വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയില്ല
മ്യൂണിക്ക്: ഹമാസ്-ഇസ്രയേൽ വെടിനിർത്തലിനുള്ള ചർച്ചകളിൽ പുരോഗതിയില്ലെന്നു മധ്യസ്ഥശ്രമങ്ങളിൽ പങ്കാളിയായ ഖത്തർ. കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചകൾ പ്രതീക്ഷ നല്കുന്നതല്ലെന്നു ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ജർമനിയിലെ മ്യൂണിക്കിൽ നടക്കുന്ന സുരക്ഷാ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ചില രാജ്യങ്ങൾ ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ സാധ്യമല്ലെന്ന കടുംപിടിത്തത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിലാണ് വെടിനിർത്തൽ ചർച്ചകൾ നടക്കുന്നത്. യുഎസിലെയും ഇസ്രയേലിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ട്.
ഇതിനിടെ, അന്താരാഷ്ട്ര സമ്മർദത്തിനിടയിലും തെക്കൻ ഗാസയിൽ ജനം തിങ്ങിനിറഞ്ഞ റാഫാ നഗരത്തിലെ സൈനിക നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തലിന് ഹമാസ് ഭീകരർ വയ്ക്കുന്ന ഡിമാൻഡുകൾ വ്യാമോഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നവംബർ അവസാനം ഒരാഴ്ചത്തേയ്ക്കു വെടിനിർത്തിയിരുന്നു. ഹമാസ് ഭീകരരുടെ കസ്റ്റഡിയിൽനിന്ന് നൂറോളം ഇസ്രേലികൾ ഇക്കാലയളവിൽ മോചിതരാക്കപ്പെട്ടു.
Source link