ASTROLOGY

പെരുമാൾ ആയി അനുഗ്രഹം നൽകുന്ന തൊടീക്കളം മഹാശിവ ക്ഷേത്രം


കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ കണ്ണവത്ത് നിന്നും രണ്ട് കിലോമീറ്റർ മാറിയാണ് തൊടീക്കളം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ടായിരം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ ശിവൻ പെരുമാൾ എന്നറിയപ്പെടുന്ന മൃത്യുഞ്ജയേശ്വരനാണ്. രണ്ട് നിലകളിലായുള്ള ചതുര ശ്രീകോവിൽ ചെമ്പു മേഞ്ഞതാണ്. പുറത്തെ വലിയ ബലിക്കൽ എല്ലാവരുടെയും ശ്രദ്ധ നേടുന്നതാണ്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇടതുവശത്തായി ഒരു ബുദ്ധ വിഗ്രഹം കാണാം. വിദേശികളടക്കം ധാരാളം ഭക്തജനങ്ങൾ ഇവിടെ സന്ദർശിക്കാറുണ്ട്.
പരമശിവൻ നൃത്തം ചെയ്ത ചുടലക്കളം ലോപിച്ച് തൊടീക്കളമായി മാറിയെന്നാണ് വിശ്വാസം. ഗണപതി, ധർമ്മ ശാസ്താവ്, നാഗങ്ങൾ, ബ്രഹ്മരക്ഷസ് എന്നിവയാണ് ഇവിടുത്തെ ഉപദേവതമാർ. ഏത് ആഗ്രഹവും സഫലമാകാൻ ഇവിടെ രുദ്രാഭിഷേകം നടത്തിയാൽ മതിയെന്നാണ് വിശ്വാസം. വളരെ വിശേഷമാണ് ഇവിടുത്തെ മൃത്യുഞ്ജയ ഹോമം. ഇവിടെ വന്ന് പ്രാർത്ഥിക്കുകയും മൃത്യുഞ്ജയ ഹോമം നടത്തുകയും ചെയ്താൽ ഏത് വലിയ രോഗത്തിൽ നിന്ന് മോചനം ലഭിച്ച് ദീർഘായുസ്സ് ലഭിക്കുമെന്നാണ് വിശ്വാസം .ഇവിടുത്തെ പ്രധാന വഴിപാടുകൾ രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, ശങ്കാഭിഷേകം, നെയ് വിളക്ക്, പുഷ്പാഞ്ജലി, സർപ്പബലി, ധാര, പിൻവിളക്ക് എന്നിവയാണ്.

ചുവർ ‍ചിത്രകലയിലും പ്രശസ്തമാണ് തൊടീക്കളം ശിവക്ഷേത്രം, ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

ചുവർ ‍ചിത്രകലയിലും പ്രശസ്തമാണ് ഈ ക്ഷേത്രം. കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ്. ചിത്രങ്ങളിൽ ഭൂരിഭാഗവും ശിവന്റെയും വിഷ്ണുവിന്റെയും പുരാണങ്ങളുമായി ബന്ധപ്പെട്ടവയാണ്. അനവധി കൽപ്പടവുകൾ ഉള്ള ഒരു കുളം ക്ഷേത്രത്തിനു സമീപത്തായി കാണാം.

പഴശ്ശിരാജയുടെ കുടുംബവുമായി ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്‌. കോട്ടയം സ്വരൂപത്തിന്റേതായിരുന്നു ഈ ക്ഷേത്രം. ബ്രിട്ടിഷുകാരുമായുള്ള യുദ്ധത്തിൽ കേരള വർമ്മ പഴശ്ശിരാജയുടെ അഭയകേന്ദ്രമായിരുന്നു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മാടത്തിൽ വളപ്പിലെ നായർ തറവാട്. ബ്രിട്ടിഷുകാർ തകർത്ത കൊടിമരം, ഗോപുരം, കുളിപ്പുര, ചുറ്റമ്പല ഭാഗങ്ങൾ എന്നിവ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. മതിൽക്കെട്ടുകളെല്ലാം തന്നെ ചെങ്കല്ലിൽ തീർത്തതാണ്.

