ഹൂസ്റ്റൺ: അമേരിക്കയിലെ പള്ളിയിൽ വെടിയ്പ് നടത്തിയ യുവതിയെ സുരക്ഷാഗാർഡുകൾ വധിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന ഏഴു വയസുള്ള മകന് ഗുരുതര പരിക്കേറ്റു. യുവതിയുടെ വെടിയേറ്റ് മറ്റൊരാൾക്കും പരിക്കുണ്ട്. ടെക്സസിൽ പതിനാറായിരം പേർക്കു പ്രാർഥിക്കാൻ സൗകര്യമുള്ള ലേക്വുഡ് ഇവാഞ്ചലിക്കൽ പള്ളിയിലാണു സംഭവം. പാസ്റ്റർ ജോയൽ ഒസ്റ്റീൻ നേതൃത്വം നല്കുന്ന പള്ളിയിൽ പ്രാർഥന നടക്കുന്നതിനിടെ രണ്ടു വലിയ തോക്കുകളുമായി എത്തിയ ജനസെ ഇവോനി മൊറീനോ എന്ന മുപ്പത്താറുകാരിയാണ് വെടിയുതിർത്തത്. സുരക്ഷാ ഗാർഡുകൾ ഇവരെ വെടിവച്ചുവീഴ്ത്തുകയായിരുന്നു. മകന്റെ തലയ്ക്കു വെടിയേറ്റത് യുവതിയുടെ തോക്കിൽനിന്നാണോ എന്നതിൽ വ്യക്തതയില്ല.
യുവതിയുടെ തോക്കിൽ പലസ്തീൻ എന്നു രേഖപ്പെടുത്തിയിരുന്നതായി പോലീസ് അറിയിച്ചു. യഹൂദവിരുദ്ധ സന്ദേശങ്ങളും ഇവരിൽനിന്നു കണ്ടെടുത്തു. അതേസമയം ആക്രമണത്തിന്റെ പ്രേരണ സംബന്ധിച്ചു പോലീസ് കൃത്യ നിഗമനത്തിൽ എത്തിയിട്ടില്ല. മുൻ ഭർത്താവിന്റെ ബന്ധുക്കളുമായി യുവതിക്കു പ്രശ്നങ്ങളുണ്ടായിരുന്നതായി സംശയിക്കുന്നു. ഇവരിൽ ചിലർ യഹൂദരാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന യുവതി പലവട്ടം മയക്കുമരുന്ന്, ആയുധ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Source link