കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കോൽക്കത്തൻ വന്പന്മാരായ മോഹൻ ബഗാന്റെ മുന്നേറ്റം. ഹോം മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് 4-2ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ തകർത്തു. ആറാം മിനിറ്റിൽ പിന്നിലായശേഷമായിരുന്നു മോഹൻ ബഗാന്റെ തിരിച്ചുവരവ് ജയം. ടോമി ജൂറിക്കിന്റെ (6’) ഗോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡ് നേടി. എന്നാൽ, ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ രണ്ട് ഗോൾ നേടി മോഹൻ ബഗാൻ ലീഡ് എടുത്തു. 45+1-ാം മിനിറ്റിൽ ലിസ്റ്റണ്‍ കൊളാക്കോയും 45+4-ാം മിനിറ്റിൽ ജേസണ്‍ കമ്മിംഗ്സുമായിരുന്നു ബഗാനുവേണ്ടി ഗോൾ നേടിയത്. ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയപ്പോൾ നോർത്ത് ഈസ്റ്റ് സമനിലയിൽ. 50-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ടോണി ജൂറിക്കാണ് നോർത്ത് ഈസ്റ്റിലെ ഒപ്പമെത്തിച്ചത്. എന്നാൽ, ദിമിത്രിയോസ് പെട്രാറ്റോസിന്റെ (53’) ഗോളിൽ ബഗാൻ വീണ്ടും ലീഡിൽ. 57-ാം മിനിറ്റിൽ മലയാളി മധ്യനിര താരം സഹൽ അബ്ദുൾ സമദും ഗോൾ നേടിയതോടെ ബഗാൻ ജയം ഉറപ്പിച്ചു.
ജയത്തോടെ 14 മത്സരങ്ങളിൽനിന്ന് 29 പോയിന്റുമായി മോഹൻ ബഗാൻ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. 15 മത്സരങ്ങളിൽ 31 പോയിന്റുമായി ഒഡീഷ എഫ്സിയാണ് ഒന്നാം സ്ഥാനത്ത്. 13 മത്സരങ്ങളിൽ 28 പോയിന്റുള്ള എഫ് സിഗോവ മൂന്നാമതും 15 മത്സരങ്ങളിൽ 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് നാലാമതുമുണ്ട്.
Source link