നിർമാതാവും സംവിധായകനും ഇരട്ടകൾ; സിനിമ ഹിറ്റടിച്ചതിനു പിന്നാലെ പിറന്നാളും

നിർമാതാവും സംവിധായകനും ഇരട്ടകൾ; സിനിമ ഹിറ്റടിച്ചതിനു പിന്നാലെ പിറന്നാളും | Anweshippin Kandethum Movie
നിർമാതാവും സംവിധായകനും ഇരട്ടകൾ; സിനിമ ഹിറ്റടിച്ചതിനു പിന്നാലെ പിറന്നാളും
മനോരമ ലേഖകൻ
Published: February 17 , 2024 12:34 PM IST
2 minute Read
ഡാർവിൻ കുര്യാക്കോസും ഡോൾവിനും
ഇരട്ടകള്‍ ചേർന്ന് ഒരു സിനിമയുടെ നിർമാണവും സംവിധാനവും നിർവ്വഹിക്കുക. ആ സിനിമ വൻ വിജയമായി നിറഞ്ഞ സദസ്സിൽ തിയറ്ററുകളിൽ പ്രേക്ഷകർ ഏറ്റെടുക്കുക. അതിനിടയിൽ ഇരട്ടി മധുരമായി പിറന്നാളും. മലയാളത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളാണിത്. പറഞ്ഞുവരുന്നത് ടൊവിനോ തോമസ് നായകനായെത്തിയ പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയുടെ നിര്‍മാതാവിനെയും സംവിധായകനെയും കുറിച്ചാണ്. സിനിമയുടെ സംവിധായകൻ ഡാർവിനും നിർമാതാവായ ഡോൾവിനും ഇരട്ടകളാണ്. ഒരു സിനിമയുടെ സംവിധായകനും നിർമാതാവും ഇരട്ടകളാകുന്നത് മലയാളത്തിൽ ഇതാദ്യമാണ്.
ഫെബ്രുവരി ഒൻപതിനായിരുന്നു അന്വേഷിപ്പിന്‍ കണ്ടെത്തും റിലീസിനെത്തുന്നത്. നിറഞ്ഞ സദസ്സോടെ ചിത്രം പ്രദർശനം തുടരുന്നതിനിടെ ഫെബ്രുവരി 17ന് ഇവർ പിറന്നാളും ആഘോഷിക്കുന്നു. സിനിമയുടെ വൻ വിജയത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഈ പിറന്നാളിന് അതുകൊണ്ടുതന്നെ ഇരട്ടി മധുരമാണ്.
Read Also: ‘രണ്ടുപേരുടേയും മുഖത്ത് നോക്കി സംസാരിച്ച് ടൊവിനോ ആ പ്രശ്നം പരിഹരിച്ചു’ഡാര്‍വിൻ കുര്യാക്കോസിന്റെ ആദ്യ സംവിധാന സംരംഭമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ജിനു വി. ഏബ്രഹാം, ജോണി ആന്‍റണി തുടങ്ങിയവരോടൊപ്പം ഒട്ടേറെ സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ഡാർവിൻ സംവിധാനത്തിലേക്ക് തിരിഞ്ഞത്. തന്‍റെ ആദ്യ സ്വതന്ത്രസംവിധാന സംരംഭം സ്വന്തം സഹോദരൻ തന്നെ നിർമിക്കാൻ ഇടയായതിനെ കുറിച്ച് ഡാർവിൻ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:
‘‘ഇരട്ടകളായതിനാൽ എന്നെയും ഡോൾവിനേയും സംബന്ധിച്ച് എല്ലാ കാര്യങ്ങളിലും ഉള്ള ടേസ്റ്റ് ഒരുപോലെയാണെന്ന് പറയാൻ പറ്റില്ല. കോമണായി ചില കാര്യങ്ങളൽ ടേസ്റ്റ് ഒരേ പോലെയായിരിക്കാം. ചെറുപ്പം മുതൽ ഞാനും അവനും ഒന്നിച്ചാണല്ലോ എല്ലാ കാര്യങ്ങളും അനുഭവിച്ചു വന്നത്. മാതാപിതാക്കൾ ഞങ്ങളെ വീട്ടിൽ നിന്ന് കൊണ്ടുപോയി കാണിക്കുന്ന സിനിമകള്‍ വരെ ഒന്നായിരുന്നു. അതിനാൽ തന്നെ ടേസ്റ്റ് ചില കാര്യങ്ങളിൽ ഒന്നിച്ചുവരും, ചില കാര്യങ്ങളിൽ രണ്ടായിരിക്കും. പക്ഷേ സിനിമയുടെ കാര്യത്തിൽ ഞങ്ങൾക്ക് ഒരേ ടേസ്റ്റാണ്. ചിലപ്പോള്‍ അത് ചെറുപ്പം മുതൽ കണ്ടുവന്ന സിനിമകള്‍ ഒന്നായത് കൊണ്ടാകാം.
