ബെൻ ഡക്കറ്റിന്റെ ആക്രമണത്തിൽ പകച്ച് ഇന്ത്യ

രാജ്കോട്ട്: ആർ. അശ്വിന്റെ 500 വിക്കറ്റ് മാത്രമാണ് രാജ്കോട്ട് ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യക്കുള്ള ഏക ആശ്വാസം. ബാസ്ബോൾ ക്രിക്കറ്റിന്റെ ചൂട് ഇന്ത്യൻ ബൗളർമാർ അറിഞ്ഞപ്പോൾ ഇംഗ്ലണ്ട് രണ്ടാംദിനം അവസാനിപ്പിച്ചത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 207 റണ്‍സ് എന്ന ശക്തമായ നിലയിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 445ൽ അവസാനിച്ചിരുന്നു. രണ്ടാംദിനം അവസാനിച്ചപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലേക്ക് 238 റണ്‍സിന്റെ മാത്രം പിന്നിലാണ് ഇംഗ്ലണ്ട്. ഡക്കറ്റ് സെഞ്ചുറി ഇന്ത്യയിൽ വേഗത്തിൽ ടെസ്റ്റ് സെഞ്ചുറി നേടിയവരിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയായിരുന്നു ഇംഗ്ലീഷ് ഓപ്പണർ ബെൻ ഡക്കറ്റിന്റെ ബാസ്ബോൾ ഇന്നിംഗ്സ്. ബൗളർമാരെ കടന്നാക്രമിക്കുന്ന ബാസ്ബോൾ ക്രിക്കറ്റിന്റെ മനോഹര ഇന്നിംഗ്സായിരുന്നു ബെൻ ഡക്കറ്റ് കാഴ്ചവച്ചത്. 39 പന്തിൽ 50 കടന്ന ഇംഗ്ലീഷ് ഓപ്പണർ 88-ാം പന്തിൽ സെഞ്ചുറി തികച്ചു. ടെസ്റ്റിൽ ഇംഗ്ലീഷ് ഓപ്പണറുടെ വേഗമേറിയ സെഞ്ചുറിയിൽ സാക്ക് ക്രൗളിയുടെ (86 പന്ത്) റിക്കാർഡിന് അരികിൽവരെ ഡക്കറ്റ് എത്തി. ഓസ്ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റ് (84 പന്തിൽ, 2001ൽ), വെസ്റ്റ് ഇൻഡീസിന്റെ ക്ലൈവ് ലോയ്ഡ് (85 പന്തിൽ, 1974ൽ) എന്നിവരാണ് ഇന്ത്യയിൽ അതിവേഗ ടെസ്റ്റ് സെഞ്ചുറി നേടിയ സന്ദർശക ബാറ്റർമാർ. സാക്ക് ക്രൗളിയെ (15) പുറത്താക്കിയായിരുന്നു അശ്വിൻ 500 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിൽ എത്തിയത്. ക്രൗളി – ഡക്കറ്റ് ഓപ്പണിംഗ് വിക്കറ്റിൽ 84ഉം ഒല്ലി പോപ്പ് – ഡക്കറ്റ് രണ്ടാം വിക്കറ്റിൽ 93 റണ്‍സും പിറന്നു. പോപ്പിനെ (39) മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നിൽ കുടുക്കി. ഡിആർഎസിലൂടെയായിരുന്നു ഈ ബ്രേക്ക് ത്രൂ ഇന്ത്യ നേടിയത്. രണ്ടാംദിനം അവസാനിക്കുന്പോൾ 118 പന്തിൽ രണ്ട് സിക്സും 21 ഫോറും അടക്കം 133 റണ്‍സുമായി ബെൻ ഡക്കറ്റ് ക്രീസിൽ തുടരുന്നു. 13 പന്തിൽ ഒന്‍പത് റണ്‍സുമായി ജോ റൂട്ടാണ് കൂടെയുള്ളത്.
ജുറെലിന്റെ റിക്കാർഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 എന്നനിലയിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ എത്തിയതോടെയാണ് രണ്ടാംദിന മത്സരം ആരംഭിച്ചത്. 110 റണ്‍സുമായി രവീന്ദ്ര ജഡേജയും ഒരു റണ്ണുമായി കുൽദീപ് യാദവുമായിരുന്നു ക്രീസിൽ. ജഡേജ 112നും കുൽദീപ് നാലിനും പുറത്ത്. തുടർന്ന് അരങ്ങേറ്റക്കാരൻ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലിന്റെ ഉൗഴം. 104 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 46 റണ്‍സ് ജുറെൽ നേടി. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറിന്റെ അരങ്ങേറ്റ ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന രണ്ടാമത് സ്കോറാണിത്. 1934ൽ ദിലാവർ ഹുസൈൻ 59 റണ്‍സ് നേടിയതാണ് റിക്കാർഡ്. ആർ. അശ്വിനും (37) ജുറെലും ചേർന്ന് എട്ടാം വിക്കറ്റിൽ 77 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പത്താം വിക്കറ്റിൽ ജസ്പ്രീത് ബുംറയും (26) മുഹമ്മദ് സിറാജും (മൂന്ന് നോട്ടൗട്ട്) 30 റണ്‍സും സ്വന്തമാക്കി. അതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 445ൽ എത്തി. ഇന്ത്യക്ക് 5 റണ്‍സ് ഫൈൻ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിനിടെ ആർ. അശ്വിൻ പിച്ചിന്റെ മധ്യത്തിലൂടെ ഓടിയതിന് അന്പയർ ജോയൽ വിൽസണ്‍ അഞ്ച് റണ്‍സ് ഫൈൻ ഏർപ്പെടുത്തി. ഇന്ത്യൻ ഇന്നിംഗ്സിലെ 102-ാം ഓവറിലായിരുന്നു അത്. ആദ്യദിനം രവീന്ദ്ര ജഡേജ പിച്ചിന്റെ മധ്യത്തിലൂടെ ഓടിയതിന് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് ആരംഭിക്കുന്നതിനു മുന്‍പുതന്നെ അഞ്ച് റണ്‍സ് സ്കോർബോർഡിൽ എത്തി.
Source link