കേരളം വിജയപ്രതീക്ഷയിൽ
തോമസ് വർഗീസ് തിരുവനന്തപുരം: പന്തും ബാറ്റും കേരളത്തിന്റെ പൂർണ നിയന്ത്രണത്തിലായതോടെ ബംഗാളിനെതിരേ രഞ്ജി ട്രോഫിയിൽ ആതിഥേയർക്കു വിജയ പ്രതീക്ഷ. അവസാന ദിനം എട്ടു വിക്കറ്റുകൾ വീഴ്ത്താൻ കഴിഞ്ഞാൽ കേരളത്തിന് ശക്തരായ ബംഗാളിനെ തകർക്കാം. ഇന്നലെ ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് 180ൽ അവസാനിപ്പിച്ച കേരളം, രണ്ടാം ഇന്നിംഗ്സിൽ അതിവേഗം റണ്‍സ് എടുത്ത് 64.2 ഓവറിൽ 265 റണ്‍സിന് ആറു വിക്കറ്റ് എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. റോഹൻ എസ്. കുന്നുമ്മൽ (51), സച്ചിൻ ബേബി (51), ശ്രേയസ് ഗോപാൽ (50 നോട്ടൗട്ട്) എന്നിവരുടെ അർധ സെഞ്ചുറികളുടെ പിൻബലത്തിലാണ് കേരളം 265 റണ്‍സ് സ്വന്തമാക്കിയത്. 183 റണ്‍സിന്റെ ഒന്നാം ഇന്നിംഗ് ലീഡ് കേരളത്തിന് സ്വന്തമായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 265 റണ്‍സ് കൂടിയായതോടെ ബംഗാളിന്റെ മുന്നിൽ 448 എന്ന കൂറ്റൻ റണ്‍മല.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ബംഗാളിന് 77 റണ്‍സ് എടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. എട്ടു വിക്കറ്റ് അവശേഷിക്കെ ബംഗാളിന് വിജയലക്ഷ്യത്തിലെത്താൻ 372 റണ്‍സ് കൂടി വേണം. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ അവസാന ദിനം ജലജ് ജക്സേനയ്ക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ ബംഗാളിനു സാധിക്കുമോ എന്നതാണ് ചോദ്യം.
Source link