എനിക്ക് സംവിധായകനാകണമെന്ന ആഗ്രഹം ഉള്ളിൽ വരുന്നതിന് മുമ്പേ തന്നെ ഡോൾവിന് സിനിമ വലിയ ഇഷ്ടമായിരുന്നു. ഡോള്‍വിൻ പ്രൊഡക്‌ഷനിലേക്ക് വന്നത് എനിക്ക് ഡയറക്ടറാകാൻ വേണ്ടിയല്ല. ഇരുവര്‍ക്കും സിനിമ ഇഷ്ടമാണ്. സഹകരിച്ച് പോകണമെന്ന ആഗ്രഹത്തിൽ ഞങ്ങള്‍ ഒരുമിച്ചൊരു സിനിമയൊരുക്കുകയായിരുന്നു. ഞങ്ങള്‍ക്ക് സിനിമ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അസിസ്റ്റന്‍റ് ഡയറക്ടറാകാൻ ജോണി സാറിനടുത്ത് വന്നതായിരുന്നു ആ സമയത്തെ ഏക സിനിമാ ബന്ധം. സിനിമയിൽ വന്ന ശേഷം നിരവധി സൗഹൃദങ്ങള്‍ ഉണ്ട്. തിയറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ഫെഫ്ക റൈറ്റേഴ്സ് യൂണിയനോടൊപ്പം ചേർന്ന് ഡോൾവിൻ ‘കാപ്പ’ നിർമിച്ച ശേഷം ഒട്ടേറെ ബന്ധങ്ങള്‍ സിനിമാലോകത്ത് ഞങ്ങള്‍ക്കുണ്ടായി. ഒടുവിൽ ഇപ്പോൾ ‘അന്വേഷിപ്പിൻ കണ്ടെത്തും’ വരെ ഞങ്ങളുടെ യാത്ര എത്തി നിൽക്കുന്നു.’’
ഡാർവിൻ കൊണ്ട വെയിലും മഴയുമാണ് സിനിമയിൽ തന്‍റെ തണൽ എന്ന് പറയാനാണ് തനിക്ക് ഇഷ്ടമെന്ന് ഡോൾവിൻ പറയുന്നു. ‘‘ആദ്യം സിനിമയുമായി ബന്ധമുണ്ടായത് ഡാർവിൻ ആയിരുന്നു. അതിനു ശേഷമാണ് ഞാൻ സിനിമയുടെ ഭാഗമായി എത്തിയത്. അന്വേഷിപ്പിൻ കണ്ടെത്തും മികച്ച വിജയം നേടി മുന്നേറുമ്പോൾ പറഞ്ഞ ബജറ്റിലും കുറവ് മാത്രം ചിലവഴിച്ച് സിനിമയൊരുക്കിയ ഡാർവിൻ എന്ന സംവിധായകന്‍റെ കൂടി വിജയമെന്ന് പറയാം. ഇതുവരെ ചിത്രം കേരള ബോക്സ്ഓഫിസിൽ നിന്ന് 12 കോടിക്ക് മുകളിൽ കലക്ട് ചെയ്ത് കഴിഞ്ഞു. ഗ്ലോബൽ കലക്‌ഷൻ കൂടി ചേരുമ്പോൾ അത് 18 കോടി കടക്കും. ഒടിടി റൈറ്റ്സും മറ്റുമൊക്കെ ഇതിന് പുറമെ വരും, ഞങ്ങളൊരുമിച്ച ആദ്യ സിനിമ ഇത്ര വലിയൊരു വിജയം നേടിയതിനാൽ തന്നെ ഈ പിറന്നാളിന് ഇരട്ടി മധുരമുണ്ട്.’’
തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. ഏബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി. ഏബ്രാഹാമാണ്.
English Summary:
Anweshippin Kandethum Movie Director and Producer
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-02-17 f3uk329jlig71d4nk9o6qq7b4-2024 mo-entertainment-movie-tovinothomas 7rmhshc601rd4u1rlqhkve1umi-2024 mo-entertainment-titles0-anweshippinkandethum 7rmhshc601rd4u1rlqhkve1umi-2024-02 6mrdv2qtgi6be9ubh8h3eda4in mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-02-17 f3uk329jlig71d4nk9o6qq7b4-2024-02 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link