CINEMA

അനുശ്രീയെ ചേർത്ത് വ്യാജ വാർത്ത: പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

നടി അനുശ്രീയുടെ പേരു ചേർത്ത് തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തയിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് പങ്കുവച്ചായിരുന്നു നടന്റെ പ്രതികരണം. 
ഉണ്ണി മുകുന്ദനും അനുശ്രീയും ഒന്നിച്ചു സംസാരിക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം ‘മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്നാണ് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. ‘‘ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം?’’ എന്നായിരുന്നു ഈ വ്യാജ പോസ്റ്റ് പങ്കുവച്ച് ഉണ്ണി മുകുന്ദന്‍ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. 

നിരവധിപ്പേരാണ് ഈ വിഷയത്തിൽ ഉണ്ണി മുകുന്ദനെ പിന്തുണച്ചെത്തിയത്. സ്വകാര്യത എന്നത് അഭിനേതാക്കൾക്കും ഉണ്ടെന്നും ഇത്തരം ഊഹാപോഹങ്ങൾ അവരുടെ ജീവിതത്തിലേക്കുള്ള ഒരുതരം കടന്നുകയറ്റമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. 

അതേസമയം, ജയ് ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 11ന്  ചിത്രം തിയറ്ററില്‍ എത്തും. രഞ്‍ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങി നിരവധി പേര്‍ വേഷമിടുന്നുണ്ട്. 

ഒരിടവേളയ്ക്കു ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന തമിഴ് ചിത്രം ‘ഗരുഡനും’ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സൂരിയാണ് ചിത്രത്തിലെ നായകന്‍. ശശി കുമാര്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആർ.എസ്. ദുരൈ സെന്തിൽകുമാറാണ് ചിത്രത്തിന്‍റെ സംവിധാനം. രേവതി ശർമ്മ, ശിവദ, രോഷിണി ഹരിപ്രിയൻ, സമുദ്രക്കനി, മൈം ഗോപി, ആർ.വി.ഉദയകുമാർ, വടിവുകരശി, ദുഷ്യന്ത്, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

English Summary:
Unni Mukundan’s angry response on fake news with Anusree


Source link

Related Articles

Back to top button