കോട്ട∙ രാജസ്ഥാൻ കോട്ടയിൽ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തു. ജാർഖണ്ഡ് സ്വദേശിയായ ശുഭ് ചൗധരിയെയാണ് ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുവർഷമായി കോട്ടയിൽ താമസിച്ച് ജെഇഇ പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ശുഭ്. കഴിഞ്ഞ ദിവസമാണ് പ്രവേശന പരീക്ഷയുടെ ഫലം വന്നത്. പ്രതീക്ഷിച്ച സ്കോർ ശുഭിന് ലഭിച്ചില്ല. ഇതിന്റെ മനോവിഷമത്തിൽ ഹോസ്റ്റലിലേക്ക് മടങ്ങിയ ശുഭ് ആത്മഹത്യ ചെയ്യുകയായിരുന്നു.
ശുഭിന്റെ കുടുംബാംഹങ്ങളെ പൊലീസ് വിവരമറിയിച്ചു. രക്ഷിതാക്കൾ സ്ഥലത്തെത്തിയാൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് വിട്ടുനൽകും.
പ്രവേശന പരീക്ഷകൾക്കായി വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന കോച്ചിങ് സെന്ററുകളുടെ കേന്ദ്രമാണ് കോട്ട. വിദ്യാർഥി ആത്മഹത്യകൾ വർധിച്ച കോട്ടയിൽ ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ആത്മഹത്യയാണ് ഇത്. ആത്മഹത്യകൾ വർധിച്ചതോടെ കുട്ടികളുടെ ദിനചര്യയിൽ മാറ്റങ്ങൾ വരുത്തി മാനസിക സമ്മർദം കുറയ്ക്കാനുള്ള നടപടികൾക്ക് ഉന്നതതല നിർദേശങ്ങൾ വന്നിട്ടുണ്ടെങ്കിലും കുട്ടികളുടെ ആത്മഹത്യ കുറയ്ക്കാൻ ഇതിനൊന്നും സാധിച്ചിട്ടില്ല.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.
English Summary:
IIT aspirant Subh Choudhary found dead in hostel room
Source link