‘എനിക്ക് അയച്ച സമൻസുകളുടെ അത്രയും സ്കൂളുകