ഫെബ്രുവരി 14, വീണ്ടും ഒരു വലന്റൈന്‍സ് ദിനം കൂടി കടന്നു വരുമ്പോള്‍ മനസിനെ പ്രണയനിര്‍ഭരമാക്കിയ ഒരുപാട് സിനിമകള്‍ ഓര്‍മയിലേക്കു വരുന്നു. ലോകസിനിമാ ചരിത്രത്തില്‍ തന്നെ പ്രണയം പ്രമേയമാകുന്ന സിനിമകള്‍ എക്കാലവും പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ ഏറ്റെടുത്തതായി കാണാം. പ്രണയദിനമായി കൊണ്ടാടപ്പെടുന്ന വലന്റൈന്‍സ് ഡേയുടെ പേരിലുമുണ്ട് ഒരു ഇംഗ്ലിഷ് ചിത്രം. 2010ല്‍ ഗാരി മാര്‍ഷല്‍ സംവിധാനം ചെയ്ത വലന്റൈന്‍സ് ഡേ എന്ന റൊമാന്റിക്ക് മൂവിയില്‍ ജസ്സീക്ക ആല്‍ബയായിരുന്നു മുഖ്യവേഷത്തില്‍.
നൂറുകോടി ക്ലബ്ബും ആക്‌ഷന്‍ പാക്ക്ഡ് ത്രില്ലറുകളും സജീവമാകും മുന്‍പ് മലയാളമടക്കം ഇന്ത്യന്‍ ഭാഷകളിലെയും മേജര്‍ ഹിറ്റുകള്‍ പ്രണയസിനിമകള്‍ തന്നെയായിരുന്നു. മെഗാ ബജറ്റ് അരങ്ങ് വാഴുന്ന ഇക്കാലത്തും പ്രണയസിനിമകളുടെ ജനപ്രതീക്കു തെല്ലും ഉടവ് തട്ടിയിട്ടില്ല. ബോളിഡുവിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘കുച്ച് കുച്ച് ഹോത്താ ഹേ’ മുതല്‍ ‘ദേവദാസ്’ വരെയുളള സിനിമകള്‍ മനോഹരമായ പ്രണയം പറഞ്ഞതാണ്.
ഇംഗ്ലിഷിലും സ്ഥിതി വ്യത്യസ്തമല്ല. ഒടിടി കാലത്ത് ലോകമെങ്ങുമുളള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ട്രെന്‍ഡായ കൊറിയന്‍ സിനിമകളില്‍ മഹാഭൂരിപക്ഷവും റൊമാന്റിക് ഫീല്‍ഗുഡ് മുവികളോ ത്രില്ലറുകളോ ആയിരുന്നു.
ഇനി മലയാളത്തിലേക്ക് വരാം, സമീപകാലത്ത് റിലീസ് ചെയ്യപ്പെടുന്ന സിനിമകളില്‍ ഭൂരിപക്ഷവും ബോക്‌സ്ഓഫിസിൽ വലിയ ചലനം സൃഷ്ടിക്കുന്നില്ല. വന്‍മുതല്‍ മുടക്കില്‍ മള്‍ട്ടിസ്റ്റാറുകളെ അണിനിരത്തി ഒരുക്കുന്ന സിനിമകള്‍ക്ക് പോലും നിലനില്‍ക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ കഴിഞ്ഞവാരം റിലീസ് ചെയ്ത പ്രേമലു എന്ന പ്രണയചിത്രം തിയറ്ററുകള്‍ വീണ്ടും പൂരപ്പറമ്പുകളാക്കി മാറ്റിയിരിക്കുന്നു.
അസാധാരണമായ ഇതിവൃത്തമോ വലിയ സ്റ്റാര്‍ഡം അവകാശപ്പെടാവുന്ന സൂപ്പര്‍താരങ്ങളോ ഇല്ലാത്ത ഒരു കൊച്ചു സിനിമ. നസ്‌ലിന്‍ ജനപ്രിയ നടനാണെങ്കിലും മുന്‍കാല സിനിമകളില്‍ അദ്ദേഹം ഒരു കൂട്ടായ്മയുടെ ഭാഗമായിരുന്നു. എന്നാല്‍ ‘പ്രേമലു’ അദ്ദേഹത്തെ സംബന്ധിച്ച് തനിപ്പിടിയാണ്. നസ്‌ലിന്റെ മാത്രം താരപരിവേഷത്തില്‍ ഷോള്‍ഡര്‍ ചെയ്യപ്പെടുന്ന സിനിമയാണ് ‘പ്രേമലു’. നായികയായ മമിത ബൈജു മികച്ച നടിയാണ്. മുന്‍പ് പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് നയിച്ച അനുഭവമില്ല. മറ്റ് അഭിനേതാക്കള്‍ എല്ലാം തന്നെ അത്ര അറിയപ്പെടുന്നവരല്ല. വാസ്തവത്തില്‍ ‘പ്രേമലു’ എന്ന സിനിമയില്‍ നായികാനായകന്‍മാര്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും ഈ ചിത്രം താരകേന്ദ്രീകൃതമല്ല. പ്രണയത്തിന്റെ ചില പുതിയ ഫ്‌ളേവറുകള്‍ പങ്ക് വയ്ക്കുക വഴി ഏത് ജനുസിലുമുളള പ്രേക്ഷക മനസിലെ പ്രണയഭാവങ്ങളെ തൊട്ടുണര്‍ത്തിയാണ് പ്രേമലു മഹാവിജയത്തിന്റെ വഴികള്‍ തേടുന്നത്.
