രാജ്കോട്ട് രാജാസ്…രോഹിത് ശർമയ്ക്കും രവീന്ദ്ര ജഡേജയ്ക്കും സെഞ്ചുറി
രാജ്കോട്ട്: രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ രാജാക്കന്മാരായി ഇന്ത്യ. ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യദിനം ഇന്ത്യൻ രാജാക്കന്മാരായത് ക്യാപ്റ്റൻ രോഹിത് ശർമയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും അരങ്ങേറ്റക്കാരൻ സർഫറാസ് ഖാനും. രോഹിത് ശർമ 196 പന്തിൽ 131 റണ്‍സ് എടുത്തപ്പോൾ ജഡേജ 212 പന്തിൽ 110 റണ്‍സുമായി പുറത്താകാതെനിന്നു. അരങ്ങേറ്റ ഇന്നിംഗ്സ് ഗംഭീരമാക്കി 66 പന്തിൽ സർഫറാസ് നേടിയത് 62 റണ്‍സ്. അതോടെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാംദിനം അവസാനിച്ചപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റണ്‍സ് നേടി. ജഡേജയ്ക്കൊപ്പം 10 പന്തിൽ ഒരു റണ്ണുമായി കുൽദീപ് യാദവ് ക്രീസിലുണ്ട്. അരങ്ങേറ്റക്കാരനായ ധ്രുവ് ജുറെലിന്റെ ഇന്നിംഗ്സിനായാണ് ഇന്ന് ഇന്ത്യൻ ആരാധകർ രാജ്കോട്ടിലേക്ക് കണ്ണയയ്ക്കുക. സച്ചിനെ കടന്ന് രോഹിത് ഫോം കണ്ടെത്താൻ വിഷമിക്കുകയായിരുന്ന രോഹിത് ശർമയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് ഇന്നലെ ആദ്യം ആശ്വാസമായത്. കാത്തിരുന്നതുപോലെ ഒരു സെഞ്ചുറി രോഹിത്തിന്റെ ബാറ്റിൽനിന്ന് പിറന്നു. 196 പന്തിൽ 14 ഫോറും മൂന്ന് സിക്സും അടക്കം 131 റണ്‍സ് രോഹിത് നേടി. ടെസ്റ്റ് കരിയറിൽ രോഹിത്തിന്റെ 11-ാം സെഞ്ചുറി, ഇംഗ്ലണ്ടിനെതിരേ മൂന്നാമത്തെയും. ഇന്നിംഗ്സിനിടെ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിനെ രോഹിത് മറികടന്നു. ക്യാപ്റ്റനായി ക്രിക്കറ്റ് കരിയറിൽ ഇന്ത്യക്കുവേണ്ടി കൂടുതൽ റണ്‍സ് നേടുന്നതിലാണ് സച്ചിനെ (4508) രോഹിത് മറികടന്നത്. എന്നാൽ, വിരാട് കോഹ്ലി (12883), എം.