22 മുതൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ല: കടുത്ത നിലപാടുമായി ഫിയോക്

ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിർമാതാക്കളുടെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷമേ ഒടിടിയില്‍ നൽകൂ എന്ന ധാരണ നിർമാതാക്കൾ ലംഘിക്കുന്നുവെന്നും ആ കാലാവധിക്കു മുൻപ് സിനിമകൾ ഒടിടിയിൽ നൽകുന്നുവെന്നുമാണ് തിയറ്റര്‍ ഉടമകൾ ഉന്നയിക്കുന്ന പ്രധാന പരാതി. ബുധനാഴ്ചയ്ക്കകം ഈ പ്രശ്നത്തിനു പരിഹാരമായില്ലെങ്കിൽ മലയാള ചിത്രങ്ങളുടെ റിലീസ് നിർത്തിവയ്ക്കാനാണ് ഫിയോക്കിന്റെ തീരുമാനം.

സിനിമ തിയറ്ററുകളിൽ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, കരാർ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സിനിമകൾ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഫിയോക് നിർമാതാക്കൾക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ ഇതിനോട് നിർമാതാക്കൾ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് വിജയകുമാർ പറഞ്ഞു.

മഞ്ഞുമ്മേൽ ബോയ്സ് എന്ന ചിത്രമാണ് ഫെബ്രുവരി 22ന് റിലീസിനു തയാറെടുക്കുന്നത്. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

English Summary:
FEOUK will not release malayalam movies from February 22nd


Source link
Exit mobile version