INDIALATEST NEWS

അന്ന് സ്യൂട്ട്കേസ്, ഇന്ന് കടപ്പത്രം; കോർപറേറ്റ് സംഭാവന സ്വീകരിക്കാൻ കുറുക്കുവഴികൾ പലത്

അന്ന് സ്യൂട്ട്കേസ്, ഇന്ന് കടപ്പത്രം; കോർപറേറ്റ് സംഭാവന സ്വീകരിക്കാൻ കുറുക്കുവഴികൾ പലത് – Different Shortcuts for receiving corporate donations | Malayalam News, India News | Manorama Online | Manorama News

അന്ന് സ്യൂട്ട്കേസ്, ഇന്ന് കടപ്പത്രം; കോർപറേറ്റ് സംഭാവന സ്വീകരിക്കാൻ കുറുക്കുവഴികൾ പലത്

ആർ. പ്രസന്നൻ

Published: February 16 , 2024 03:00 AM IST

1 minute Read

Representative Image. Photo. Istock/Credit.Dev Manik

ന്യൂഡൽഹി ∙ രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്നത് എന്നും വിവാദമായിരുന്നു. വലതുപക്ഷ പാർട്ടികളായ സ്വതന്ത്ര, ജനസംഘം, സംഘടനാ കോൺഗ്രസ് എന്നിവയ്ക്കു കോർപറേറ്റുകൾ കയ്യയച്ചു സംഭാവന നൽകുന്നുവെന്നു കണ്ടപ്പോൾ ഇന്ദിരാഗാന്ധി സർക്കാർ 1969 ൽ കമ്പനി നിയമത്തിലെ 293എ വകുപ്പ് എടുത്തുമാറ്റി. അതിലൂടെ, പാർട്ടികൾക്കു കോർപറേറ്റുകൾ സംഭാവന നൽകുന്നതുതന്നെ നിരോധിച്ചു.
അപ്പോൾ‍ കോർപറേറ്റ് സംഭാവനകൾ മേശക്കടിയിലൂടെയായി. പണം നിറച്ച സ്യൂട്ട്കേസുകളുമായി കോർപറേറ്റ് ഫണ്ട് മാനേജർമാർ കാറിലും ട്രെയിനിലും വിമാനത്തിലും സഞ്ചരിക്കുന്ന കഥകൾ അങ്ങാടിപ്പാട്ടായി. കോർപറേറ്റുകളോട് ഇടഞ്ഞുനിന്നിരുന്ന ഇടതുപക്ഷ പാ‍ർട്ടികളുടെ ധനസമാഹരണം തൊഴിലാളി യൂണിയനുകളെ ഉപയോഗിച്ചായി. പാർട്ടികളും തൊഴിലാളി യൂണിയനുകളും സുവനീറുകൾ പ്രസിദ്ധീകരിച്ച്, അവയിൽ വൻ തുകകൾക്കു കോർപറേറ്റ് പരസ്യങ്ങൾ വാങ്ങി ധനസമാഹരണം തുടങ്ങി.

1969 ലെ കോർപറേറ്റ് സംഭാവന നിരോധനം 1985 ൽ രാജീവ് ഗാന്ധി സർക്കാർ എടുത്തുമാറ്റി. പക്ഷേ, അതുകൊണ്ടും സ്യൂട്ട്കേസ് സംസ്കാരത്തിനു കോട്ടമുണ്ടായില്ല. 1992 ൽ താൻ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ വസതിയിലെത്തി ഒരു കോടി രൂപ അടങ്ങിയ സ്യൂട്ട്കേസ് കൈമാറിയെന്ന് ഓഹരി ദല്ലാൾ ഹർഷദ് മേത്ത ആരോപണമുയർത്തിയതായിരുന്നു അതിന്റെ പാരമ്യം.

ഹർഷദ് മേത്തയുടെ ആരോപണം ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. തങ്ങൾ ചെക്കായി മാത്രമേ ഫണ്ട് സ്വീകരിക്കൂവെന്ന് ഏതാനും പാർട്ടികളും ചെക്കായി മാത്രമേ ഫണ്ട് നൽകൂവെന്ന് ഏതാനും കോർപറേറ്റുകളും പ്രഖ്യാപിച്ചെങ്കിലും മേശക്കടിയിലൂടെയുള്ള സ്യൂട്ട്കേസ് സമ്പ്രദായം തുടർന്നു.

റാവുവിന്റെ കാലത്താരംഭിച്ച സാമ്പത്തിക ഉദാരവൽക്കരണത്തോടെ കോർപറേറ്റുകളുടെ ലാഭം പെരുകി. അതോടെ ടാറ്റ പോലുള്ളവ ഫണ്ട് നൽകാൻ സ്വന്തം ട്രസ്റ്റുകൾ രൂപീകരിച്ചു.
കോർപറേറ്റ് സംഭാവനകളിൽ അച്ചടക്കം കൊണ്ടുവരാൻ മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തു ശ്രമമുണ്ടായി. തൊട്ടുമുൻപുള്ള 3 കൊല്ലത്തെ ലാഭത്തിന്റെ 7.5% വരെ പാർട്ടികളുടെ ഫണ്ടിലേക്കു സംഭാവന ചെയ്യാൻ അനുവദിച്ച് 2013 ൽ കമ്പനി നിയമം ഭേദഗതി ചെയ്തു. കോർപറേറ്റുകളുടെ ഇലക്ടറൽ ട്രസ്റ്റുകളെയും കമ്പനി നിയമത്തിന്റെ 25–ാം വകുപ്പ് സെക്‌ഷൻ 25നു കീഴിലാക്കി.

മോദി സർക്കാരിന്റെ കാലമായതോടെ തിരഞ്ഞെടുപ്പു ചെലവ് വീണ്ടും വർധിച്ചു. 2017 ൽ അരുൺ ജയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്താണ് നിയമനിർമാണത്തിലൂടെ തിരഞ്ഞെടുപ്പു കടപ്പത്രങ്ങൾ അനുവദിച്ചത്.
പാർട്ടികൾ വിദേശപണം സ്വീകരിക്കുന്നത് മുൻപു നിയമവിരുദ്ധമായിരുന്നു. എന്നാൽ, ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശകമ്പനികളെ സംഭാവന നൽകാൻ അനുവദിച്ച് 2018 ൽ വീണ്ടും നിയമനിർമാണമുണ്ടായി. കടപ്പത്ര സമ്പ്രദായം കോടതി ഇപ്പോൾ നിരോധിച്ചതോടെ അടുത്തതെന്ത് എന്ന ചോദ്യം ബാക്കി നിൽക്കുന്നു.

English Summary:
Different Shortcuts for receiving corporate donations

40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 r-prasannan mo-politics-leaders-indiragandhi 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-02-16 6anghk02mm1j22f2n7qqlnnbk8-2024-02-16 mo-politics-leaders-rajivgandhi mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-drmanmohansingh 36aps9f20eemc7ft02vt23ecnf 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024 mo-politics-leaders-pvnarasimharao


Source link

Related Articles

Back to top button