പോസ്റ്റർ
പ്രണയം തലമുറകളിലൂടെ…
പ്രണയം ഏതൊരു വ്യക്തിയെ സംബന്ധിച്ചും തികച്ചും നൊസ്റ്റാള്‍ജിക്കായ അനുഭവമാണ്. കൗമാര-യൗവനകാലങ്ങളില്‍ പ്രണയിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. പ്രണയം നിഷിദ്ധമായിരുന്ന ഒരു കാലത്ത് പോലും ഗോപ്യമായും നിഗൂഢമായും പ്രണയിച്ച ഒരു തലുറയുണ്ടായിരുന്നു. ചിലര്‍ വണ്‍വേട്രാഫിക്കില്‍ പ്രണയമോഹങ്ങള്‍ പൂവണിയിച്ചു. ഇവര്‍ക്കൊക്കെയുളള അഭയസങ്കേതങ്ങളായിരുന്നു പ്രണയചിത്രങ്ങള്‍. കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ തലമുറ മാറ്റത്തിന്റെ അകലങ്ങളില്ലാതെ പ്രണയചിത്രങ്ങള്‍ ആസ്വദിക്കുന്നു. അതിലൂടെ സഞ്ചരിക്കുന്നു. സ്വന്തം മനസിലെ പ്രണയഭാവങ്ങള്‍ പൊടിതട്ടിയെടുത്ത് അതുമായി ചേര്‍ത്തു വച്ച് ആഹ്‌ളാദിക്കുന്നു.
കാലാന്തരത്തില്‍ പ്രണയത്തിന്റെ രീതികളും സ്വഭാവങ്ങളും മാറി മറിഞ്ഞെങ്കിലും ആ വികാരത്തിന്റെ തീവ്രതയും ആകാംക്ഷയും കൗതുകവും രസങ്ങളും തെല്ലും മാഞ്ഞിട്ടില്ല.
പഴയകാല സിനിമകളില്‍ പ്രണയലേഖനം കൊടുത്തിരുന്ന നായകന്‍ ഇപ്പോള്‍ വാട്ട്‌സ്ആപ്പ് മെസേജുകളിലേക്കും വിഡിയോ കാളുകളിലേക്കും മാറി എന്നത് കേവലം സാങ്കേതിക പരിണാമം എന്നതിനപ്പുറം മനോഭാവങ്ങളുടെ മാറ്റം കൂടിയാണ്.
എന്തും ഇന്‍സ്റ്റന്റായി ലഭിക്കുന്ന ഒരു കാലത്ത് പണ്ടത്തെപോലെ പ്രണയിതാവിനായി നിതാന്തമായി കാത്തിരിക്കാനും കത്തയയ്ക്കാനുമൊന്നും ആര്‍ക്കും സമയവും ക്ഷമയും താത്പര്യവുമില്ല. ഇഷ്ടം തോന്നിയാല്‍ ഫേസ് ടു ഫേസ് എക്‌സ്പ്രസ് ചെയ്യുക എന്നതാണ് രീതി. അതിന് കഴിയാത്തവര്‍ മൊബൈല്‍ സന്ദേശങ്ങളെ ആശ്രയിക്കുന്നു.
മുന്‍കാലങ്ങളില്‍ പ്രണയത്തിന് പുരുഷന്‍ മുന്‍കൈ എടുക്കുന്നതായിരുന്നു രീതിയെങ്കില്‍ ഇന്ന് അത്തരം ലിംഗപരമായ വേര്‍തിരിവുളൊന്നുമില്ല. ഒരേ സമയം പല പെണ്‍കുട്ടികളെ പ്രണയിക്കുന്ന യുവാക്കളും മറിച്ചും സംഭവിക്കാറുണ്ട്.
ലവ് ടുഡേ എന്ന സിനിമയിൽ നിന്നും
അത് പ്രണയമാണോ മറ്റെന്തെങ്കിലുമാണോയെന്ന് ചില പാരമ്പര്യവാദികള്‍ സംശയിക്കാം. സത്യത്തില്‍ അതിലും പ്രണയവൈവിധ്യത്തിന്റെ ഒരു സുഖമുണ്ട്. ഒരാളിലേക്ക് മാത്രം ഒഴുകുന്ന ഒന്നല്ല അത്തരം പ്രണയങ്ങള്‍. സ്‌നേഹിക്കപ്പെടാനുളള തീവ്രാഭിനിവേശത്തിന്റെ പ്രതിഫലനങ്ങളാണ് വാസ്തവത്തില്‍ ഇത്തരം മള്‍ട്ടിപ്പിള്‍ പ്രണയങ്ങള്‍. ഇതെല്ലാം ജീവിതത്തിലെന്ന പോലെ സിനിമയിലും പ്രതിഫലിക്കുന്നുണ്ട്. പലപ്പോഴും സിനിമകളില്‍ നിന്നാണ് പ്രണയത്തിന്റെ കാലാനുസൃതമായ മാറ്റങ്ങള്‍ പഴയ തലമുറ പലപ്പോഴും അറിയുന്നത്.
