പാക്കിസ്ഥാനിൽ അനിശ്ചിതത്വം ; പിടിഐ സ്വതന്ത്രർ മുന്നിൽ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ പിന്തുണച്ച സ്വതന്ത്രർക്കു ലീഡ്. ഫലം പ്രഖ്യാപിച്ച 224 ദേശീയ അസംബ്ലി സീറ്റുകളിൽ 92 എണ്ണം പിടിഐ പിന്തുണച്ച സ്വതന്ത്രർ നേടി. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച വോട്ടെണ്ണൽ ഇന്നലെയും തുടരുകയാണ്. ഫലം വൈകുന്നതിനിടെ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് പിടിഐ രംഗത്തെത്തി. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) 63 സീറ്റോടെ രണ്ടാം സ്ഥാനത്തും ബിലാവൽ ഭൂട്ടോ നേതൃത്വം നല്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 50 സീറ്റോടെ മൂന്നാം സ്ഥാനത്തുമാണ്. മറ്റു സീറ്റുകൾ ചെറുപാർട്ടികൾ നേടി. തന്റെ പാർട്ടി വലിയ ഒറ്റക്കക്ഷിയായെന്ന് നവാസ് ഷരീഫ് അവകാശപ്പെട്ടു. പാക്കിസ്ഥാനിൽ സുസ്ഥിര സർക്കാരിനായി കൈകോർക്കാൻ രാഷ്ട്രീയ പാർട്ടികളോട് ഷരീഫ് ആഹ്വാനം ചെയ്തു. സൈന്യത്തിന്റെ പിന്തുണ നവാസിനായിരുന്നു. 336 അംഗ ദേശീയ അസംബ്ലിയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 169 പേരുടെ പിന്തുണയാണ്. സ്ഥാനാർഥിയുടെ നിര്യാണത്തെത്തുടർന്ന് ഒരു സീറ്റിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. സ്ത്രീകൾക്കായി സംവരണം ചെയ്ത 60 സീറ്റുകളും ന്യൂനപക്ഷങ്ങൾക്കുള്ള പത്തു സീറ്റും ഉൾപ്പെടെയാണ് 336 സീറ്റ്. അഴിമതിക്കേസിൽ ഇമ്രാൻ ഖാൻ ജയിലിലാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇദ്ദേഹത്തിനു വിലക്കുണ്ടായിരുന്നു. പാർട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് ലഭിക്കാത്തതിനെത്തുടർന്ന് പിടിഐ (പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ്) പാർട്ടി സ്ഥാനാർഥികൾ സ്വതന്ത്രരായാണു മത്സരിച്ചത്.
മൂന്നു തവണ പ്രധാനമന്ത്രിയായ നവാസ് ഷരീഫ്, മുൻ പ്രധാനമന്ത്രിയും സഹോദരനുമായ ഷെഹ്ബാസ് ഷരീഫ്, നവാസിന്റെ മകൾ മറിയം, ഷെഹ്ബാസിന്റെ മകൻ ഹംസ എന്നിവർ വിജയിച്ചു. പിപിപി നേതാക്കളായ ആസിഫ് അലി സർദാരി, മകൻ ബിലാവൽ ഭൂട്ടോ എന്നിവർ ലീഡ് ചെയ്യുകയാണ്. മുൻ പ്രതിരോധമന്ത്രിയും പിടിഐ നേതാവുമായ പർവേസ് ഖട്ടക് തോറ്റു. പ്രവിശ്യാ അസംബ്ലികളിൽ സിന്ധിൽ പിപിപിക്കാണു ഭൂരിപക്ഷം. ഫലമറിഞ്ഞ 53 സീറ്റുകളിൽ 45എണ്ണം പിപിപി നേടി. ഖൈബർ പഖ്തുൺക്വ അസംബ്ലിയിലെ 50 സീറ്റുകളിൽ 45 എണ്ണം പിടിഐ പിന്തുണച്ച സ്വതന്ത്രർക്കാണ്. പഞ്ചാബ് അസംബ്ലിയിൽ പിഎംഎൽ-എൻ 39 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായി. സ്വതന്ത്രർ 33 സീറ്റ് നേടി. നൂറ്റന്പതിലേറെ ദേശീയ അസംബ്ലി സീറ്റുകൾ നേടിയെന്നും സർക്കാർ രൂപവത്കരിക്കുമെന്നും പിപിപി, പിഎംഎൽ-എൻ പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും പിടിഐ ചെയർമാൻ ബാരിസ്റ്റർ ഗോഹർ ഖാൻ പറഞ്ഞു. പഞ്ചാബ്, ഖൈബർ പഖ്തുൺക്വ പ്രവിശ്യകളിൽ സർക്കാരുണ്ടാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Source link