സച്ചിൻ ബേബിക്ക് സെഞ്ചുറി; രഞ്ജി ട്രോഫിയിൽ കേരളം ശക്തമായ നിലയിൽ
തോമസ് വർഗീസ് തിരുവനന്തപുരം: ബംഗാൾ ബൗളിംഗ് പടയ്ക്കു സച്ചിനെ തളയ്ക്കാനായില്ല. പേസർമാരെയും സ്പിന്നർമാരെയും തുന്പ സ്റ്റേഡിയത്തിൽ തലങ്ങും വിലങ്ങും അടിച്ചു പായിച്ച സച്ചിൻ ബേബിയുടെ സെഞ്ചുറി മികവിൽ രഞ്ജി ട്രോഫിയിൽ ആദ്യദിനം ബംഗാളിനെതിരേ കേരളം ശക്തമായ നിലയിൽ. ഒന്നാം ദിനം സ്റ്റംപ് എടുക്കുന്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 265 എന്ന നിലയിലാണ് കേരളം. സെഞ്ചുറിയുമായി സച്ചിൻ ബേബിയും (110) അർധസെഞ്ചുറിയുമായി അക്ഷയ് ചന്ദ്രനുമാണ് (76) ക്രീസിൽ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കം ശുഭകരമായിരുന്നില്ല. സ്കോർ 26ൽ എത്തിയപ്പോൾ ആദ്യവിക്കറ്റ് നഷ്ടമായി. 13 റണ്‍സ് എടുത്ത ഓപ്പണർ രോഹൻ കുന്നുമ്മേലിനെ സൂരജ് ജസ്വാളിന്റെ പന്തിൽ മനോജ് തിവാരി ക്യാച്ചിലൂടെ പുറത്താക്കി. സ്കോർ 40ൽ എത്തിയപ്പോൾ രണ്ടാം വിക്കറ്റ് നഷ്ടമായി, 15 പന്തിൽ മൂന്നു റണ്‍സുമായി രോഹൻ പ്രേം പവലിയനിലേക്ക്. തുടർച്ചയായി രണ്ട് വിക്കറ്റ് വീണതോടെ കേരളത്തിന്റെ അതിഥിതാരവും ഓപ്പണറുമായ ജലജ് സക്സേന പ്രതിരോധത്തിലേക്ക് മാറി. ജലജിന് കൂട്ടായി മറുവശത്ത് സച്ചിൻ ബേബി എത്തിയതോടെ കേരളം തുന്പയിൽ താളം കണ്ടെത്തി. ഇരുവരും ചേർന്ന് സ്കോർ മെല്ലെ ഉയർത്തി. സ്കോർ 82ൽ നിൽക്കേ 118 പന്തിൽ അഞ്ച് ബൗണ്ടറി ഉൾപ്പെടെ 40 റണ്‍സ് നേടിയ ജലജിനെ അമിത് മിശ്ര അഭിഷേക് പോരലിന്റെ കൈകളിലെത്തിച്ചു.
തുടർന്നെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണിനെ അധിക സമയം ക്രീസിൽ നിർത്താൻ ബംഗാൾ സംഘം സമ്മതിച്ചില്ല. 17 പന്ത് നേരിട്ട് എട്ടു റണ്സുമായിനിന്ന സഞ്ജുവിനെ ഷഹ്ബാസിന്റെ പന്തിൽ ക്യാപ്റ്റൻ മനോജ് തിവാരിയുടെ കൈകളിലെത്തിച്ചു. സച്ചിൻ-അക്ഷയ് കൂട്ടുകെട്ട് ആദ്യദിനത്തെ ആദ്യ 40 ഓവറുകൾ പ്രതിരോധ ബാറ്റിംഗ് ആയിരുന്നെങ്കിൽ തുടർന്ന് തുന്പയിൽ കണ്ടത് കേരളത്തിന്റെ ‘റോക്കറ്റ് ’ കുതിപ്പായിരുന്നു. ഇരുവരും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 251 പന്തിൽനിന്ന് 153 റണ്‍സ് സ്വന്തമാക്കി. പേസർമാരെയും സ്പിന്നർമാരെയും മാറിമാറി പരീക്ഷിച്ചിട്ടും ഇവരുടെ കൂട്ടുകെട്ട് തകർക്കാൻ ബംഗാൾ സംഘത്തിനു കഴിഞ്ഞില്ല. 220 പന്ത് നേരിട്ട് 10 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 110 റണ്‍സുമായി പുറത്താകാതെ നിൽക്കുന്ന സച്ചിൻ കേരള ഇന്നിംഗ്സിന് അടിത്തറ പാകി. ഈ രഞ്ജി സീസണിൽ സച്ചിൻ ബേബിയുടെ മൂന്നാം സെഞ്ചുറിയാണ്. ഓപ്പണിംഗ് ബാറ്റർമാർക്കു കാലിടറിയപ്പോൾ മധ്യനിരയിൽ ഇറങ്ങി മികച്ച ബാറ്റിംഗ് കാഴ്ച്ചവച്ച അക്ഷയ് ചന്ദ്രൻ കേരള സ്കോർ 250 കടത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. 150 പന്തിൽ നിന്നും ഏഴു ബൗണ്ടറി ഉൾപ്പെടെ 76 റണ്‍സാണ് ഇന്നലെ സ്റ്റംപ് എടുക്കുന്പോൾ അക്ഷയ്യുടെ സന്പാദ്യം.
Source link