അബുദാബി: അബുദാബിയിലെ ആദ്യ ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആത്മീയനേതാക്കളെ സാക്ഷിനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പിങ്ക് നിറത്തിലുള്ള സിൽക്ക് മുണ്ടും കുർത്തയും ജാക്കറ്റും ധരിച്ചെത്തിയാണ് ക്ഷേത്രം ജനങ്ങൾക്കു തുറന്നുകൊടുക്കുന്ന ചടങ്ങുകളിൽ പ്രധാനമന്ത്രി ഭാഗഭാക്കായത്. ഇന്നലെ രാവിലെയായിരുന്നു വിഗ്രഹപ്രതിഷ്ഠ. വൈകുന്നേരം നടന്ന ഉദ്ഘാടനചടങ്ങിലും തുടർന്നുള്ള ഗോപാൽ ആരതിയിലുമാണ് മോദി ഭാഗഭാക്കായത്. ബാപ്സ് എന്നറിയപ്പെടുന്ന ബോച്ചാസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായണ സൻസ്ത എന്ന വിഭാഗത്തിനാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ്. അബുദാബി-ദുബായ് പ്രധാന ഹൈവേക്ക് സമീപം അബു മുറൈഖയിലാണ് ക്ഷേത്രം. നേരത്തേ ക്ഷേത്ര നിർമാണത്തിനു സഹകരിച്ച വിവിധ വിഭാഗം ജനങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
നേരത്തേ അബുദാബിയിലെ വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുത്തു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന, അഴിമതിയില്ലാത്ത സർക്കാരുകളെയാണ് ലോകം ആവശ്യപ്പെടുന്നതെന്നു വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു. ജനജീവിതത്തിൽ കഴിയാവുന്നത്ര കുറച്ചുമാത്രമേ സർക്കാരുകൾ ഇടപെടാവൂ. സർക്കാരുകൾ സമ്മർദശക്തിയായി ഒരിക്കലും ജനങ്ങൾക്കുമുന്നിൽ ഉണ്ടാകരുത്. ഇന്ത്യയിലെ ജനങ്ങൾക്ക് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ സർക്കാരിൽ വിശ്വാസം ഏറി. പൊതുജന താത്പര്യത്തിനു മുന്തിയ പരിഗണന നൽകിയതുമൂലമാണിതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
Source link