അമ്മയുടെ മകൻ
രാജ്കോട്ട്: ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ പിന്മാറി. ആരോഗ്യപരമായ പ്രശ്നത്തെത്തുടർന്ന് അശ്വിന്റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വെള്ളിയാഴ്ച രാത്രിയിൽ അശ്വിൻ രാജ്കോട്ടിൽനിന്ന് നാട്ടിലേക്ക് മടങ്ങി. രാത്രി 11 മണിക്കാണ് ബിസിസിഐ അശ്വിൻ ടീമിൽനിന്ന് പിന്മാറിയ കാര്യം അറിയിച്ചത്. ഇന്ത്യ x ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാംദിനം രാത്രിയിലായിരുന്നു അശ്വിന്റെ പിന്മാറ്റം. കുടുംബത്തിലുണ്ടായ മെഡിക്കൽ അത്യാഹിതത്തെത്തുടർന്ന് അശ്വിൻ മത്സരത്തിൽനിന്ന് പിന്മാറിയതായും അദ്ദേഹത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നതായും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. “അശ്വിനും കുടുംബത്തിനും എല്ലാ പിന്തുണയും അറിയിക്കുന്നു. താരങ്ങളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ഈ പ്രതിസന്ധിക്കാലത്ത് അശ്വിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ ബിസിസിഐ മാനിക്കുന്നു. അശ്വിന് എല്ലാവിധ സഹായങ്ങളും ഒരുക്കാൻ ബോർഡ് സജ്ജമാണ്. അശ്വിന്റെ സാഹചര്യം ആരാധകരും മാധ്യമങ്ങളും മനസിലാക്കും എന്ന് കരുതുന്നു”- അശ്വിൻ രാജ്കോട്ട് ടെസ്റ്റിലെ അവശേഷിക്കുന്ന ദിനങ്ങൾ കളിക്കില്ല എന്ന് അറിയിച്ചുകൊണ്ടുള്ള ബിസിസിഐ അറിയിച്ചു. കളിക്കാൻ പത്തുപേർ അശ്വിൻ പിന്മാറിയതോടെ രാജ്കോട്ട് ടെസ്റ്റിൽ ടീം ഇന്ത്യ പത്തുപേരായി ചുരുങ്ങി. ഫീൽഡ് ചെയ്യാൻ പതിനൊന്ന് പേരുണ്ടാകും. ദേവദത്ത് പടിക്കലാണ് പകരക്കാനായി ഫീൽഡിൽ എത്തുക. നിയമം ഇപ്രകാരം ഏതെങ്കിലും കളിക്കാരന് കളിക്കാനാവത്ത വിധത്തിലുള്ള പരിക്കോ കോവിഡ് ബാധയോ സംഭവിച്ചാൽ മാത്രമേ സബ്സ്റ്റിറ്റ്യൂട്ടിന് അനുവദിക്കൂ എന്നാണ് ഐസിസി ചട്ടം. പരിക്കുകളില്ലാതെതന്നെ കളിക്കാരൻ പിന്മാറുന്നതിനാൽ ഇന്ത്യക്ക് പകരക്കാരനില്ലാതെ കളിക്കേണ്ടിവരും. കാരണം, സബ്സ്റ്റിറ്റ്യൂഷൻ നിയമ പ്രകാരം ഒരാൾ പരിക്കിനെ തുടർന്നല്ലാതെ പാതിവഴിയിൽ ടീം വിട്ടാൽ പകരക്കാരനെ പരിഗണിക്കാനാവില്ല. ഫീൽഡിംഗിന് മാത്രമാണ് പകരം ആളെ ഇറക്കാനാവുക. പകരക്കാരനായി ഇറങ്ങുന്നയാൾക്ക് ബാറ്റ് ചെയ്യാനോ പന്തെറിയാനോ സാധിക്കില്ല. എതിർ ടീമിന്റെ ക്യാപ്റ്റന്റെ അനുമതിയോടെയേ ടീമിന് പകരക്കാരനെ ഇറക്കാനാകൂ. ഇങ്ങനെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ അനുമതിയോടെ ദേവ്ദത്ത് പടിക്കൽ പകരമിറങ്ങിയത്.
എംസിസി നിയമത്തിലെ 24.1ൽ പറയുന്നതനുസരിച്ച് ‘ഒരു കളിക്കാരന് പരിക്കേൽക്കുകയോ അത്യാവശ്യമായി മത്സരത്തിനിടയിൽ നിന്ന് വിട്ടുനിൽക്കേണ്ടിയോ വരുന്പോഴാണ് അന്പയർക്ക് സബ്സ്റ്റിറ്റ്യൂഷൻ കളിക്കാരനെ പരിഗണിക്കാൻ സാധിക്കുക. അല്ലാത്ത സാഹചര്യത്തിൽ സബ്സ്റ്റിറ്റ്യൂഷനെ അനുവദിക്കുന്നതല്ല. സബ്സ്റ്റിറ്റ്യൂഷനായി ഇറങ്ങുന്ന താരത്തിന് നായകനാവാനോ ബാറ്റ് ചെയ്യാനോ പന്തെറിയാനോ സാധിക്കില്ല.’ എന്നാൽ അന്പയറുടെ അനുമതിയോടെ വിക്കറ്റ് കീപ്പറാകാം. സ്പിന്നറാക്കിയത് അമ്മ അശ്വിനോട് സ്പിൻ ബൗൾ ചെയ്യാൻ പറഞ്ഞത് അമ്മ ചിത്രയാണെന്നു വെളിപ്പെടുത്തി താരത്തിന്റെ പിതാവ് രവിചന്ദ്രൻ. ഈ നീക്കമാണ് അശ്വിന്റെ കരിയറിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റായതെന്ന് അദ്ദേഹം പറഞ്ഞു. മീഡിയം പേസറായാണ് അശ്വിൻ തുടങ്ങിയത്. ഇതുമൂലം അവന് ശ്വാസംമുട്ടലും മുട്ടിനു പ്രശ്നങ്ങളുമുണ്ടായി. പേസറായുള്ള ഓട്ടം വലിയ വെല്ലുവിളിയായിരുന്നു. ഒരിക്കൽ അമ്മ അശ്വിനോട് പറഞ്ഞു “നീ എന്തിനാണ് കൂടുതൽ ഓടുന്നത്. കുറച്ച് ചുവടു മാത്രം വച്ച് സപിൻ ബൗൾ ചെയ്യൂ”. ഇതോടെയാണ് അശ്വിൻ പേസ് വിട്ട് സ്പിന്നിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. രാജ്കോട്ട് ടെസ്റ്റിന്റെ രണ്ടാം ദിവസം ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രൗളിയുടെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് അശ്വിൻ 500 വിക്കറ്റ് തികച്ചത്. ഈ നേട്ടം അച്ഛനു സമർപ്പിക്കുന്നുവെന്നാണ് അശ്വിൻ പറഞ്ഞത്.
Source link