ന്യൂഡൽഹി∙ കേന്ദ്രമന്ത്രിസഭയുടെ ഭാഗമായ 7 പേരെ രാജ്യസഭയിലേക്കു വീണ്ടും പരിഗണിക്കാതെ, തിരഞ്ഞെടുപ്പു കളത്തിലിറക്കിയുള്ള പരീക്ഷണത്തിന് ബിജെപി. മലയാളിയായ വി.മുരളീധരൻ ഉൾപ്പെടെ, ഈ ഏപ്രിലിൽ കാലാവധി പൂർത്തിയാക്കുന്ന രാജ്യസഭാംഗങ്ങളായ 7 കേന്ദ്രമന്ത്രിമാരെയാണ്, രാജ്യസഭയിലേക്കു വീണ്ടും അവസരം നൽകാതെ ലോക്സഭയിലേക്കു മത്സരിപ്പിക്കാൻ തയാറെടുക്കുന്നത്. തിരുവനന്തപുരത്ത് കോൺഗ്രസ് എംപി ശശി തരൂരിനെ നേരിടാൻ ബിജെപി രംഗത്തിറക്കുമെന്ന് അഭ്യൂഹമുള്ള കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും ഇക്കൂട്ടത്തിലുണ്ട്.മുരളീധരൻ മഹാരാഷ്ട്രയിൽ നിന്നും രാജീവ് ചന്ദ്രശേഖർ കർണാടകയിൽ നിന്നുമുള്ള രാജ്യസഭാംഗങ്ങളായിരുന്നു. ഇവർക്കു പുറമേ ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ (ഗുജറാത്ത്), വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ (മധ്യപ്രദേശ്), പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് (രാജസ്ഥാൻ), ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല (ഗുജറാത്ത്), നാരായൺ റാണെ (മഹാരാഷ്ട്ര) എന്നിവരാണ് രാജ്യസഭയിലേക്ക് വീണ്ടും അവസരം ലഭിക്കാത്ത കേന്ദ്രമന്ത്രിമാർ. ഇവരെല്ലാവരും ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകുമെന്നാണ് സൂചന.
വി.മുരളീധരൻ ആറ്റിങ്ങലിൽനിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതുവരെ കേരളത്തിൽനിന്ന് ഒരു അംഗത്തെപ്പോലും ജയിപ്പിക്കാൻ സാധിക്കാത്ത ബിജെപി, ഇത്തവണ കേരളത്തിലെ ചില മണ്ഡലങ്ങളിൽ മികച്ച സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇക്കൂട്ടത്തിൽ മുൻ രാജ്യസഭാ എംപി കൂടിയായ നടൻ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരുമുണ്ട്.
ഒഡീഷ സ്വദേശിയായ ധർമേന്ദ്ര പ്രധാൻ സമ്പൽപുർ, ദേഖ്‌നാൽ എന്നീ മണ്ഡലങ്ങളിൽ ഒന്നിൽനിന്ന് ലോക്സഭയിലേക്കു മത്സരിച്ചേക്കും. ഭൂപേന്ദർ യാദവ് രാജസ്ഥാനിലെ അൽവാറിലോ മഹേന്ദ്രഗഡിലോ സ്ഥാനാർഥിയാകും. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തോ ബെംഗളൂരു സെൻട്രൽ, നോർത്ത്, സൗത്ത് എന്നീ മണ്ഡലങ്ങളിൽ ഒന്നിൽനിന്നോ ജനവിധി തേടാനാണ് സാധ്യത. മൻസൂഖ് മാണ്ഡവ്യ ഗുജറാത്തിലെ ഭാവ്നഗറിലോ സൂറത്തിലോ സ്ഥാനാർഥിയായേക്കും. പർഷോത്തം രൂപാല ഗുജറാത്തിലെ രാജ്കോട്ടിൽ സ്ഥാനാർഥിയാകുമെന്നാണ് അഭ്യൂഹം.
