തോമസ് വർഗീസ് തിരുവനന്തപുരം: അക്ഷയ്യുടെ സെഞ്ചുറി പോരാട്ടം കേരളത്തിന്റെ സ്കോർ 350 കടത്തിയപ്പോൾ ജലജ് സക്സേനയുടെ പന്ത് ബംഗാളിന്റെ വിക്കറ്റുകൾ പിഴുതെടുത്തു. രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരേ ഒന്നാം ഇന്നിംഗ്സിൽ 363 റണ്‍സിനു പുറത്തായ കേരളം, 172 റണ്‍സിനിടെ അവരുടെ എട്ടു വിക്കറ്റ് പിഴുതു. രണ്ടാം ദിനത്തെ കളി അവസാനിച്ചപ്പോൾ ബംഗാളിനു വേണ്ടി 27 റണ്‍സുമായി കരണ്‍ ലാലും ഒന്‍പതു റണ്‍സോടെ സൂരജ് ജസ്വാളുമാണ് ക്രീസിൽ ഒന്നാം ദിനം സച്ചിൻ ബേബിക്ക് ഉറച്ച പിന്തുണ നല്കിയ അക്ഷയ് ചന്ദ്രൻ ഇന്നലെ സെന്റ് സേവ്യേഴ്സ് സ്റ്റേഡിയത്തിൽ തന്റെ പേരിൽ സെഞ്ചുറി കുറിച്ചു. 222 പന്തുകളിൽ നിന്ന് ഒന്‍പത് ബൗണ്ടറി ഉൾപ്പെടെ 106 റണ്‍സ് അക്ഷയ് സ്വന്തമാക്കി. നാലിന് 256 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് സ്കോർ 291 ൽ നിൽക്കേ 124 റണ്‍സ് എടുത്ത സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായി.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസറുദ്ദീൻ (13), ശ്രേയസ് ഗോപാൽ (2) എന്നിവർ വേഗം മടങ്ങി. വാലറ്റം അതിവേഗം പവലിയനിലേക്ക് മടങ്ങുന്നതിനിടെ ബേസിൽ തന്പി ചെറിയ പ്രതിരോധം തീർത്തു. 40 പന്ത് നേരിട്ട ബേസിൽ ഒരു സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 20 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാളിന്റെ ആദ്യ വിക്കറ്റ് സ്കോർ 41ൽ എത്തിയപ്പോൾ നഷ്ടമായി. 107 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ നിന്ന് എട്ടിന് 151 എന്ന നിലയിലേക്ക് ബംഗാൾ കൂപ്പുകുത്തി. ഇന്നലെ ബംഗാളിന് നഷ്ടമായ എട്ടിൽ ഏഴ് വിക്കറ്റും ജലജ് സക്സേന സ്വന്തമാക്കി. 20 ഓവറിൽ 67 റണ്‍സ് വിട്ടുകൊടുത്താണ് ജലജിന്റെ ഏഴുവിക്കറ്റ് പ്രകടനം.
Source link