ഏഷ്യൻ രാജാവിനെ ഇന്നറിയാം
ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ചാന്പ്യനെ ഇന്ന് നിർണയിക്കും. ലൂസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8.30ന് നടക്കുന്ന ഫൈനലിൽ ആതിഥേയരായ ഖത്തർ ജോർദാനെ നേരിടും. നിലവിലെ ചാന്പ്യന്മാരായ ഖത്തർ കിരീടം നിലനിർത്താനുള്ള തയാറെടുപ്പിലാണ്. അതേസമയം, ചരിത്രത്തിൽ ആദ്യമായാണ് ജോർദാൻ ഫൈനലിൽ പ്രവേശിക്കുന്നത്. 2004, 2011 എഡിഷനുകളിൽ ക്വാർട്ടറിൽ പ്രവേശിച്ചതായിരുന്നു ജോർദാന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. ഫൈനലിലേക്കുള്ള വഴി ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്തോടെയാണ് ഖത്തർ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. പ്രീക്വാർട്ടറിൽ പലസ്തീനെയും (2-1) ക്വാർട്ടറിൽ ഉസ്ബക്കിസ്ഥാനെയും (ഷൂട്ടൗട്ടിൽ 3-2) തോൽപ്പിച്ചു. തുടർന്ന് സെമിയിൽ ഇറാനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 3-2നു കീഴടക്കിയായിരുന്നു ഖത്തറിന്റെ ഫൈനൽ പ്രവേശം.
ഗ്രൂപ്പ് ഇയിൽ ബെഹറിനും ദക്ഷിണകൊറിയയ്ക്കും പിന്നിലായി മൂന്നാം സ്ഥാനക്കാരായ ജോർദാൻ, മികച്ച മൂന്നാം സ്ഥാനക്കാരുടെ സ്ലോട്ടിലൂടെയായിരുന്നു പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. പ്രീക്വാർട്ടറിൽ ഇറാക്കിനെയും (3-2) ക്വാർട്ടറിൽ തജിക്കിസ്ഥാനെയും (1-0) സെമിയിൽ ദക്ഷിണകൊറിയയെയുമാണ് (2-0) ജോർദാൻ മറികടന്നത്.
Source link