നിലവിൽ കേന്ദ്രമന്ത്രിസഭയിൽ അംഗങ്ങളായ രാജ്യസഭാംഗങ്ങളിൽ, റെയിൽവേ വകുപ്പ് കൈകാര്യം ചെയ്യുന്ന അശ്വിനി വൈഷ്ണവ് (ഒഡീഷ), എൽ.മുരുകൻ (മധ്യപ്രദേശ്) എന്നിവർക്കു മാത്രമാണ് വീണ്ടും രാജ്യസഭയിലേക്ക് അവസരം നൽകുന്നത്. രണ്ടോ അതിൽ കൂടുതലോ തവണ രാജ്യസഭാംഗങ്ങളായവർക്ക് ഇത്തവണ അവസരം നൽകിയിട്ടുമില്ല. ഇക്കാര്യത്തിൽ ഒരേയൊരു അപവാദം പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ മാത്രമാണ്. അദ്ദേഹത്തെയാകട്ടെ, 2022ൽ കോൺഗ്രസ് ഭരണം പിടിച്ച ഹിമാചൽ പ്രദേശിൽനിന്ന് ഗുജറാത്തിലേക്ക് മാറ്റുകയും ചെയ്തു.
കോൺഗ്രസിൽനിന്ന് കഴിഞ്ഞ ദിവസം രാജിവച്ചെത്തിയ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ഉൾപ്പെടെയുള്ള ‘പുതുമുഖ’ങ്ങൾക്കും ബിജെപി അവസരം നൽകുന്നുണ്ട്. ചുരുക്കത്തിൽ, ഇത്തവണ കാലാവധി പൂർത്തിയാക്കുന്ന 28 പേരിൽ നാലു പേർക്കു മാത്രമാണ് ബിജെപി വീണ്ടും രാജ്യസഭയിലേക്ക് അവസരം നൽകുന്നത്. ശേഷിക്കുന്ന 24 പേരോടും ലോക്സഭയിലേക്കു മത്സരിക്കാനുള്ള താൽപര്യം ആരാഞ്ഞതായാണ് വിവരം.
ഈ വരുന്ന ഏപ്രിലിൽ ഒഴിവു വരുന്ന 56 രാജ്യസഭാ സീറ്റുകളിൽ 28 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. സ്ഥാനാർഥി നിർണയത്തിൽ പുതുമുഖങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകിയത്. പൊതുജനങ്ങൾക്ക് അത്ര പരിചിതരല്ലാത്ത സ്ഥാനാർഥികളും ബിജെപി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വനിതാ വോട്ടർമാർ പാർട്ടിയോടു കാണിക്കുന്ന കൂറു മനസ്സിലാക്കി വനിതകൾക്കും അവസരം ഉറപ്പാക്കി.
അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ച് വിജയിച്ച അതേ തന്ത്രമാണ് ലോക്സഭാ, രാജ്യസഭാ തിരഞ്ഞെടുപ്പിലും ബിജെപി പയറ്റുന്നത്. വ്യക്തികേന്ദ്രീകൃതമെന്നതിൽനിന്ന് മാറി കൂട്ടുത്തരവാദിത്തത്തിനു പ്രാധാന്യം നൽകിയ പാർട്ടി, വൻകിട സ്ഥാനാർഥികളെയും രംഗത്തിറക്കി. ഇതിൽ ലോക്സഭാ എംപിമാരും ഉൾപ്പെടുന്നു. തന്ത്രം ഫലിച്ചതോടെ ബിജെപി മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ അനായാസം ഭരണം പിടിച്ചു. ഇനി ലോക്സഭാ തിരഞ്ഞെടുപ്പിലും സമാനമായ തന്ത്രം പരീക്ഷിച്ച് മൂന്നാമതും അധികാരം പിടിക്കാനാണ് പാർട്ടിയുടെ ശ്രമം.
Source link