ഓസീസ് ജയം

ബ്ലൻഡ്സ്റ്റോണ് അരീന: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി-20ൽ ഓസ്ട്രേലിയയ്ക്ക് 11 റണ്‍സ് ജയം. ഓസ്ട്രേലിയ ഉയർത്തിയ 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബറ്റുവീശിയ വിൻഡീസിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്നു മത്സരങ്ങളടങ്ങിയ പരന്പരയിൽ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. സ്കോർ: ഓസ്ട്രേലിയ: 20 ഓവറിൽ 213/7. വെസ്റ്റ് ഇൻഡീസ്: 20 ഓവറിൽ 202/8. കരിയറിലെ 100-ാം മത്സരത്തിൽ (36 പന്തിൽ 12 ഫോർ ഒരു സിക്സും ഉൾപ്പെടെ 70 റണ്‍സ്) മിന്നും ഫോമിൽ അർധസെഞ്ചുറി നേടിയ വാർണറാണ് കളിയിലെ താരം. വിൻഡീസ് ക്യാപ്റ്റൻ റൊവ്മാൻ പവൽ ഓസീസിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഡേവിഡ് വാർണർ- ജോഷ് ഇംഗ്ലിസ് സഖ്യം പവർപ്ലെ അവസാനിക്കുന്പോൾ സ്കോർ 77ൽ എത്തിച്ചു. 8.3 ഓവറിൽ 93 റണ്‍സിലെത്തിയ സഖ്യത്തെ പിരിച്ചത് ജേസണ്‍ ഹോൾഡറാണ്. ഏഴാമനായെത്തിയ ടിം ഡേവിഡ് (17 പന്തിൽ 37 റണ്‍സ്) കൂറ്റനടികളുമായി കളം നിറഞ്ഞതോടെ സ്കോർ 200 കടന്നു.
നൂറിൽ മൂന്നാമൻ വാർണർ… ട്വന്റി-20ൽ നൂറ് മത്സരം പൂർത്തിയാക്കി ഡേവിഡ് വാർണർ. അർധസെഞ്ചുറി തികച്ചാണ് വാർണർ നൂറാം മത്സരം ആഘോഷിച്ചത് (36 പന്തിൽ 70 റണ്‍സ്) അടിച്ചെടുത്തു. നൂറാം ഏകദിന മത്സരത്തിൽ സെഞ്ചുറിയും നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയും നേടിയ വാർണർ നൂറാം ട്വന്റി-20ൽ അർധസെഞ്ചുറിയും കളിയിലെ താരവുമെന്ന നേട്ടത്തിനും അർഹനായി. ഇതോടെ മൂന്നു ഫോർമാറ്റിലും 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന മൂന്നാമത്തെ താരമായി. ഇന്ത്യയുടെ വിരാട് കോഹ്ലിയും, ന്യൂസിലൻഡിന്റെ റോസ് ടെയ്ലറുമാണ് ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും 100 മത്സരങ്ങൾ കളിച്ചിട്ടുള്ളത്.
Source link