കെൽവിൻ കിപ്തം കാറപകടത്തിൽ കൊല്ലപ്പെട്ടു
നെയ്റോബി: പുരുഷ മാരത്തണ്‍ ലോക റിക്കാർഡുകാരനായ സൂപ്പർ താരം കെനിയയുടെ കെൽവിൻ കിപ്തം കാറപകടത്തിൽ കൊല്ലപ്പെട്ടു. കിപ്തം ഓടിച്ച വാഹനം നിയന്ത്രണംവിട്ടാണ് അപകടം സംഭവിച്ചത്. കെനിയയുടെ തെക്കു-പടിഞ്ഞാറൻ നഗരമായ കപ്തഗതിൽ വച്ചാണ് കായിക ലോകത്തെ പിടിച്ചുകുലുക്കിയ അപകടത്തിൽ ഇരുപത്തിനാലുകാരനായ കിപ്തത്തിന്റെ ദാരുണാന്ത്യം. താരത്തിനൊപ്പം അദ്ദേഹത്തിന്റെ കോച്ചും കൊല്ലപ്പെട്ടു. എൽഡോറെറ്റ് – കപ്തഗത് റോഡിലായിരുന്നു അപകടം. ഐഒസി (രാജ്യാന്തര ഒളിന്പിക് കമ്മിറ്റി) തലവൻ തോമസ് ബാഷ് അടക്കമുള്ളവർ കെവിൻ കിപ്തമിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുക്കം രേഖപ്പെടുത്തി. ചരിത്രം ബാക്കി… രണ്ട് മണിക്കൂർ ഒരു മിനിറ്റിനുള്ളിൽ മാരത്തണ്‍ ഓട്ടം പൂർത്തിയാക്കുന്ന ഭൂഗോളത്തിലെ ആദ്യ താരമെന്ന റിക്കാർഡ് പേരിനൊപ്പം ചേർത്താണ് കെവിൻ മറഞ്ഞത്. 2023 ഒക്ടോബർ എട്ടിന് നടന്ന ചിക്കാഗോ മാരത്തണിൽ രണ്ട് മണിക്കൂർ 35 സെക്കൻഡിൽ അദ്ദേഹം ഓട്ടം പൂർത്തിയാക്കി. 2023 ലണ്ടൻ മാരത്തണിലും സ്വർണം സ്വന്തമാക്കിയിരുന്നു.
ഏപ്രിൽ 14ന് നടക്കാനിരിക്കുന്ന റോട്ടർഡാം മാരത്തണിൽ പങ്കെടുക്കാനിരിക്കേയാണ് കെവിൻ കിപ്തം അകാലത്തിൽ പൊലിഞ്ഞത്. 2022 ഡിസംബറിൽ വലെൻസിയ മാരത്തണിൽ ജയിച്ച കിപ്തം, 2023 ലണ്ടൻ മാരത്തണിലും വെന്നിക്കൊടി പാറിച്ചു. തന്റെ മൂന്നാമത്തെ മാരത്തണിൽ (ചിക്കാഗൊ) ചരിത്രം കുറിച്ച് റിക്കാർഡ് ബുക്കിൽ ഇടംപിടിക്കുകയും ചെയ്തു. ആഴ്ചയിൽ 300 കിലോമീറ്റർ എന്നതായിരുന്നു കിപ്തത്തിന്റെ പരിശീലനം. രണ്ടാമത് കെനിയൻ താരം കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്പോൾ അപകടത്തിൽപ്പെട്ട് പൊലിയുന്ന രണ്ടാമത് കെനിയൻ മാരത്തണ്‍ താരമാണ് കെവിൻ കിപ്തം. കെനിയയ്ക്കായി ഒളിന്പിക്സ് മാരത്തണിൽ ആദ്യമായി സ്വർണം നേടിയ സാമുവൽ വാൻജിരു ഇരുപത്തിമൂന്നാം വയസിൽ 2011ൽ വീടിന്റെ ബാൽക്കണിയിൽനിന്ന് വീണ് മരിച്ചിരുന്നു.
Source link