തായ്ലൻഡ് മുൻപ്രധാനമന്ത്രി താക്സിൻ ഷിനവത്ര മോചിതനായി
ബാങ്കോക്ക്: തായ്ലൻഡിലെ മുൻ പ്രധാനമന്ത്രി താക്സിൻ ഷിനവത്ര (74) മോചിതനായി. അഴിമതി, അധികാര ദുർവിനിയോഗ കുറ്റങ്ങളുടെ പേരിൽ എട്ടു വർഷം തടവുശിക്ഷ വിധിക്കപ്പെട്ട അദ്ദേഹം ഒരു രാത്രി പോലും ജയിലിൽ കഴിയാതെയാണ് മോചിതനായത്. പോലീസ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഷിനവത്രയുടെ പ്രായവും അനാരോഗ്യവും പരിഗണിച്ച് പരോൾ അനുവദിച്ചെന്നാണു സർക്കാർ അറിയിപ്പ്. ഷിനവത്രയുടെ പ്യു തായ് പാർട്ടിയാണ് അധികാരത്തിൽ. 2001ൽ തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിയായ താക്സിൻ 2006ൽ പട്ടാള അട്ടിമറിയിൽ പുറത്താക്കപ്പെടുകയായിരുന്നു. ശതകോടീശ്വരനായ താക്സിനു ശക്തമായ ജനപിന്തുണയുണ്ടായിരുന്നെങ്കിലും രാജകുടുംബത്തിന്റെയും പട്ടാളത്തിന്റെയും എതിർപ്പ് നേരിട്ടിരുന്നു. 2008ൽ തായ്ലൻഡിൽനിന്നു കടന്ന അദ്ദേഹം 15 വർഷം ലണ്ടനിലും ദുബായിലും പ്രവാസത്തിൽ കഴിഞ്ഞു. ഇതിനിടെ, കോടതി അദ്ദേഹത്തിന്റെ അഭാവത്തിൽ എട്ടു വർഷത്തെ തടവുശിക്ഷ വിധിച്ചു. കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പിൽ പ്യൂ തായ് പാർട്ടി അധികാരത്തിലേറിയതോടെയാണു തായ്ലൻഡിൽ മടങ്ങിയെത്തിയത്. ഓഗസ്റ്റിലെത്തിയ അദ്ദേഹത്ത അറസ്റ്റ് ചെയ്തു ജയിലിലാക്കി. ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റി. പിന്നാലെ അദ്ദേഹത്തിന്റെ ശിക്ഷ ഒരു വർഷമായി ഇളവു ചെയ്ത് രാജാവ് ഉത്തരവിറക്കുകയും ചെയ്തു.
പോലീസ് ആശുപത്രിയിൽനിന്ന് ഇന്നലെ മോചിതനായ താക്സിൻ ഷിനവത്ര ബാങ്കോക്കിലെ ആഡംബര വസതിയിൽ എത്തിച്ചേർന്നു. അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കു പദ്ധതിയില്ലെന്നാണു പ്രധാനമന്ത്രി സ്രെത്താ താവ്സിൻ അറിയിച്ചത്. എന്നാൽ, രാഷ്ട്രീയ ഉപദേശം നല്കാൻ ഷിനവത്രയ്ക്കു താത്പര്യമുണ്ടെങ്കിൽ കേൾക്കാൻ സർക്കാരിനു മടിയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. താക്സിന്റെ മോചനത്തിൽ പ്രതിഷേധവുമായി മൂവ് ഫോർവേഡ് പാർട്ടി രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ പാർട്ടിക്കായിരുന്നു ഭൂരിപക്ഷമെങ്കിലും സർക്കാർ രൂപീകരണത്തിന് അനുമതി നിഷേധിക്കപ്പെട്ടു.
Source link