‘ലവ് ടുഡേ’ എന്ന തമിഴ് സിനിമയില്‍ പ്രണയബദ്ധരായ കമിതാക്കള്‍ ഒരുമിച്ച് വിവാഹാലോചനയുമായി പെണ്‍കുട്ടിയുടെ പിതാവിനെ സമീപിക്കുന്നു. ഒരു കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ ഇന്ന് സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സാധ്യമായിരിക്കുന്നു. പിതാവാകട്ടെ രണ്ടുപേരുടെയും മൊബൈല്‍ ഫോണ്‍ പരസ്പരം കൈമാറാന്‍ ആവശ്യപ്പെടുന്നു. അങ്ങനെ പ്രണയത്തിന് അപ്പുറമുളള അവരുടെ സ്വകാര്യജീവിതം തിരിച്ചറിയാന്‍ അത് കാരണമാവുന്നു. എല്ലാം മനസിലാക്കിയ ശേഷം വിവാഹം എന്നതിനാണ് അദ്ദേഹം മുന്‍തുക്കം നല്‍കിയത്.
പ്രണയത്തെ വ്യത്യസ്തമായ തലത്തില്‍ പുനര്‍നിര്‍വചിക്കുന്നവയാണ് പുതുകാല പ്രണയസിനിമകളില്‍ പലതും. 2023 ല്‍ തന്നെ റിലീസായ ജോ എന്ന തമിഴ് സിനിമ പ്രണയത്തെ പുതിയ കണ്ണിലൂടെ നോക്കി കാണുന്നു. കിഴക്കെ പോകും റെയില്‍, മുന്നാംപിറ, മീണ്ടും ഒരു കാതല്‍കഥൈ, കാതല്‍, കാതലന്‍, കാതല്‍ക്കോട്ടെ, ആട്ടോഗ്രാഫ്…എന്നിങ്ങനെ എക്കാലവും പ്രണയാതുരമായിരുന്നു തമിഴ് സിനിമകള്‍. ഇവയൊക്കെ തന്നെ വിജയകഥകള്‍ പറഞ്ഞവയാണ്. താരരഹിത വിജയങ്ങള്‍ക്ക് എന്നും ആശ്രയിക്കാവുന്ന രസക്കൂട്ടാണ് പ്രണയം. ‘കാതല്‍’ എന്ന സിനിമയില്‍ നായകന്‍ ഒഴികെ ഏതാണ്ട് എല്ലാവരും തന്നെ പുതുമുഖങ്ങളായിരുന്നു. ചിലവ് കുറയ്ക്കാന്‍ ലൈറ്റ് യൂണിറ്റ് പോലും ഒഴിവാക്കി ചിത്രീകരിച്ച കാതല്‍ വന്‍ കലക്‌ഷൻ നേടി.
മലയാളത്തനിമയുളള പ്രണയം
മലയാളത്തില്‍ വ്യത്യസ്ത രൂപഭാവങ്ങളുളള പ്രണയ ചിത്രങ്ങള്‍ എക്കാലവും കലക്‌ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ചിട്ടുണ്ട്. ട്രെന്‍ഡ് സെറ്ററായ പ്രേമം മുതല്‍ പിന്നോട്ടുളള കഥ പരിശോധിക്കാം.
1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഒരു സമ്പൂര്‍ണ പ്രണയചിത്രമായിരുന്നു. നവാഗത സംവിധായകനും പുതുമുഖതാരങ്ങളും അണിനിരന്ന സിനിമയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. പ്രണയത്തിന്റെ സ്ന്നിഗ്ധമായ ഭാവങ്ങള്‍ മാത്രമായിരുന്നു സിനിമയുടെ വിജയരഹസ്യം. ആ സിനിമയിലെ പൂര്‍ണിമാ ജയറാമിന്റെ ചില മാനറിസങ്ങള്‍ പോലും പോപ്പുലറായി. പിന്നീട് ഏറെക്കാലം കമിതാക്കള്‍ അതൊക്കെ അനുകരിക്കാന്‍ തുടങ്ങി.
വര്‍ഷങ്ങള്‍ക്കു ശേഷം അതേ ഫാസില്‍ ഒരുക്കിയ അനിയത്തിപ്രാവ് പ്രണയത്തിന്റെ മറ്റൊരു ഭാഷ്യമാണ് അവതരിപ്പിച്ചത്. മാതാപിതാക്കളുടെ സമ്മതമോ അനുവാദമോ കൂടാതെ അവരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഒന്നായാല്‍ അത് ആ മനസുകളെ എത്രമാത്രം വേദനിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ പ്രണയജോടികള്‍ ഹൃദയം മുറിച്ചുമാറ്റുന്ന വേദനയോടെ പരസ്പരം പിരിയുന്നു.
എന്നാല്‍ അവരുടെ സ്‌നേഹത്തിന്റെ തീവ്രതയും ആഴവും മനസിലാക്കിയ മാതാപിതാക്കള്‍ തന്നെ മുന്‍കൈ എടുത്ത് വീണ്ടും അവരെ ഒന്നിപ്പിക്കുന്നു. അങ്ങനെ വിഭിന്ന മതത്തില്‍ പെട്ട രണ്ട് കുടുംബങ്ങളുടെ ആശീര്‍വാദത്തോടെ അവര്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. അന്നോളം ഒരു പ്രണയചിത്രത്തിലും കാണാത്ത ഒരു ചിന്താധാരയും കഥാന്ത്യവും അനിയത്തിപ്രാവിനെ വേറിട്ടതാക്കി. കുഞ്ചാക്കോ ബോബന്‍, ശാലിനി എന്നീ പ്രണയജോടികളുടെ ചേര്‍ച്ചയും ഇഴയടുപ്പവും ആ സിനിമയെ ജനപ്രിയമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ജീവിതത്തിലും അവര്‍ ഒന്നിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത ധാരാളം പ്രേക്ഷകര്‍ അക്കാലത്തുണ്ടായിരുന്നു.