എസ്. ധോണി (8095), സൗരവ് ഗാംഗുലി (7665) എന്നിവർക്കു പിന്നിൽ അഞ്ചാം സ്ഥാനത്താണ് രോഹിത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 3.5 ഓവറിൽ 22 റണ്‍സുള്ളപ്പോൾ ഓപ്പണർ യശസ്വി ജയ്സ്വാളിനെ (10) നഷ്ടപ്പെട്ടു. മാർക്ക് വുഡിന്റെ പന്തിൽ ജോ റൂട്ടിന്റെ ക്യാച്ചിലൂടെയായിരുന്നു ജയ്സ്വാൾ മടങ്ങിയത്. സ്കോർ 24ൽ നിൽക്കുന്പോൾ ശുഭ്മാൻ ഗില്ലിനെ അക്കൗണ്ട് തുറക്കും മുന്‍പ് മാർക്ക് വുഡ് പറഞ്ഞയച്ചു. തൊട്ടുപിന്നാലെ പുതുമുഖം രതജ് പാട്ടിദറും (5) മടങ്ങി. അതോടെ ഇന്ത്യ 8.5 ഓവറിൽ 33/3. രോഹിത് – ജഡേജ മൂന്ന് വിക്കറ്റുകൾ തുടരെ വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ എന്നിവർക്ക് അരങ്ങേറാനുള്ള അവസരം ഒരുക്കിയ ഇന്ത്യ ബാറ്റിംഗ് ഓർഡറിലും പരിഷ്കാരം വരുത്തി. അഞ്ചാം നന്പറിൽ രവീന്ദ്ര ജഡേജ എത്തിയതായിരുന്നു ബാറ്റിംഗ് ഓർഡറിലെ പരിഷ്കാരം. മൂന്നിന് 33 എന്ന നിലയിൽ രോഹിതും ജഡേജയും ക്രീസിൽ ഒന്നിച്ചു. നാലാം വിക്കറ്റിൽ ഇവർ 204 റണ്‍സ് നേടി. നാലാം വിക്കറ്റിൽ ഇംഗ്ലണ്ടിനെതിരേ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിക്കുന്ന ഇന്ത്യയുടെ മൂന്നാമത് സഖ്യമാണ് രവീന്ദ്ര ജഡേജയും രോഹിത് ശർമയും. 2002നുശേഷം നാലാം വിക്കറ്റിൽ ഇരുന്നൂറിൽ അധികം റണ്‍സ് പിറക്കുന്നതും ഇതാദ്യം. സച്ചിൻ തെണ്ടുൽക്കർ – സൗരവ് ഗാംഗുലി (249, 2002ൽ ലീഡ്സിൽ), വിജയ് ഹസാരെ – വിജയ് മഞ്ജരേക്കർ (222, 1952ൽ ലീഡ്സിൽ) എന്നിവർ മാത്രമാണ് ഇംഗ്ലണ്ടിനെതിരേ നാലാം വിക്കറ്റിൽ മുന്‍പ് ഇരട്ട സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിച്ചവർ. നേരിട്ട 198-ാം പന്തിൽ ജഡേജ സെഞ്ചുറിയിലെത്തി. ടെസ്റ്റ് കരിയറിൽ ജഡേജയുടെ നാലാം സെഞ്ചുറിയാണ്, ഇംഗ്ലണ്ടിന് എതിരേ രണ്ടാമത്തെയും. സർഫറാസ് അരങ്ങേറ്റം
അരങ്ങേറ്റക്കാരന്റെ ആശങ്കകളൊന്നും ഇല്ലാത്ത ഇന്നിംഗ്സായിരുന്നു സർഫറാസ് ഖാൻ കാഴ്ചവച്ചത്. 66 പന്തിൽ ഒരു സിക്സും ഒന്‍പത് ഫോറും ഉൾപ്പെടെ 62 റണ്‍സ് സർഫറാസിന്റെ ബാറ്റിൽനിന്ന് പിറന്നു. ഇന്ത്യൻ സ്കോർബോർഡിലേക്ക് റണ്ണൊഴുക്കിയത് സർഫറാസായിരുന്നു. അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം 77 റണ്‍സ് കൂട്ടുകെട്ടും സർഫറാസ് പടുത്തുയർത്തി. അതിൽ 15 റണ്‍സ് മാത്രമായിരുന്നു ജഡേജയുടെ ബാറ്റിൽനിന്ന് പിറന്നത്. ഇന്ത്യക്കായി അരങ്ങേറ്റത്തിൽ 50+ സ്കോർ നേടുന്ന 