ന്യൂയോർക്ക്: ബാങ്ക് വായ്പയ്ക്ക് ആസ്തിമൂല്യം പെരുപ്പിച്ചുകാട്ടിയെന്ന കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ന്യൂയോർക്ക് കോടതി 35.5 കോടി ഡോളർ പിഴ വിധിച്ചു. തട്ടിപ്പുവഴി ലഭിച്ച ലാഭത്തിന്റെ പലിശയും നല്കണം. രണ്ടുംകൂടി ചേരുന്പോൾ 45 കോടി ഡോളർ പിഴയാണ് ട്രംപ് നല്കേണ്ടിവരുക. ട്രംപിന്റെ മക്കളായ ഡോണൾഡ് ജൂണിയർ, എറിക് ട്രംപുമാർ 40 ലക്ഷം ഡോളർ വച്ചും പിഴ അടയ്ക്കണം. ട്രംപും മക്കളും ചേർന്ന് ബാങ്ക് വായ്പകൾക്കായി റിയൽ എസ്റ്റേറ്റ് ആസ്തി മൂല്യം പലമടങ്ങ് പെരുപ്പിച്ചു കാട്ടി കുറഞ്ഞ പലിശയ്ക്ക് വൻതുക വായ്പ സംഘടിപ്പിച്ചുവെന്നതാണ് കേസ്.
ഡോണൾഡ് ട്രംപിന് ന്യൂയോർക്ക് സംസ്ഥാനത്ത് കന്പനി ഡയറക്ടർ പദവി വഹിക്കുന്നതിനും ബാങ്ക് വായ്പ എടുക്കുന്നതിനും മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തി. ട്രംപിന്റെ മക്കൾക്ക് രണ്ടു വർഷത്തെ വിലക്കുണ്ട്. അതേസമയം ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ മാതൃകന്പനിയായ ‘ദ ട്രംപ് ഓർഗനൈസേഷന്റെ’ ബിസിനസ് ലൈസൻസ് റദ്ദാക്കാൻ കോടതി തയാറായില്ല. അതേസമയം, വിധി പ്രസ്താവിച്ച ജഡ്ജി വക്രബുദ്ധിക്കാരനാണെന്നും അപ്പീൽ പോകുമെന്നും ട്രംപ് പ്രതികരിച്ചു.
Source link