മോസ്കോ: ജയിലിലിൽ ദുരൂഹമായി മരിച്ച പ്രതിപക്ഷനേതാവ് അലക്സി നവൽനിക്ക് ആദരമർപ്പിച്ചതിന്റെ പേരിൽ 401 പേർ റഷ്യയിൽ അറസ്റ്റിലായതായി റിപ്പോർട്ട്. സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിൽ ഇരുനൂറിലധികം പേരാണ് അറസ്റ്റിലായത്. നവൽനിയുടെ മരണത്തിൽ റഷ്യക്കകത്തും പുറത്തും വലിയ തോതിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്. രാഷ്ട്രീയ പീഡനം നേരിട്ടവരുടെ ഓർമയ്ക്കായുള്ള താത്കാലിക സ്മാരകങ്ങളിൽ പൂക്കളർപ്പിച്ചാണു റഷ്യൻ ജനത നവൽനിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്. അറസ്റ്റിലായവർക്ക് റഷ്യൻ കോടതികൾ ശിക്ഷയും വിധിക്കുന്നുണ്ട്. സെന്റ് പീറ്റേഴ്സ്ബർഗിൽ വെള്ളിയാഴ്ച അറസ്റ്റിലായവരിൽ 42 പേർക്ക് ഒന്ന് മുതൽ ആറു ദിവസം വരെ തടവുശിക്ഷ ലഭിച്ചു. മോസ്കോയിൽ ആറു പേർക്ക് 15 ദിവസത്തെ തടവുശിക്ഷ വിധിച്ചു.
റഷ്യൻ അധികൃതർ നവൽനിയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കാൻ തയാറായിട്ടില്ല. നവൽനിയുടെ അമ്മയും അഭിഭാഷകനും മൃതദേഹത്തിനായി സമീപിച്ചപ്പോൾ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അധികൃതർ പറഞ്ഞതെന്ന് നവൽനിയുടെ അനുയായികൾ അറിയിച്ചു. സൈബീരിയയിലെ ജയിലിൽ കഴിഞ്ഞിരുന്ന നവൽനി വെള്ളിയാഴ്ച നടത്തത്തിനുശേഷം കുഴഞ്ഞുവീണു മരിച്ചുവെന്നാണു റഷ്യൻ സർക്കാർ പറയുന്നത്.
Source link