INDIALATEST NEWS

മഹാരാഷ്ട്രയിൽ ചവാന് പിന്നാലെ മറുകണ്ടം ചാടാൻ കോൺഗ്രസ് നേതാക്കൾ; 15 എംഎൽഎമാർ‌ പാർട്ടി വിട്ടേക്കും

മുംബൈ∙ അശോക് ചവാന് പിന്നാലെ സംസ്ഥാനത്തെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ഭരണമുന്നണിയിലെ ബിജെപി, ശിവസേന (ഷിൻഡെ), എൻസിപി (അജിത്) പാർട്ടികളിലേക്ക് നീങ്ങിയേക്കും. 15 കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടിയേക്കുമെന്നാണു വിവരം. കഴിഞ്ഞയാഴ്ച പാർട്ടി വിട്ട ബാബാ സിദ്ദിഖിയുടെ മകൻ ഷീസാൻ സിദ്ദിഖി, പുണെയിൽ നിന്നുള്ള യുവനേതാവ് വിശ്വജിത് കദം, പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ, മുംബൈയിൽ നിന്നുള്ള നേതാക്കളായ അസ്‌ലം ഷെയ്ഖ്, അമീൻ പട്ടേൽ, സഞ്ജയ് നിരുപം, മുൻ മന്ത്രി യശോമതി ഠാക്കൂർ എന്നിവർ കോൺഗ്രസ് വിട്ട് ഭരണപക്ഷത്തെ പാർട്ടികളിലേക്ക് നീങ്ങുമെന്ന് അഭ്യൂഹമുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ സുശീൽകുമാർ ഷിൻഡെയെയും മകൾ പ്രണിതിയെയും ബിജെപി നേരത്തേ തന്നെ സമീപിച്ചിരുന്നു. ഉടൻ ചിത്രം തെളിയുമെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തെ 10–15 എംഎൽഎമാർ അശോക് ചവാനുമായി ബന്ധം പുലർത്തുന്നതായി ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎ രവി റാണ അവകാശപ്പെടുന്നു. ഉദ്ധവ് പക്ഷത്തും എൻസിപി ശരദ് പവാർ പക്ഷത്തും നിന്നും കൂടുതൽ കൊഴിഞ്ഞുപോക്കിനു സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷായുടെ നേതൃത്വത്തിൽ 15നു വിദർഭ മേഖലയിൽ നടത്താനിരിക്കുന്ന പാർട്ടി പരിപാടിയുടെ ഭാഗമായി പ്രതിപക്ഷത്തെ കൂടുതൽ പേരെ എൻഡിഎയിൽ എത്തിക്കാനാണു സംസ്ഥാന ബിജെപിയുടെ പദ്ധതി. അശോക് ചവാന്റെ രാജിക്കു പിന്നാലെ പിസിസി അധ്യക്ഷൻ നാനാ പഠോളെ ഡൽഹിക്കു പുറപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയുടെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നു മുംബൈയിൽ അടിയന്തരയോഗം നടത്തും.


Source link

Related Articles

Back to top button