‘ഇന്ത്യ അതിവേഗം മുന്നേറുന്നു; രണ്ടോ മൂന്നോ വർഷത്തിനകം ജപ്പാനെയും ജർമനിയെയും മറികടക്കും’
മുംബൈ ∙ നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം ജപ്പാനെയും ജർമനിയെയും മറികടക്കുമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍. ഇന്ത്യ അതിവേഗത്തിൽ മുന്നേറുകയാണ്. മാറ്റങ്ങളെ സ്വീകരിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഗോന്ദിയയിൽ പൊതുപരിപാടിയിലാണ് ഉപരാഷ്ട്രപതിയുടെ പരാമർശം.
’’ഇന്ന് ലോകരാജ്യങ്ങൾ ഇന്ത്യയിലെ മാറ്റം നോക്കിക്കാണുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മാറ്റങ്ങളെ അംഗീകരിക്കാനും സ്വീകരിക്കാനും തയാറായിട്ടുള്ള സർക്കാരുകളാണ് നമുക്കുള്ളത്. 1989ൽ ഞാൻ ആദ്യമായി പാർലമെന്റ് അംഗമാകുമ്പോൾ രാജ്യം കടന്നുപോകുന്നത് ദുഷ്കരമായ കാലഘട്ടത്തിലൂടെയായിരുന്നു. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഫ്രാൻസിലേക്ക് സ്വർണം കരുതൽ നിക്ഷേപമായി നൽകണമായിരുന്നു.എന്നാൽ ഇന്ന് നാം കാനഡയെയും ഫ്രാൻസിനെയും യുകെയെയും മറികടന്ന് അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി. അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം ജർമനിയെയും ജപ്പാനെയും മറികടക്കും. രാജ്യത്തെ അസമത്വം ഇല്ലാതാക്കുന്നതിൽ സുപ്രധാന ഘടകം വിദ്യാഭ്യാസമാണ്. 2047നകം വികസിത ഭാരതമെന്ന ലക്ഷ്യവുമായാണ് ഇന്ത്യ മുന്നേറുന്നത്. സ്വച്ഛ ഭാരത്, പാചക വാതക കണക്‌ഷൻ, കുടിവെള്ള ലഭ്യത എന്നിവ ഉറപ്പാക്കാനായി.വനിതാ സംവരണത്തിലൂടെ സ്ത്രീ ശാക്തീകരണം യാഥാര്‍ഥ്യമാക്കി. കർഷകരുടെ അധ്വാനത്തിന് അവർ അർഹിക്കുന്ന പ്രതിഫലം നൽകണം. അതിനായി കാർഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തയാറാവണം’’– ഉപരാഷ്ട്രപതി പറഞ്ഞു.
English Summary:
“In Two To Three Years, India Will Move Ahead Of Japan, Germany”: Vice President
Source link