ചർച്ച പരാജയം; പ്രക്ഷോഭം ശക്തമാക്കാൻ കർഷകർ – Farmers protest continues as third round of talks between government of India and farmers union fail | India News, Malayalam News | Manorama Online | Manorama News
ചർച്ച പരാജയം, പ്രക്ഷോഭം ശക്തമാക്കാൻ കർഷകർ; എല്ലാ സംസ്ഥാനങ്ങളിൽനിന്നും ദില്ലി ചലോ മാർച്ച് ആലോചനയിൽ
മനോരമ ലേഖകൻ
Published: February 16 , 2024 03:04 AM IST
1 minute Read
ഹരിയാന– പഞ്ചാബ് അതിർത്തിയായ ശംഭുവിൽ കർഷക സമരത്തിന് എത്തിച്ചേർന്ന ട്രാക്ടറുകളുടെ നിര. ചിത്രം: പിടിഐ
ന്യൂഡൽഹി ∙ കേന്ദ്രസർക്കാരുമായുള്ള ചർച്ച അലസിപ്പിരിഞ്ഞതോടെ പ്രക്ഷോഭം ശക്തമാക്കാൻ കർഷകസംഘടനകൾ തീരുമാനിച്ചു. കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരുടെ സംഘമാണു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ സാന്നിധ്യത്തിൽ സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) തുടങ്ങി 17 സംഘടനകളുടെ നേതാക്കളുമായി ഇന്നലെ മൂന്നാം വട്ടവും ചർച്ച നടത്തിയത്. ഞായറാഴ്ച വീണ്ടും ചർച്ച നടത്തും.
പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ ചിതറിയോടുന്ന പ്രതിഷേധക്കാർ (PTI Photo)
ചണ്ഡിഗഡിൽ രാത്രി 8ന് ആരംഭിച്ച ചർച്ച അർധരാത്രി വരെ നീണ്ടുവെങ്കിലും കർഷകസംഘടനകൾ ഉയർത്തിയ 12 ആവശ്യങ്ങളിൽ ഭൂരിഭാഗത്തിനും കേന്ദ്രത്തിനു കൃത്യമായ മറുപടിയുണ്ടായില്ലെന്നാണു വിവരം. ഈ സാഹചര്യത്തിലാണു സമരം തുടരാനുള്ള തീരുമാനം. കണ്ണീർവാതക ഷെല്ലുകളും മറ്റും പ്രയോഗിച്ചതിനെതിരെ കർഷകർ കേന്ദ്രത്തെ ശക്തമായ പ്രതിഷേധം അറിയിച്ചു. കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ മന്ത്രിമാർക്കുമുന്നിൽ കണ്ണീർവാതക ഷെല്ലുകളും കാട്ടി. അതിർത്തി പൂർണമായി അടച്ചതും ഇന്റർനെറ്റ് റദ്ദാക്കിയതുമെല്ലാം ചർച്ചയിൽ വിഷയമായി.
സോനിപത്ത് കുണ്ട‌്‌ലിയിൽ കർഷക സമരത്തെ നേരിടാൻ നിൽക്കുന്ന ദ്രുതകർമ സേനാംഗങ്ങളുടെ നെഞ്ചിൽ തൂക്കിയിട്ടിരിക്കുന്ന പ്രത്യേക തരം മാസ്കുകൾ. കണ്ണീർ വാതക സെല്ലുകളടക്കം പ്രയോഗിക്കുമ്പോൾ ഇത് ഉപകരിക്കും
ഡൽഹിയിൽ കരുതൽനടപടിയുടെ ഭാഗമായി സംയുക്ത കിസാൻ മോർച്ച നേതാവും മലയാളിയുമായ റോജർ സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും രാത്രിയോടെ വിട്ടയച്ചു. എല്ലാ സംസ്ഥാനങ്ങളിൽനിന്നും ദില്ലി ചലോ മാർച്ച് ആരംഭിക്കുന്നതു സംഘടനകൾ പരിഗണിക്കുന്നുണ്ട്. പഞ്ചാബ്–ഹരിയാന അതിർത്തിയിലെ ശംഭു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പൊലീസ് ഇന്നലെ രാത്രിയും കണ്ണീർവാതകം പ്രയോഗിച്ചു.
ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, കൈത്തൽ, ജിൻഡ്, ഹിസാർ, സിർസ, ഫത്തേബാദ് എന്നീ ജില്ലകളിലെ ഇന്റർനെറ്റ് നിരോധനം നാളെ വരെ നീട്ടി. ഒരു ഗ്രാമത്തിൽനിന്നു 2 ട്രാക്ടറും 100 പേരെയും വീതം ഹരിയാന അതിർത്തിയിലേക്ക് അയയ്ക്കാൻ കർഷക നേതാക്കൾ പഞ്ചാബിലെ 12,500 ഗ്രാമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary:
Farmers protest continues as third round of talks between government of India and farmers union fail
40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 mo-politics-leaders-bhagwantmann 40oksopiu7f7i7uq42v99dodk2-list mo-news-common-farmersprotest 40oksopiu7f7i7uq42v99dodk2-2024-02-16 6anghk02mm1j22f2n7qqlnnbk8-2024-02-16 79bcfcjcuojp9e3s6qo2hodjg0 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 mo-legislature-governmentofindia 40oksopiu7f7i7uq42v99dodk2-2024 mo-politics-leaders-piyushgoyal
Source link