‘കേരളം സാമ്പത്തിക അനാരോഗ്യമുള്ള സംസ്ഥാനം; കൊച്ചി മെട്രോ വായ്പ തിരിച്ചടച്ചത് കേന്ദ്രം: ഹർജി തള്ളണം’

ന്യൂഡല്‍ഹി∙ സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അടിയന്തരമായി 26,226 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീംകോടതിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അധിക കടമെടുപ്പ് അനുവദിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം മറുപടി നല്‍കിയിരിക്കുന്നത്.  കടമടുപ്പ് നയപരമായ വിഷയമാണെന്നും കോടതി ഇടപെടരുതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. 
അടിയന്തര കടമെടുപ്പിന് കേരളത്തിന് അവകാശമില്ലെന്നും പതിനഞ്ചാം ധനകാര്യകമ്മിഷന്‍ സംസ്ഥാനത്തെ ഉയര്‍ന്ന കടബാധ്യതയുള്ള സംസ്ഥാനമായി വിലയിരുത്തുവെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചുള്ള സിഎജി, ധനകാര്യകമ്മിഷന്‍ റിപ്പോര്‍ട്ടുകളും സംസ്ഥാനകേന്ദ്ര കത്ത് ഇടപാടുകളും സത്യവാങ്മൂലത്തിനൊപ്പം നല്‍കിയിട്ടുണ്ട്. 

സംസ്ഥാനങ്ങള്‍ കടക്കെണിയിലാകുന്നത് രാജ്യത്തിന്റെ പൊതുധനസ്ഥിതിയെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കുന്നു. കേന്ദ്രത്തിന്റെയും സംസ്ഥാനസര്‍ക്കാരുകളുടെയും കടമെടുപ്പിനെ താരതമ്യപ്പെടുത്തുന്ന കേരളത്തിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

കേരളത്തിലെ അനാരോഗ്യകരമായ സാമ്പത്തികവ്യവസ്ഥ സംബന്ധിച്ച് നിരവധി ഏജന്‍സികള്‍ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. ധനകാര്യമാനേജ്‌മെന്റിലും കേരളം പിന്നാക്കമാണ്. ഏറെ കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്ന് 15ാം ധനകാര്യ കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചെലവ് ഏറെ കൂടുതലാണ്. 

2016 ല്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ ദൈനംദിന ചെലവുകള്‍ക്ക് പണമില്ലെന്ന് സംസ്ഥാനം തന്നെ വ്യക്തമാക്കുന്നു. നികുതി വരുമാനത്തെക്കാള്‍ കേരളത്തില്‍ കടമാണ് കൂടുന്നത്. ഏറെ പ്രശ്‌നങ്ങളുള്ള 5 സംസ്ഥാനങ്ങളുടെ പട്ടികയിലാണ് റിസര്‍വ് ബാങ്ക് 2022ല്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടബാധ്യത പരിഹരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. 2016-17ലെ സിഎജി റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ സാമ്പത്തികനില തകര്‍ച്ചയിലാണെന്നു ചൂണ്ടിക്കാട്ടിയിരുന്നുവെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 2017ല്‍ കോഴിക്കോട് ഐഐഎം നടത്തിയ പഠനത്തില്‍ കേരളത്തിന്റെ സാമ്പത്തിക കെടുകാര്യസ്ഥത വ്യക്തമാക്കിയിരുന്നു. കേരളം ലോകബാങ്കില്‍ നിന്നടക്കം കടമെടുത്തിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രത്തിനാണ്. 
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് എഎഫ്ഡിയില്‍നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതില്‍ 2014 മുതല്‍ കേരളം വീഴ്ച വരുത്തിയിരുന്നു. പിന്നീട് കേന്ദ്രമാണ് ഈ തുക അടച്ചത്. കിഫ്ബി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ എടുത്ത വായ്പ കൂടി ഉള്‍പ്പെടുത്തിയാല്‍ കേരളത്തിന്റെ കടം ഏറെ അധികമാകും. 

വലിയ കടബാധ്യതയില്‍ നില്‍ക്കുന്ന സംസ്ഥാനത്തിന് വീണ്ടും കടമെടുക്കാന്‍ അനുവാദം നല്‍കിയാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും രാജ്യത്തിന്റെ പൊതുധനസ്ഥിതിയെ ഇത് ബാധിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. 

English Summary:
Borrowing policy issue, court should not interfere: Center to reject Kerala’s demand


Source link
Exit mobile version