വിഴിയനഗരം (ആന്ധ്രപ്രദേശ്): രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രപ്രദേശിനെതിരേ കേരളം ലീഡിലേക്ക്. എലൈറ്റ് ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ രണ്ടാം ദിവസം കളി നിർത്തുന്പോൾ കേരളം മൂന്നു വിക്കറ്റിന് 258 റണ്‍സ് എന്ന നിലയിലാണ്. അർധ സെഞ്ചുറികളുമായി നായകൻ സച്ചിൻ ബേബിയും (87), അക്ഷയ് ചന്ദ്രനുമാണ് (57) ക്രീസിൽ. 14 റണ്‍സ് കൂടി നേടിക്കഴിഞ്ഞാൽ കേരളത്തിന് ആന്ധ്രയുടെ സ്കോറിനൊപ്പമെത്താം. ആന്ധ്ര ഒന്നാം ഇന്നിംഗ്സിൽ 272 റണ്‍സിന് പുറത്തായി. ഏഴു വിക്കറ്റിന് 260 റണ്‍സുമായി രണ്ടാം ദിവസം തുടങ്ങിയ ആന്ധ്രയ്ക്ക് 12 റണ്‍സ് ചേർത്തപ്പോൾ ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമായി. ബേസിൽ തന്പി നാലും വൈശാഖ് ചന്ദ്രൻ രണ്ടും വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച കേരളത്തിനായി രോഹൻ കുന്നുമ്മലും ജലജ് സക്സേനയുമാണ് ഓപ്പണ്‍ ചെയ്തത്. സ്കോർ ബോർഡിൽ എട്ട് റണ്‍സുള്ളപ്പോൾ സക്സേനയെ (4) നഷ്ടമായി. പിന്നീട് രോഹനും കൃഷ്ണ പ്രസാദും (43) ചേർന്നുള്ള 86 റണ്‍സ് കൂട്ടുകെട്ട് കേരളത്തെ മുന്നോട്ടു നയിച്ചു. വൈകാതെതന്നെ രോഹനും (61) പുറത്തായി. പിന്നാലെ ഒന്നിച്ച സച്ചിനും അക്ഷയ് ചന്ദ്രനും ചേർന്ന് കേരളത്തെ മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു.
Source link