സിനിമാ അവാർഡിൽ ‘എഡിറ്റിങ്’; ഇന്ദിരാ ഗാന്ധിയുടെയും നർഗീസ് ദത്തിന്റെയും പേരു വെട്ടി


ന്യൂഡൽഹി ∙ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽനിന്നു മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെയും പ്രശസ്ത നടി നർഗീസ് ദത്തിന്റെയും പേരുകൾ ഒഴിവാക്കി. വിവിധ പുരസ്കാരങ്ങളുടെ തുക വർധിപ്പിക്കുകയും ചില അവാർഡുകൾ ഒരുമിച്ചാക്കുകയും ചെയ്തു. വാർത്താവിതരണ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണിത്. മലയാളത്തിൽനിന്നു പ്രിയദർശൻ സമിതിയിൽ അംഗമായിരുന്നു.  
നവാഗത സംവിധായകന്റെ ചിത്രത്തിനുള്ള പുരസ്കാരമാണ് ഇന്ദിരാ ഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്നത്. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം നർഗീസ് ദത്തിന്റെ പേരിലുമായിരുന്നു. 2022 ലെ പുരസ്കാരങ്ങൾ മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. 

മറ്റു പ്രധാനമാറ്റങ്ങൾ

∙ സംവിധായകനും നിർമാതാവും പങ്കിട്ടിരുന്ന നവാഗത സംവിധായകനുള്ള  3 ലക്ഷം രൂപ പുരസ്കാരത്തുക ഇനി സംവിധായകനു മാത്രം. 

∙ സാമൂഹിക വിഷയത്തിലെ മികച്ച സിനിമ, മികച്ച പരിസ്ഥിതി ചിത്രം, മികച്ച ദേശീയോദ്ഗ്രഥന ചിത്രം എന്നിവയെല്ലാം ഒറ്റ വിഭാഗം. 
∙ മികച്ച ആനിമേഷൻ സിനിമ, സ്പെഷൽ ഇഫക്റ്റ് എന്നിവയുടെ പ്രത്യേക പുരസ്കാരങ്ങൾ   എവിജിസി സിനിമ (ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്, ഗെയിമിങ്, കോമിക്സ്) ഗണത്തിലാക്കി.  ഇതിൽ  ആനിമേഷൻ ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ് എന്നിവർക്കും ആനിമേഷൻ ഡയറ്കടർ/സൂപ്പർവൈസർ വിഭാഗത്തിലും മികച്ച വിഎഫ്എക്സ് സൂപ്പർവൈസർ വിഭാഗത്തിലും പുരസ്കാരങ്ങൾ. 

∙   ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്, സൗണ്ട് ഡിസൈനർ, ഫൈനൽ മിക്സ്   പ്രത്യേകം പുരസ്കാരങ്ങളെല്ലാം ചേർത്ത് ഒറ്റ അവാർഡ് മാത്രം: മികച്ച ശബ്ദ സംവിധാനം.  പുരസ്ക്കാരത്തുക 2 ലക്ഷമാക്കി (മുൻപ് 50,000)  
∙ പ്രത്യേക ജൂറി പുരസ്കാരങ്ങൾ ഇനിയില്ല. ഫീച്ചർ വിഭാഗത്തിലും നോൺ–ഫീച്ചർ വിഭാഗത്തിലുമായി പരമാവധി 2 വീതം ജൂറി പരാമർശങ്ങളുണ്ടാകും. 

∙ ഫീച്ചർ ഇതര വിഭാഗത്തിൽ മികച്ച തിരക്കഥയ്ക്ക് പുരസ്കാരം. 
∙ മികച്ച ശാസ്ത്ര സിനിമ, മികച്ച പ്രമോഷനൽ സിനിമ, പരിസ്ഥിതി ചിത്രം, സാമൂഹിക പ്രസക്തിയുള്ളത് എന്നീ വിഭാഗങ്ങളെല്ലാം ഒരുമിപ്പിച്ചു. പകരം മികച്ച ഡോക്യുമെന്ററി, സാമൂഹിക–പരിസ്ഥിതി വിഷയം കൈകാര്യം ചെയ്യുന്ന മികച്ച നോൺ ഫീച്ചർ സിനിമ എന്നിവ മാത്രം. 

∙  ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരത്തുക 10 ലക്ഷത്തിൽ നിന്നു 15 ലക്ഷമാക്കി. 
∙ മികച്ച ചിത്രം, നവാഗത സിനിമ, ജനപ്രിയ ചിത്രം, കുട്ടികളുടെ ചിത്രം, മികച്ച സംവിധായകൻ എന്നിവർക്കുള്ള സുവർണ കമലം  അവാർഡ് തുക 2 ലക്ഷത്തിൽനിന്നു 3 ലക്ഷമാക്കി ഉയർത്തി. 

∙ നടൻ, നടി എന്നിവർക്കുൾപ്പെടെ ലഭിച്ചിരുന്ന രജത കമല പുരസ്ക്കാരത്തുക ഒന്നര ലക്ഷത്തിൽനിന്നു 2 ലക്ഷമാക്കി.


Source link
Exit mobile version