ബയേണിനു മുകളിൽ ബയേർ
ലെവർകൂസൻ: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ തലപ്പത്തുള്ളവരുടെ പോരാട്ടത്തിൽ ബയേർ ലെവർകൂസനു ജയം. വന്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലെവർകൂസൻ തകർത്തു. ജോസിപ് സ്റ്റാനിസിക് (18’), അലജാൻഡ്രോ ഗ്രിമാൽഡോ (50’), ജെറമി ഫ്രിംപോംഗ് (90+5’) എന്നിവർ ബയേറിനായി ഗോൾ നേടി. ജയത്തോടെ ബയേണുമായുള്ള പോയിന്റ് വ്യത്യാസം ബയേർ ലെവർകൂസൻ അഞ്ചാക്കി ഉയർത്തി. ലീഗിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് ബയേർ. ഈ സീസണിൽ ഇതുവരെ തോൽവി അറിയാതെ 31 മത്സരങ്ങൾ ബയേർ പൂർത്തിയാക്കി. തുടർച്ചയായ 12-ാം ബുണ്ടസ് ലിഗ കിരീടമാണ് ബയേണ്‍ ലക്ഷ്യംവയ്ക്കുന്നതെങ്കിലും ബയേറിൽനിന്നേറ്റ പ്രഹരം ചാന്പ്യന്മാരുടെ മോഹങ്ങൾക്ക് തിരിച്ചടിയായി.
21 മത്സരങ്ങളിൽനിന്ന് 55 പോയിന്റാണ് ബയേർ ലെവർകൂസനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബയേണിന് 50 പോയിന്റും. സ്പാനിഷ് മുൻ മിഡ്ഫീൽഡർ സാബി അലോണ്‍സോയാണ് ലെവർകൂസന്റെ പരിശീലകൻ.
Source link