അശ്വിൻ വന്നു വിക്കറ്റെടുത്തു

രാജ്കോട്ട്: അമ്മയുടെ ആരോഗ്യപ്രശ്നത്തെതുടർന്ന് അടിയന്തരമായി ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം രാത്രി ചെന്നൈയിലെ വീട്ടിലേക്ക് പോയ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ, നാലാം ദിനം ചായയ്ക്ക് മുന്പെ ടീമിനൊപ്പം ചേർന്നു. അശ്വിന് മൂന്നാം ദിവസം പൂർണമായും നഷ്ടമായിരുന്നു. തിരിച്ചെത്തിയ താരം ഒരു വിക്കറ്റെടുക്കുകയും ചെയ്തു. അശ്വിൻ തിരിച്ചെത്തി ടീമിനൊപ്പം ചേരുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലാത്ത സാഹചര്യത്തിലാണ് ഏവരെയും ഞെട്ടിച്ച് നാലാം ദിനം ചായയ്ക്കുശേഷം ഇന്ത്യ ഫീൽഡ് ചെയ്യാനിറങ്ങിയപ്പോൾ അദ്ദേഹം ടീം അംഗങ്ങൾക്കൊപ്പം ഗ്രൗണ്ടിലിറങ്ങിയത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിൽ ഏഴ് ഓവർ മാത്രമാണ് അശ്വിൻ പന്തെറിഞ്ഞത്. ഒരു വിക്കറ്റെടുത്ത അശ്വിൻ 500 ടെസ്റ്റ് ഇരകൾ എന്ന ചരിത്രനേട്ടം സ്വന്തമാക്കുകയും ചെയ്തു. ബിസിസിഐ ഒരുക്കിയ ചാർട്ടേഡ് ഫ്ലൈറ്റിലാണ് അശ്വിൻ തിരിച്ചെത്തിയത്. നാലാം ദിനം ഉച്ചയോടെ ടീമിനൊപ്പം ചേർന്ന അശ്വിൻ ചായയ്ക്ക് ടീം അംഗങ്ങൾ ഗ്രൗണ്ട് വിട്ടപ്പോൾ ഫീൽഡിംഗ് പരിശീലനത്തിനിറങ്ങി. ഒരു കളിക്കാരൻ കൃത്യമായ കാരണങ്ങളെത്തുടർന്നാണ് നീണ്ട നേരം കളത്തിൽനിന്നു മാറിനിന്നതെന്ന് വ്യക്തമായാൽ അന്പയർമാർക്ക് കളിക്കാരനെതിരേയുള്ള പെനാൽറ്റി ടൈം ഒഴിവാക്കാനാകും. അശ്വിന് ഈ ആനുകൂല്യം ലഭിച്ചു. നീണ്ട യാത്രയ്ക്കുശേഷം ഗ്രൗണ്ടിലിറങ്ങിയതിനാൽ വിശ്രമം നൽകാനായി ആദ്യ മണിക്കൂറുകളിൽ ക്യാപ്റ്റൻ രോഹിത് ശർമ അശ്വിനെ പന്തെറിയാൻ വിളിച്ചില്ല.
അശ്വിൻ പെട്ടെന്ന് ടീം വിട്ടതോടെ പകരമായി ദേവദത്ത് പടിക്കലാണ് ഇറങ്ങിയത്.ഫീൽഡ് ചെയ്യാൻ കഴിയുമെങ്കിലും ബാറ്റ് ചെയ്യാനോ ബൗൾ ചെയ്യാനോ കഴിയുമായിരുന്നില്ല. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് അനുവദിച്ചാൽ മാത്രമെ ദേവ്ദത്തിന് ബാറ്റ് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, യശസ്വി ജയ്സ്വാളും ശുഭ്മാൻ ഗില്ലും സർഫറാസ് ഖാനും തകർത്തടിച്ചതോടെ ആ ആവശ്യവും ഉണ്ടായില്ല. 28-ാം ഓവറിലാണ് അശ്വിൻ പന്തെറിയാനെത്തിയത്. 37-ാം ഓവറിന്റെ ആദ്യ പന്തിൽ ടോം ഹാർട്ട്ലിയെ ക്ലീൻബൗൾഡാക്കി അശ്വിൻ ഇന്ത്യയെ ജയത്തോടടുപ്പിക്കുകയും ചെയ്തു.
Source link