INDIALATEST NEWS

എൻസിപിക്ക് കരുത്തായി ബാബാ സിദ്ദിഖി; അധ്യക്ഷനായേക്കും

മുംബൈ ∙ കോൺഗ്രസ് വിട്ട മുൻ മന്ത്രി ബാബാ സിദ്ദിഖി ഇന്ന് അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിയിൽ ചേരും. എൻസിപി മുംബൈ അധ്യക്ഷസ്ഥാനം, രാജ്യസഭാ സീറ്റ് എന്നിവയിലൊന്ന് ബാബാ സിദ്ദിഖിക്ക് നൽകിയേക്കും.
 എൻസിപി പിളർത്തി എൻഡിഎ സർക്കാരിന്റെ ഭാഗമായ അജിത് പവാർ വിഭാഗത്തിന് മുംബൈയിൽ കരുത്തരായ നേതാക്കളില്ല. ഇൗ സാഹചര്യത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങളിലും ബാന്ദ്രയിലെ ബോളിവുഡ് താരങ്ങൾക്കും വ്യവസായികൾക്കുമിടയിൽ സ്വാധീനമുള്ള ബാബാ സിദ്ദിഖിയെ കോൺഗ്രസിൽ നിന്ന് അടർത്തിമാറ്റിയിരിക്കുന്നത്. 

 നിലവിൽ മന്ത്രി ഛഗൻ ഭുജ്ബലിന്റെ അനന്തരവൻ സമീർ ഭുജ്ബലാണ് എൻസിപി മുംബൈ ഘടകം അധ്യക്ഷൻ. നാസിക് സ്വദേശിയായ സമീറിന് നഗരത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായിട്ടില്ല. അതിനാൽ, മുംബൈയിൽ നിന്നുള്ള നേതാവ് തന്നെ സിറ്റി ഘടകത്തെ നയിക്കാൻ വേണമെന്നതാണ് അജിത് പവാറിന്റെ നിലപാട്. ബാബാ സിദ്ദിഖിയുടെ മകൻ ഷീസാൻ സിദ്ദിഖിയാണ് ബാന്ദ്രാ ഇൗസ്റ്റിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഷീസാനെ എൻസിപി പാളയത്തിലെത്തിച്ച് ഇൗ സീറ്റ് പിടിച്ചെടുക്കാമെന്നും അജിത് വിഭാഗം കണക്കാക്കുന്നു. ഷീസാൻ നിലവിൽ കോൺഗ്രസിൽ നിന്നു രാജിവച്ചിട്ടില്ല.  സിദ്ദിഖിയുടെ രാജി കോൺഗ്രസിന് ബാന്ദ്ര മേഖലയിൽ കനത്ത നഷ്ടമാണ്. വർഷങ്ങളായി പാർട്ടിക്ക് മേഖലയിലുണ്ടായിരുന്ന മേൽക്കൈയാണ് ഇല്ലാതാവുന്നത്.

English Summary:
Former Congress MLA Baba Siddique to join NCP


Source link

Related Articles

Back to top button