കുഞ്ചാക്കോ ബോബനും ശാലിനിയും
എന്നാല്‍ ക്യാമറയ്ക്ക് പിന്നില്‍ സഹോദര നിര്‍വിശേഷമായ സ്‌നേഹമായിരുന്നു തങ്ങളുടേതെന്ന് പല അഭിമുഖങ്ങളിലും അവര്‍ തുറന്ന് പറയുകയും ശാലിനി അജിത്തുമായുളള പ്രണയം വെളിപ്പെടുത്തുക കൂടി ചെയ്തതോടെ പ്രതീക്ഷകളുടെ മുനയൊടിഞ്ഞു. പിന്നീട് വന്ന നിറം എന്ന സിനിമയിലും ഇതേ താരജോടികള്‍ തന്നെയായിരുന്നു.
ഗാഢമായ സൗഹൃദവും കുടുംബബന്ധവും സൂക്ഷിക്കുന്ന ഒരു പെണ്‍കുട്ടിയും ചെക്കനും അവരുടെ ഉള്ളില്‍ അവര്‍ പോലുമറിയാതെ ഒളിഞ്ഞു കിടന്ന പ്രണയം പിന്നീട് തിരിച്ചറിഞ്ഞ് ഒന്നാകുന്നതായിരുന്നു ആ സിനിമയുടെ സ്‌റ്റോറിലൈന്‍.
നായകനും നായികയും തമ്മിലുളള എടാ, പോടീ വിളികള്‍ അക്കാലത്ത് കാമ്പസുകളിലെ പ്രണയികള്‍ക്കിടയിലേക്കും ജ്വരം പോലെ പടര്‍ന്നു. ഇത്തരം സിനിമകളിലെ നായികാ നായകന്‍മാരുടെ ബോഡി ലാംഗ്വേജ്, മാനറിസംസ്, ഹെയര്‍സ്‌റ്റൈല്‍, ഡ്രസിങ് പാറ്റേണ്‍ എന്നിവയൊക്കെ പ്രണയിക്കുന്നവര്‍ അനുകരിക്കുകയുണ്ടായി. ഓരോ കാലഘട്ടത്തെയും ഈ തരത്തില്‍ സ്വാധീനിച്ച പ്രണയസിനിമകളുണ്ടായിട്ടുണ്ട്. വളരെ പഴയ കാലത്തേക്ക് ചെന്നാല്‍ ചെമ്മീന്‍ തന്നെ മികച്ച ഉദാഹരണം.
കാമുകിയെ നഷ്ടപ്പെട്ട പരീക്കുട്ടി കടാപ്പുറത്ത് മദ്യപിച്ച് അവശനായി പാടി പാടി നടക്കുന്നതും കാമുകിക്കൊപ്പം കടലില്‍ ചാടി മരിക്കുന്നതുമെല്ലാം ഇന്നത്തെ തലമുറയില്‍ ചിരിയുണര്‍ത്താം. ഇന്ന് കാമുകി തേച്ചാല്‍ പോനാല്‍ പോകട്ടും പോടാ എന്ന് പറഞ്ഞ് അടുത്ത വഴി നോക്കുന്ന കാമുകന്‍മാരുടെ കാലമാണ്. ബെറ്റര്‍ പ്രൊപ്പോസല്‍സ് വന്നാല്‍ കാമുകനെ തേയ്ക്കാന്‍ കാമുകിമാര്‍ക്കും മടിയില്ല. ജീവിതം സുരക്ഷിതമാക്കുക എന്നതാണ് ഇന്നത്തെ പ്രണയികളുടെ മുഖ്യ അജണ്ട. പലരും പ്രണയിക്കുന്നത് തന്നെ ജാതിയും മതവും സാമ്പത്തിക പശ്ചാത്തലവും സോഷ്യല്‍ സ്റ്റാറ്റസും എല്ലാം നോക്കിയാണ്.എന്നാല്‍ താടിനീട്ടി വളര്‍ത്തി നിരാശാകാമുകനായി തെക്ക് വടക്ക് നടക്കുന്ന കാമുകന്‍മാരും തേയ്ക്കപ്പെട്ട കാമുകിമാരും ഒന്നുകില്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. അല്ലെങ്കില്‍ മറ്റൊരു വിവാഹത്തിന് നിന്നു കൊടുക്കാതെ ജീവിതം പാഴാക്കുന്നു. ഇത്തരം കാല്‍പ്പനിക പ്രണയങ്ങള്‍ പ്രായോഗിക പ്രണയങ്ങളിലേക്ക് വഴിമാറി ഇന്ന് സിനിമയിലും ജീവിതത്തിലും.
