ഇൻസാറ്റ്–3ഡിഎസ് ഭ്രമണപഥത്തിൽ; കാലാവസ്ഥാ, സമുദ്ര നിരീക്ഷണത്തിന് പുതിയ ഉപഗ്രഹം

ഇൻസാറ്റ്–3ഡിഎസ് ഭ്രമണപഥത്തിൽ – ISRO launches new weather satellite INSAT 3DS atop GSLV F14 rocket | India News, Malayalam News | Manorama Online | Manorama News

ഇൻസാറ്റ്–3ഡിഎസ് ഭ്രമണപഥത്തിൽ; കാലാവസ്ഥാ, സമുദ്ര നിരീക്ഷണത്തിന് പുതിയ ഉപഗ്രഹം

ശ്രീഹരിക്കോട്ടയിൽ നിന്ന് ജെറിൻ ജോയ്

Published: February 18 , 2024 02:24 AM IST

1 minute Read

കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇൻസാറ്റ്–3ഡിഎസ് ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിച്ചപ്പോൾ. ചിത്രം: പിടിഐ

കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇൻസാറ്റ് ശ്രേണിയിലെ പുതിയ ഉപഗ്രഹമായ ഇൻസാറ്റ്–3ഡിഎസ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ജിഎസ്എൽവി–എഫ്14 റോക്കറ്റാണ് 2,274 കിലോ ഭാരമുള്ള ഉപഗ്രഹവുമായി കുതിച്ചുയർന്നത്. 19 മിനിറ്റിനുള്ളിൽ ഉപഗ്രഹം 253.53 കിലോമീറ്റർ അകലെയുള്ള താൽക്കാലിക ഭ്രമണപഥത്തിൽ (ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റ്) എത്തി. ഇൻസാറ്റ്–3ഡി, ഇൻസാറ്റ്–3ഡിആർ എന്നിവയുടെ തുടർച്ചയാണ് ഇൻസാറ്റ്–3ഡിഎസ്.
കാലാവസ്ഥാ, സമുദ്ര നിരീക്ഷണമാണ് ദൗത്യം. ഭൗമശാസ്ത്ര മന്ത്രാലയത്തിനു വേണ്ടിയാണ് ഐഎസ്ആർഒ ഉപഗ്രഹം വിക്ഷേപിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികൾക്ക് ഇതിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കാം. വിഎസ്എസ്‌സി പ്രോജക്ട് ഡയറക്ടറും തൊടുപുഴ സ്വദേശിയുമായ ടോമി ജോസഫായിരുന്നു മിഷൻ ഡയറക്ടർ. ഇംതിയാസ് അഹമ്മദ് സാറ്റലൈറ്റ് ഡയറക്ടറും. 

പുത്തൻ ഉപഗ്രഹമെത്തിയതോടെ ഇൻസാറ്റ്–3ഡി ഡീകമ്മിഷൻ ചെയ്ത് മറ്റൊരു പരീക്ഷണ ദൗത്യത്തിന് ഉപയോഗിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. ഗഗൻയാൻ പരീക്ഷണ ദൗത്യത്തിനുള്ള വിക്ഷേപണ വാഹനം തയാറായിക്കഴിഞ്ഞു. അതിന്റെ പലതരത്തിലുള്ള പരീക്ഷണ വിക്ഷേപണങ്ങൾ നടക്കും. ചന്ദ്രയാൻ–4 ദൗത്യത്തെക്കുറിച്ച് ചർച്ചകൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

‘13’ വീണ്ടും പുറത്ത്

ബഹിരാകാശ ഗവേഷണ രംഗത്തു കുതിപ്പു തുടരുമ്പോഴും ‘നിർഭാഗ്യ’ത്തിൽ ആശങ്കപ്പെട്ട് ഐഎസ്ആർഒ. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3 ഡിഎസ് വിക്ഷേപിക്കാൻ ഉപയോഗിച്ച ജിഎസ്എൽവി റോക്കറ്റിനു നൽകേണ്ട നമ്പറിൽ നിന്ന് ‘13’ ഒഴിവാക്കി. കഴിഞ്ഞ വർഷം മേയ് 29നു നടന്ന ജിഎസ്എൽവി ദൗത്യത്തിന് ജിഎസ്എൽവി എഫ്–12 എന്നായിരുന്നു പേര്. ഇത്തവണ ജിഎസ്എൽവി എഫ്–13 വരേണ്ട സ്ഥാനത്ത് ‘എഫ്–14’ എന്നാണ് ഉപയോഗിച്ചത്. പിഎസ്എൽവി റോക്കറ്റിന്റെ കാര്യത്തിലും ഐഎസ്ആർഒ ഇതേ ശൈലി പിന്തുടർന്നിരുന്നു. 13 ഒഴിവാക്കി പിഎസ്എൽവി സി–14 എന്നാണ് പേരു നൽകിയത്. 13 ഒഴിവാക്കാനുള്ള കാരണത്തെപ്പറ്റി ഔദ്യോഗിക വിശദീകരണമില്ല. അപ്പോളോ-13 ദൗത്യം പരാജയപ്പെട്ടതിനെത്തുടർന്ന്, നാസയും ‘13’ ഒഴിവാക്കിയിരുന്നു.

English Summary:
ISRO launches new weather satellite INSAT 3DS atop GSLV F14 rocket

40oksopiu7f7i7uq42v99dodk2-2024-02 mo-environment-weather-forecast 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-02-17 mo-space-isro 6anghk02mm1j22f2n7qqlnnbk8-2024-02-17 mo-news-common-malayalamnews mo-environment-weather 4q997fadcamrkockpsq3ljqnsg mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version