ഐതിഹ്യമനുസരിച്ച് വർഷങ്ങൾക്ക് മുമ്പ്, തഞ്ചാവൂരുള്ള ഒരു ബ്രാഹ്മണന്റെ മകൻ 16 വയസ്സിൽ മരിക്കുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചു പരിഹാരമായി രക്ഷിതാക്കൾ അവന്റെ ദീർഘായുസ്സിനായി തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് വൈദ്യനാഥ ക്ഷേത്രത്തിൽ ഭജന തുടങ്ങി. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ, തൊടീക്കളം ശിവക്ഷേത്രത്തിൽ അഭയം പ്രാപിക്കണമെന്ന് അയാൾ സ്വപ്നം കാണ്ടു. കുടുംബം സ്വപ്നത്തിലെ നിർദ്ദേശങ്ങൾ പാലിച്ച് ക്ഷേത്രത്തിലേക്ക് എത്തി. പിന്നീട് ക്ഷേത്രത്തിനടുത്തുള്ള കുന്നിൽ നിന്ന് ഒരു വലിയ പാമ്പ് കുട്ടിയുടെ അടുത്തെത്തി അവൻ ഭയന്നു ശ്രീ കോവിലേക്ക് ഓടിച്ചെന്ന് വിഗ്രഹത്തെ ആലിംഗനം ചെയ്തു. ശിവലിംഗത്തിന്റെ ചുവട്ടിലെ ദ്വാരത്തിൽ നിന്നും ഒരു ചെറിയ പാമ്പ് പുറത്തുവന്ന് വലിയ പാമ്പിനെ കൊന്നു.

രണ്ട് നിലകളിലായുള്ള ചതുര ശ്രീകോവിൽ ചെമ്പു മേഞ്ഞതാണ്. ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

ബാലന്റെ മാതാപിതാക്കൾ ചെറിയ പാമ്പിനെ പിന്തുടർന്നു. എന്നാൽ അത് ഒരു പുറ്റിൽ പ്രവേശിച്ച് മറഞ്ഞു. ആ ബ്രാഹ്മണൻ പിന്നീട് ചുറ്റുമുള്ള സ്ഥലങ്ങൾ വാങ്ങി ക്ഷേത്രത്തിന് സമർപ്പിച്ചുവെന്നും ആ കുടുംബം ഇവിടെ തന്നെ പിന്നീട് താമസിക്കുകയും ചെയ്തെന്നുമാണ് വിശ്വാസം. അവർ തഞ്ചാവൂരിൽ നിന്നു കൊണ്ടുവന്ന ചിത്രകാരന്മാരാണ് ഈ ചുവർചിത്രങ്ങൾ വരച്ചതെന്നാണ് വിശ്വാസം. ചുവർ ചിത്രങ്ങൾ കൂടി വന്നാലാണ് ഒരു ശ്രീകോവിൽ പൂർണമാവുക എന്നാണ് സങ്കല്പം. പാമ്പ് പുറ്റിൽ മറഞ്ഞ മാലൂർപടി സങ്കേതത്തിൽ ഉൽസവം തുടങ്ങി വൃശ്ചിക മാസം സപ്ത മിയിലും അഷ്ടമിയിലും ആയി ക്ഷേത്ര ഉൽസവം അവസാനിക്കുന്നു. കുംഭമാസത്തിലെ ശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയും എല്ലാ പ്രദോഷവും സംക്രമ ദിവസവും ഇവിടെ വിശേഷമാണ്. മാസത്തിലെ മണ്ഡലകാലവും ഭംഗിയായി കൊണ്ടാടുന്നു. നമ്പ്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി.

തൊടീക്കളം മഹാശിവ ക്ഷേത്രത്തിലെ കുളം. ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, മാമാനിക്കുന്നു ക്ഷേത്രം, കൊട്ടിയൂർ ശിവക്ഷേത്രം, പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തൃക്കൈകുന്ന് മഹാദേവ ക്ഷേത്രം എന്നിവ ഈ ക്ഷേത്രത്തിന് സമീപത്താണ്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ 30 കി.മീ. ദൂരെ തലശ്ശേരി ആണ്. അടുത്ത‌ 14കിലോമീറ്റർ ദൂരെയാണ് മട്ടന്നൂരിലെ കണ്ണൂർ എയർപോർട്ട്. ക്ഷേത്രത്തിന് സമീപത്ത് കൂടി ബസ് റൂട്ട് ഉണ്ട്.
ദർശന സമയം: രാവിലെ 06.00 മുതൽ ഉച്ചയ്ക്ക് 12.00, വൈകുന്നേരം 05.00 മുതൽ 08.00 വരെഫോൺ:+91 99462 32718, 9400221504വിവരങ്ങൾക്ക് കടപ്പാട്: ഹരിദാസ്.കെ.വി


Source link

Related Articles

Back to top button