏതാണ്ട് കാൽനൂറ്റാണ്ടോളം അമ്മ സിനിമയിൽ വിട്ടുനിന്ന ഒരു വീട്ടമ്മ മാത്രമായി ഒതുങ്ങി കൂടിയിരുന്നു. എന്നിട്ടും തിരിച്ചുവന്ന് ഒരു അഭൂതപൂർവമായ റീസ്റ്റാർട്ട് അമ്മയ്ക്ക് സ്വന്തം കരിയറിൽ നടത്താൻ കഴിഞ്ഞു എന്നത് ആർട്ടിസ്റ്റ് എന്ന നിലയിൽ വലിയ കാര്യമാണ്. എനിക്കു തോന്നുന്നു ലോകത്തിൽ എത്ര മക്കൾക്ക് ഈ ഭാഗ്യം കിട്ടിക്കാണും? ഒരുപക്ഷേ ഞാൻ മാത്രമായിരിക്കും ഈ ഒരു ഭാഗ്യം കിട്ടിയത്, എനിക്ക് അമ്മയോടൊപ്പം അഭിനയിക്കാനും അമ്മയെ വച്ച് സിനിമ നിർമിക്കാനും അമ്മയെ സംവിധാനം ചെയ്യാനും ഉള്ള ഭാഗ്യം ലഭിച്ചു. ഇത് മൂന്നും ചെയ്യാൻ ഭാഗ്യം കിട്ടിയ എത്ര മക്കളുണ്ട് എന്ന് എനിക്കറിയില്ല. അതിൽ ഞാൻ അഭിമാനിക്കുന്നു.
ചേട്ടൻ പറഞ്ഞതുപോലെ അമ്മയെ അഭിനയിപ്പിക്കുമ്പോഴും വീണ്ടും മോണിറ്ററിൽ അമ്മ അഭിനയിച്ചത് കാണുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും ഞാൻ എന്നോട് തന്നെ പറയുന്ന ഒരു കാര്യമുണ്ട് അമ്മയാണ് ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും മികച്ച ആർട്ടിസ്റ്റ് എന്ന്. സത്യത്തിൽ അമ്മയുടെ ടാലന്റ് വച്ച് അമ്മയ്ക്ക് ഇനിയും സിനിമയിൽ കുറെ കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇതൊക്കെ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയിൽ അമ്മയെക്കുറിച്ച് ആധികാരികമായി പറയാനുള്ള ജ്ഞാനമൊന്നും എനിക്കില്ല. പക്ഷേ അമ്മ എന്ന നിലയിൽ ഒരു സ്ത്രീ എന്ന് നിലയിൽ ഞാൻ 41 വർഷങ്ങളായി കാണുന്ന ഒരു വ്യക്തിയാണ്. ഞാൻ ആ വിഡിയോയിൽ പറഞ്ഞതുപോലെ അമ്മയാണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി.
എന്റെ ജീവിതത്തിൽ അമ്മ കഴിഞ്ഞിട്ടേ ഉള്ളൂ വേറൊരു ശക്തി. എനിക്കിപ്പോഴും ഓർമയുണ്ട്, അച്ഛന്‍ മരിച്ചിട്ട് ഞങ്ങൾ എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുമ്പോൾ അമ്മ ഒറ്റയ്ക്ക് ഒരു വണ്ടിയിലാണ്, ചേട്ടനും ഞാനും അച്ഛന്റെ ഒപ്പം ആംബുലൻസിലാണ്. (വാക്കുകളിടറുന്നു) അന്ന് ഞാൻ ആലോചിക്കുന്നുണ്ട് അമ്മ എന്ത് ചെയ്യും? ഞാൻ ചേട്ടനോട് പറയുന്നുണ്ട് അമ്മ എന്ത് ചെയ്യും? പക്ഷേ അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നിൽക്കുന്ന ഞാനും. ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ചതിന് എല്ലാവർക്കും നന്ദി.’’ പൃഥ്വിരാജ് പറഞ്ഞു.
English Summary:
Prithviraj Sukumaran’s emotional speech about Mallika Sukumaran
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-indrajithsukumaran f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-02-19 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-02 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-02 mo-entertainment-movie-prithvirajsukumaran mo-entertainment-movie-mallikasukumaran 277ef88ecem25raa0m5gid3l0v 7rmhshc601rd4u1rlqhkve1umi-2024-02-19 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie