അണ്ടർ 19 ലോകകപ്പ് ഓസ്ട്രേലിയയ്ക്ക്; ജയം 79 റൺസിന്
ബെനോനി: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യക്ക് മറ്റൊരു ലോകകപ്പ് ഫൈനൽ തോൽവി. 2003ൽ ഐസിസി പുരുഷ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ തോൽവി വഴങ്ങിയ ഇന്ത്യയെ, ഇന്നലെ ബെനോനിയിലെ വില്ലോമൂർ പാർക്കിൽ നടന്ന അണ്ടർ 19 പുരുഷ ഏകദിന ലോകകപ്പ് ഫൈനലിൽ 79 റൺസിനു തോൽപ്പിച്ച് ഓസ്ട്രേലിയ ചാന്പ്യന്മാരായി. സീനിയർ ലോകകപ്പിനു പിന്നാലെ കൗമാര കപ്പും കംഗാരുക്കൾ കൈക്കലാക്കി എന്നതും ശ്രദ്ധേയം. സ്കോർ: ഓസ്ട്രേലിയ 253/7 (50). ഇന്ത്യ 174 (43.5). മൂന്നാം തോൽവി ഓസ്ട്രേലിയയ്ക്കെതിരേ സമീപനാളിൽ ഇന്ത്യയുടെ മൂന്നാം ഫൈനൽ തോൽവിയാണ്. സീനിയർ പുരുഷ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചിരുന്നു. തുടർന്ന് 2023 ഏകദിന ലോകകപ്പ് ഫൈനലിലും സീനിയർ ടീമിനെ ഓസീസ് കീഴടക്കി. 2023 ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇന്ത്യയെ കീഴടക്കിയ ഓസ്ട്രേലിയയ്ക്ക് കൗമാരക്കാർ മറുപടി നൽകുമെന്ന പ്രതീക്ഷയാണ് ഇന്നലെ അസ്തമിച്ചത്. ഓസീസ് ആധിപത്യം ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഹാരി ഡിക്സണ്‍ (56 പന്തിൽ 40), ക്യാപ്റ്റൻ ഹഗ് വെയ്ബ്ജെൻ (66 പന്തിൽ 48), ഇന്ത്യൻ വംശജനായ ഹർജാസ് സിംഗ് (64 പന്തിൽ 55), ഒല്ലി പീക്ക് (43 പന്തിൽ 46 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഓസ്ട്രേലിയ 253ൽ എത്തിയത്. ഒല്ലി പീക്ക് അവസാന ഓവറുകളിൽ നടത്തിയ ആക്രമണമാണ് ഇന്ത്യയുടെ കൈയിൽനിന്ന് മത്സരം അകലാൻ കാരണം. ഇന്ത്യയുടെ രാജ് ലിംബാനി മൂന്നും നമാൻ തിവാരി രണ്ടും വിക്കറ്റ് വീഴ്ത്തി.
254 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യയുടെ തുടക്കം പരുങ്ങലോടെയായിരുന്നു. സ്കോർ മൂന്നിൽ നിൽക്കുന്പോൾ ഓപ്പണർ അർഷിൻ കുൽകർണി (3) പുറത്ത്. മുഷീർ ഖാൻ (33 പന്തിൽ 22), ക്യാപ്റ്റൻ ഉദയ് സഹാറൻ (18 പന്തിൽ 8), സച്ചിൻ ദാസ് (8 പന്തിൽ 8) എന്നിവർ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു. ഓപ്പണർ ആദർശ് സിംഗും (77 പന്തിൽ 47) എട്ടാം നന്പറായി ക്രീസിലെത്തിയ മുരുഗൻ അഭിഷേകുമാണ്( 46 പന്തിൽ 42) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ. ഓസ്ട്രേലിയയ്ക്കുവേണ്ടി മഹിൽ ബിയേഡ്മാനും റാഫ് മക്മില്ലണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Source link