ബോക്‌സ്ഓഫിസ് നിറച്ച ക്യാംപസ് പ്രണയങ്ങള്‍
ക്യാംപസ് പ്രണയങ്ങള്‍ വ്യത്യസ്ത തരത്തിലും തലത്തിലും ആവിഷ്‌കരിച്ച നിരവധി സിനിമകളുണ്ടായി എണ്‍പതുകളിലും തൊണ്ണൂറുകളിലും. ഐ.വി.ശശിയുടെ കാണാമറയത്തില്‍ കൂട്ടുകാരിയുടെ അങ്കിളായ റോയിയെ പ്രണയിക്കുന്ന ഷേര്‍ളിക്ക് അയാളുടെ പകുതി പ്രായമേയുളളു. പ്രായം പ്രണയത്തിന് തടസമല്ലെന്ന് വിശ്വസിക്കുന്ന ഷെര്‍ളി അയാളോട് പറയുന്ന ഒരു ഡയലോഗുണ്ട്
‘റോയിച്ചന് 16 എങ്കില്‍ എനിക്കും 16. റോയിച്ചന് 36 എങ്കില്‍ എനിക്കും 36.’
അതിലെ നായികയുടെ പ്രസിദ്ധമായ ഒരു പരിദേവനം നാല് പതിറ്റാണ്ടിനിപ്പുറവും പ്രണയികള്‍ ഒരു വേദവാക്യം പോലെ ആഘോഷിക്കുന്നു. അത് ഇപ്രകാരമാണ്.
‘തിരിച്ചു കിട്ടാത്ത സ്‌നേഹം മനസിന്റെ വിങ്ങലാണ്’
പ്രണയത്തിന്റെ മാസ്മരികഭംഗി സിനിമയിലും സാഹിത്യത്തിലും ആവാഹിച്ച പി.പത്മരാജന്റേതായിരുന്നു കാണാമറയത്തിന്റെ തിരക്കഥ. സവിശേഷമായ പത്മരാജന്‍ ടച്ച് കാണാമറയത്തില്‍ മാത്രമല്ല നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലും കാണാം.ബൈബിള്‍ വചനങ്ങളിലൂടെ പ്രണയം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന രീതിയും ആ സിനിമയുടെ സവിശേഷതയായിരുന്നു. ‘നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്ത് ഉണര്‍ന്ന് മുന്തിരിവളളികള്‍ തളിര്‍ത്തുവോ മാതളനാരകങ്ങള്‍ പൂത്തുവോ എന്ന് നോക്കാം. അവിടെ വച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും’
കളങ്കിതയായ നായികയെ സസന്തോഷം തന്റെ ജീവിതത്തിലേക്ക് കൂടെക്കൂട്ടുന്ന നായകനും ആ സിനിമ സമ്മാനിച്ച പുതുമയായിരുന്നു. തന്റേതല്ലാത്ത കാരണങ്ങളാല്‍ നായികയായ സോഫിയ രണ്ടാനച്ഛനാല്‍ പീഡിപ്പിക്കപ്പെടുന്നു. അത് മനസിലാക്കിയിട്ടും പോള്‍ പൈലോക്കാരന്‍ എന്ന രണ്ടാനച്ഛനെ അടിച്ച് താഴെയിട്ട ശേഷം കാമുകനായ സോളമന്‍ മുന്‍നിശ്ചയ പ്രകാരമുളള വാക്ക് പാലിക്കുന്നു.
ടാങ്കര്‍ ലോറി മൂന്ന് ഹോണ്‍ അടിക്കുമ്പോള്‍ നീ ഇറങ്ങി വരണം എന്ന അയാളുടെ വാക്ക് അവള്‍ അനുസരിക്കുന്നു. അയാള്‍ തന്റെ വാഗ്ദാനം പാലിക്കുകയും ചെയ്യുന്നു.
കവിത പോലെ മനോഹരമായിരുന്നു പത്മരാജന്റെ പ്രണയസിനിമകള്‍. ലെസ്ബിയന്‍ പ്രണയജോടികളുടെ മാനസികമായ അടുപ്പത്തെക്കുറിച്ച് പറഞ്ഞ ദേശാടനക്കിളി കരയാറില്ല അടക്കമുളള സിനിമകളില്‍ ശരീരത്തിന്റെയും സ്പര്‍ശനത്തിന്റെയും സാന്നിദ്ധ്യം തീര്‍ത്തും ഒഴിവാക്കി മനോഹരമായി അദ്ദേഹം കഥ പറഞ്ഞു. പ്രണയം ഒരു കാവ്യാനുഭവമാണെന്ന് പത്മരാജന്‍ സിനിമകള്‍ പലകുറി നമ്മോട് പറയാതെ പറഞ്ഞു. പറന്ന് പറന്ന് പറന്ന്, കൂടെവിടെ? അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍..
കാലത്തിന് തോല്‍പ്പിക്കാനാവാത്ത പ്രണയത്തിന്റെ നിത്യസുരഭിലഗന്ധം നമ്മെ അനുഭവിപ്പിച്ച സിനിമയായിരുന്നു പത്മരാജന്റെ തുവാനത്തുമ്പികള്‍. ക്ലാരയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പോലും മഴ പെയ്യുന്ന ആ നിമിഷം ഓര്‍മ്മകളിലെ നിത്യപ്രണയമാണ്. മനസും ശരീരവും തമ്മിലുളള സംഘര്‍ഷത്തിന്റെ കഥ പറഞ്ഞ തൂവാനത്തുമ്പികളില്‍ രാധ മനസില്‍ തുടിക്കുന്ന പ്രണയനോവാണെങ്കില്‍ ക്ലാര ശരീരത്തിലൂടെ പടര്‍ന്നു കയറിയ പ്രണയതാപമാണ്.