50-ാമനാണ് സർഫറാസ്. അരങ്ങേറ്റ ഇന്നിംഗ്സിൽ 50+ സ്കോർ നേടിയശേഷം റണ്ണൗട്ടാകുന്ന രണ്ടാമത് മാത്രം ഇന്ത്യൻ ബാറ്റർ എന്ന പേരും സർഫറാസിനു സ്വന്തം. സബാഷ് സർഫറാസ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ടീമിലേക്കു വിളിയെത്തിയ സർഫറാസ് ഖാൻ തന്റെ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ മധ്യനിരയുടെ കരുത്തു കൂട്ടുകയെന്ന ടീം മാനേജ്മെന്റിന്റെ ലക്ഷ്യം ഉത്തരവാദിത്വത്തോടെ സർഫറാസ് (62 റണ്‍സ്) നിറവേറ്റി. തകർച്ചയോടെ തുടങ്ങിയ ഇന്ത്യൻ ഇന്നിംഗ്സിന് സമ്മർദമില്ലാതെ ഏകദിന ശൈലിയിൽ ബാറ്റുവീശി അർധസെഞ്ചുറി നേടിയശേഷമാണ് ഇരുപത്തിയഞ്ചുകാരനായ സർഫറാസ് പുറത്തായത്. രവീന്ദ്ര ജഡേജയുമായുള്ള ആശയവിനമയത്തിലുണ്ടായ പിശകാണ് സർഫറാസിന്റെ റണ്ണൗട്ടിൽ കലാശിച്ചത്. കോൾ ചെയ്ത ജഡേജ പന്ത് ഫീൽഡറുടെ കൈകളിലേക്കെന്ന് കണ്ട് പിൻവാങ്ങി. തിരിഞ്ഞ് ക്രീസിലെത്താൻ കഴിയാത്ത വിധം സർഫറാസ് ഓടിയ ശേഷമായിരുന്നു ജഡേജയുടെ പിന്മാറ്റം. ഒരുപക്ഷെ ഇന്നു കൂടി ബാറ്റുചെയ്യാൻ അവസരം ലഭിച്ചിരുന്നെങ്കിൽ സർഫറാസ് സെഞ്ചുറി തികയ്ക്കുമായിരുന്നേക്കാം. ഇന്ത്യൻ മധ്യനിരയ്ക്ക് ഒരു വിശ്വസ്ത ബാറ്ററാകാൻ സാധിക്കുമെന്ന് തെളിയിക്കുന്നതായിരുന്നു സർഫറാസിന്റെ ഇന്നിംഗ്സ്. തൊപ്പി വലിച്ചെറിഞ്ഞ് രോഹിത്, മാപ്പെന്ന് ജഡേജ ജഡേജയുടെ ഏറ്റവും വലിയ ചീത്തപ്പേരാണ് സഹബാറ്ററെ റണ്ണൗട്ടാക്കുന്നവൻ എന്നത്. ജഡേജയ്ക്കൊപ്പം ബാറ്റു ചെയ്യുന്ന സഹതാരങ്ങൾ ആശയവിനിമയ പിശകുമൂലം മിക്കപ്പോഴും റണ്ണൗട്ടാകാറുണ്ട്. “നന്നായി ബാറ്റു ചെയ്യുന്പോൾ റണ്ണൗട്ടാകുന്നത് എത്ര നിരാശകരമാണ് ” എന്ന രാഹുൽ ദ്രാവിഡിന്റെ പരസ്യ വാചകം ഓർമിപ്പിക്കും വിധമായിരുന്നു സർഫറാസിന്റെ പുറത്താകൽ. ജഡേജയുടെ അശ്രദ്ധമൂലം സർഫറാസ് റണ്ണൗട്ടായത് ഡ്രസിംഗ് റൂമിലായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ സമനില തെറ്റിച്ചു. തന്റെ തൊപ്പി വലിച്ചെറിഞ്ഞായിരുന്നു രോഹിത്തിന്റെ രോഷപ്രകടനം. ഇന്നലെ രാത്രിയിൽ തന്റെ പിഴവിന് രവീന്ദ്ര ജഡേജ സോഷ്യൽ മീഡിയയിലൂടെ മാപ്പപേക്ഷിച്ചു.
Source link