നാസർ ആശുപത്രിയുടെ പ്രവർത്തനം നിലച്ചു ;ഗാസയിൽ മരണം 28,985
കയ്റോ: ഗാസ ഖാൻ യൂനിസിൽ ഒരു മാസമായി ഇസ്രേലി സേനയുടെ ഉപരോധം നേരിടുന്ന നാസർ ആശുപത്രിയുടെ പ്രവർത്തനം നിലച്ചു. ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് ഗെബ്രെയേസൂസും ഗാസാ ആരോഗ്യവിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു. ആശുപത്രിയിൽ ഇരുനൂറു രോഗികളുണ്ടെന്നും ഇതിൽ 20 പേരെ അടിയന്തരമായി മറ്റ് ആശുപത്രികളിലേക്കു മാറ്റേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി അറിയിച്ചു. രണ്ടു ദിവസമായി ലോകാരോഗ്യ സംഘടനാ പ്രവർത്തകർ ആശുപത്രി വളപ്പിലെത്തിയെങ്കിലും ഉള്ളിലേക്കു കയറി സ്ഥിതിഗതികൾ വിലയിരുത്താൻ അനുമതി ലഭിച്ചില്ല. രോഗികളുടെ സ്ഥിതി വിലയിരുത്താൻ ഉടൻ അനുമതി നല്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആശുപത്രിയിൽ നാലു മെഡിക്കൽ ജീവനക്കാർ മാത്രമാണുള്ളതെന്നു ഗാസാ ആരോഗ്യ വിഭാഗവും പറഞ്ഞു. ഗാസയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രേലി സേന റെയ്ഡ് നടത്തിയിരുന്നു. ഇസ്രേലി സേന ആശുപത്രിയിലെ നാലാം നിലയിലേക്ക് ഷെല്ലാക്രമണം നടത്തിയതായി റെഡ് ക്രെസന്റ് പറഞ്ഞു. റെയ്ഡ് മൂലം ആശുപത്രിയിൽ വൈദ്യുതിയും ഓക്സിജനും നിലച്ച് മരണം സംഭവിച്ച രോഗികളുടെ എണ്ണം 11 ആയെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ, ഗാസയിലെ മരണസംഖ്യ 28,985 ആയതായി ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം 127 പേർകൂടി കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 68,883 ആണ്. എണ്ണം 68,883 ആണ്.
Source link