പ്രണയത്തിന്റെ വശ്യസ്പര്‍ശം
മനസിനൊപ്പം ശരീരം കൂടി ചേരുന്ന പ്രണയത്തെ അതിമനേഹരമായി ആവിഷ്‌കരിച്ച ഭരതന്‍ പലപ്പോഴും വിഗ്രഹഭഞ്ജകനായി. ഗുരുസ്ഥാനത്തുളള ടീച്ചറെ പ്രണയിക്കുന്ന വിദ്യാര്‍ത്ഥിയുടെ കഥ പറഞ്ഞ ചാമരം കാമ്പസ് പ്രണയത്തിന്റെ മറ്റൊരു മുഖം കാണിച്ചു തന്നു. പ്രേംനസീറിന്റെ മകന്‍ ഷാനവാസ് ആദ്യമായി നായകനായ പ്രേമഗീതങ്ങള്‍ ക്ലീൻ കാമ്പസ് ലൗസ്‌റ്റോറികളുടെ മികച്ച മാതൃകയായിരുന്നു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഈ ചിത്രം അക്കാലത്ത് വന്‍ഹിറ്റായിരുന്നു.
പ്രേമഗീതങ്ങള്‍, ഇഷ്ടമാണ് പക്ഷെ, കേള്‍ക്കാത്ത ശബ്ദം എന്നീ ചിത്രങ്ങളിലൊക്കെ നായികയായ അംബിക അന്നത്തെ പ്രണയാതുരയായ നാടന്‍ മലയാളിക്കുട്ടിയുടെ മുഖമായിരുന്നു. അംബികയെ മനസില്‍ കൊണ്ട് നടന്ന് ആരാധിച്ച നിരവധി യുവാക്കള്‍ അന്ന് ക്യാംപസിലുണ്ടായിരുന്നു. തൊണ്ണൂറുകളില്‍ പ്രണയത്തിന് പുതിയ മുഖവും ഭാവവും സമ്മാനിച്ച സംവിധായകരുടെ ഗണത്തില്‍ ഹരിഹരനുമുണ്ട്. എം.ടിയുമായി ചേര്‍ന്ന് ഒരുക്കിയ നടക്ഷതങ്ങള്‍ നുറുശതമാനം കേരളത്തനിമയുളള ഒരു പ്രണയകഥയായിരുന്നു. ഒരേ സമയം വീട്ടുജോലിക്കാരിയും വീട്ടുടമയുടെ മകളും നായകനെ പ്രണയിക്കുന്നു. അയാളുടെ ധര്‍മ്മസങ്കടങ്ങള്‍ക്കിടയിലുടെ പ്രണയത്തിന്റെ വിഭിന്നഭാവങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു. മോനിഷയുടെ പ്രണയാര്‍ദ്രമായ മുഖം ആ സിനിമയുടെ പൂർണതയ്ക്ക് ഗണ്യമായ പങ്ക് വഹിച്ചു. ആരണ്യകം എന്ന സിനിയില്‍ ജീവന് തുല്യ സ്‌നേഹിച്ച കാമുകന്റെ മരണത്തിന് കാരണക്കാരനായ മനുഷ്യന് ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന മനുഷ്യസ്‌നേഹിയായ ഒരു നായികയെ അവതരിപ്പിച്ചുകൊണ്ട് പ്രണയകഥയെ മനുഷ്യത്വവുമായി ചേര്‍ത്തു വച്ചു എം.ടിയും ഹരിഹരനും.
ആത്മാവില്‍ മുട്ടി വിളിച്ചതു പോലെ..
സ്‌നേഹാതുരമായ് തൊട്ടുരിയാടിയ പോലെ..
ഒഎന്‍വിയുടെ ഹൃദയാന്തരത്തില്‍ നിന്നുതിര്‍ന്നു വീണ ഗാനം മൂളിയത് ഒരുപാട് തലമുറകളാണ്. എന്നാല്‍ ഹരിഹരന്‍ സ്വയം തിരക്കഥയെഴൂതിയ സര്‍ഗം പ്രണയത്തിന്റെ വേറിട്ടൊരു മുഖം തുറന്നു തന്നു. സംഗീതസാന്ദ്രവും താളനിബദ്ധവുമായ പ്രണയം. മഴയെത്തും മുന്‍പേയില്‍ ഒരേ സമയം രണ്ട് സ്ത്രീകള്‍ ഒരു പുരുഷനെ പ്രണയിക്കുന്നു. വിദ്യാര്‍ത്ഥിനിയുടെ അപക്വമായ പ്രണയവും ഒപ്പം മുതിര്‍ന്ന സ്ത്രീയുടെ പക്വമായ പ്രണയവും. പ്രണയത്തിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങള്‍ ഈ സിനിമ കാണിച്ചു തരുന്നു. കാലം കുറെക്കൂടി മൂന്നോട്ട് പോയപ്പോള്‍ പ്രണയത്തിന്റെ നിറവും മണവും വീണ്ടും മാറി മറിഞ്ഞു. കൂടുതല്‍ നവീകരിക്കപ്പെട്ടു. സിബി മലയില്‍ ഒരുക്കിയ പ്രണയവര്‍ണ്ണങ്ങളും സമ്മര്‍ ഇന്‍ ബേത്ത്‌ലഹേമും മായാമയൂരവും പ്രണയത്തെ പുതിയ തലത്തില്‍ പുനര്‍നിര്‍വചിച്ച സിനിമകളാണ്.
സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ഒരിക്കലും കണ്‍മുന്നില്‍ വെളിപ്പെടാത്ത അജ്ഞാതയായ കാമുകി പുതിയ അനുഭവമായി. രഞ്ജിത്തിന്റെ തിരക്കഥയുടെ മേന്മയും ഇവിടെ എടുത്തു പറയേണ്ടതാണ്. നമ്മള്‍, മേഘമല്‍ഹാര്‍, എന്നീ ചിത്രങ്ങളിലുടെ കമലും മഴയിലൂടെ ലെനിന്‍ രാജേന്ദ്രനും പ്രണയത്തിന് നവഭാഷ്യം രചിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും
ആ തലമുറയില്‍ പ്രണയകഥകളുടെ സര്‍ഗവസന്തം തീര്‍ത്തത് സാക്ഷാല്‍ പ്രിയദര്‍ശനായിരുന്നു. പ്രണയത്തെ ഇത്രമേല്‍ വൈവിധ്യപൂര്‍ണ്ണമായി സാക്ഷാത്കരിച്ച മറ്റൊരു സംവിധായകന്‍ മലയാളത്തിലില്ല.
ഗ്രാമ്യപശ്ചാത്തലത്തില്‍ പുന്നാരം ചൊല്ലി ചൊല്ലി എന്ന പ്രണയകഥ പറഞ്ഞ പ്രിയന്‍ നഗരപശ്ചാത്തലത്തില്‍ ചിത്രവും വന്ദനവും താളവട്ടവും ഒരുക്കി. ഫെയറിടെയ്‌ലിനെ അനുസ്മരിപ്പിക്കുന്ന തേന്മാവിന്‍ കൊമ്പത്ത് മലയാളം അന്നോളം കണ്ട പ്രണയസിനിമകളില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും വേറിട്ടു നിന്നു. മോഹന്‍ലാലിനെ പോലെ പ്രണയഭാവങ്ങള്‍ ഇത്ര ചേതോഹരമായും നൈസര്‍ഗികമായും അവതരിപ്പിച്ച മറ്റൊരു മലയാള നടനില്ല എന്നതും പ്രിയന് മുതല്‍ക്കൂട്ടായി. പ്രണയഗാനങ്ങളുടെ ദൃശ്യവത്കരണത്തില്‍ കൊണ്ടുവന്ന കാവ്യഭംഗിയും പ്രിയന്റെ പ്രത്യേകതയായിരുന്നു.
ഏത് ചരിത്ര സന്ദര്‍ഭത്തിനൊപ്പവും മനോഹരമായി ചേര്‍ത്തു വയ്ക്കാവുന്ന ഒന്നാണ് പ്രണയമെന്ന് നമ്മോട് പറഞ്ഞത് ജയിംസ് കാമറൂണ്‍ ആണെങ്കില്‍ (ചിത്രം : ടൈറ്റാനിക്ക്) കാലാപാനിയിലുടെ പ്രിയന്‍ അതും കാണിച്ചു തന്നു.
ഇതിനിടയില്‍ നിശ്ശബ്ദമായി വന്ന് വലിയ വിജയം കൊയ്ത സിനിമയാണ് സല്ലാപം. നായികയെ രണ്ട് പുരുഷന്‍മാര്‍ പ്രണയിക്കുന്നെങ്കിലും ജീവിതസാഹചര്യങ്ങള്‍ മൂലം അവളെ കൂടെക്കൂട്ടാന്‍ ദുര്‍ബലനായ നായകന് സാധിക്കുന്നില്ല. എന്നാല്‍ മനതന്റേടമുളള മറ്റൊരു പുരുഷന്‍ ആത്മഹത്യയില്‍ നിന്നു പോലും നിര്‍ബന്ധമായി പിന്‍തിരിപ്പിച്ച് അവളെ ഒപ്പം ചേര്‍ക്കുന്നു. പ്രണയത്തിന്റെ വിപരീതദിശയിലുളള രണ്ട് മുഖങ്ങളാണ് ഈ സിനിമയും പറയുന്നത്.
വലന്റൈന്‍സ് ഡേ ഇല്ലാത്ത കാലം
വലന്റൈന്‍സ് ഡേ എന്ന കോണ്‍സപ്റ്റ് പ്രചാരത്തിലെത്തിയിട്ടില്ലാത്ത അക്കാലത്ത് പ്രണയികള്‍ക്കായി ഒരു പ്രത്യേക ദിനം പോലും ആവശ്യമായിരുന്നില്ല. പ്രണയം സദാ നെഞ്ചില്‍ കൊണ്ടു നടന്നിരുന്ന ഒരു തലമുറയായിരുന്നു ആ കാലത്തിന്റെ ഭാഗ്യം. മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന, മുന്നോട്ട് നയിക്കുന്ന, അവന്റെ ക്രിയാത്മകവും സര്‍ഗാത്മകവുമായ കഴിവുകളെ പ്രോജ്ജ്വലിപ്പിക്കുന്ന വികാരമാണ് പ്രണയമെന്ന് മനശാസ്ത്ര വിദഗ്ധര്‍ പണ്ടേ ചൂണ്ടിക്കാട്ടിയിട്ടുണ്ട് പുതിയ കാലത്തു നിന്നുകൊണ്ട് പഴയകാലത്തെ കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയകഥ പറഞ്ഞ എന്ന് സ്വന്തം മൊയ്തീന്‍ ഹൃദ്യമായ പ്രണയാനുഭവമായിരുന്നു. ജൂണിലെ നിലാമഴ പോലെ സുന്ദരമായിരുന്നു ജൂണ്‍ എന്ന സിനിമയിലെ പ്രണയം.
‘ഹൃദയം’ സിനിമയിലെ ദര്‍ശനാ എന്ന വിളി ഏറ്റെടുത്തത് നായികയ്ക്കപ്പുറം ലക്ഷകണക്കിന് പ്രണയിനികളാണ്. സിനിമ വന്‍ഹിറ്റായിത്തീരുകയും ചെയ്തു. ക്യാംപസ് പ്രണയത്തിന്റെ മാറിയ മുഖം അനാവരണം ചെയ്ത തണ്ണീര്‍മത്തന്‍ദിനങ്ങള്‍ക്കൊപ്പം ഓര്‍ത്തു വയ്‌ക്കേണ്ട മറ്റൊരു സിനിമയുണ്ട്. കുറെക്കൂടി പഴയതെങ്കിലും ഇന്നും പുതുമയാര്‍ന്ന ക്ലാസ്‌മേറ്റ്‌സ്. വ്യത്യസ്ത രാഷ്ട്രീയവിശ്വാസങ്ങളില്‍ നിന്നുകൊണ്ട് തന്നെ വിശുദ്ധാനുരാഗത്തിന്റെ വഴിയില്‍ സഞ്ചരിച്ച രണ്ട് കമിതാക്കളുടെ കഥ പറഞ്ഞ ചിത്രം.
ചാര്‍ലി, ഇഷ്‌ക്, മായാനദി, ബാംഗ്ലൂര്‍ഡെയ്‌സ്, തട്ടത്തിന്‍ മറയത്ത്, നന്ദനം, ഒരു ഇന്ത്യന്‍ പ്രണയകഥ.. വ്യത്യസ്ത സമീപനം ഉള്‍ക്കൊളളുന്ന നൂറുകണക്കിന് സിനിമകള്‍ വേറെയുമുണ്ട്.
മലയാളത്തിലെ നവതരംഗ സിനിമകളിലെ ഏറ്റവും മികച്ച പ്രണയാനുഭവമായിരുന്നു ജോജു ജോര്‍ജും ശ്രുതി രാമചന്ദ്രനും അഭിനയിച്ച മധുരം. എനിക്കെന്തിഷ്ടാ ണെന്നറിയ്വോ… എന്ന് പിടയ്ക്കുന്ന കൃഷ്ണമണികളില്‍ വിരിയുന്ന അനുരാഗത്തിനിടയില്‍ നായികാനായകന്‍മാര്‍ പരസ്പരം പറയുമ്പോള്‍ കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകന്റെയും മനസില്‍ പ്രണയമധുരം നിറയുന്നു. ശ്രുതി രാമചന്ദ്രന്റെ പ്രണയം വഴിയുന്ന മുഖവും നുണക്കുഴികളും കണ്ണുകളുമെല്ലാം ആ സിനിമയ്ക്കും കഥാപാത്രത്തിനും പ്രണയാത്മകമായ ആഴം പകര്‍ന്നു.
പ്രണയം ജന്മജന്മാന്തരങ്ങളിലുടെ കടന്ന് വളര്‍ന്ന് മനുഷ്യാത്മാവില്‍ സ്ഥായിയായി കുടിയേറിയ അപൂര്‍വ വികാരമാണ്. അതിനെ സിനിമയിലെ ദൃശ്യപഥങ്ങള്‍ക്കും കഥാപാത്രങ്ങളുടെ ആഹ്‌ളാദവിഷാദങ്ങള്‍ക്കുമപ്പുറം ഗാനങ്ങളിലുടെയും രേഖപ്പെടുത്തുന്നത് എത്ര ഭംഗിയോടെയാണ്. ദശകങ്ങള്‍ക്ക് മുന്‍പ് പ്രണയസിനിമകള്‍ മൂളിയ വരികള്‍ ഇന്നും നമ്മുടെ ഹൃദയം നിധിപേടകം പോലെ സൂക്ഷിക്കുന്നു. താലോലിക്കുന്നു.ഭരതന്റെ പാളങ്ങള്‍ എന്ന സിനിമയിലെ ഈ ഗാനം സറീനാ വഹാബ് എന്ന റൊമാന്റിക് ഫേസുളള നടി പാടി അഭിനയിക്കുമ്പോള്‍ ആരാണ് പ്രണയിച്ചു പോകാത്തത്?
ഏതോ ജന്മകല്‍പ്പനയില്‍
ഏതോ ജന്മ വീഥികളില്‍
എന്‍മുന്നില്‍ നീ വന്നൂ..
ഒരു നിമിഷം ഈ ഒരു നിമിഷം
വീണ്ടും നമ്മളൊന്നായ്…
ഈ വലന്റൈന്‍സ് ദിനത്തിലും തലമുറകള്‍ ഒന്നായി പല ഗാനങ്ങള്‍, പല താളങ്ങള്‍, പല രാഗങ്ങള്‍, പല ഭാവങ്ങള്‍, പല ദൃശ്യങ്ങള്‍ പങ്കിടുമ്പോഴും മനസില്‍ അവശേഷിക്കുന്നത് ഒരു വികാരം മാത്രം. പ്രണയം..
ഹാപ്പി വാലന്റൈന്‍സ് ഡേ…
Source link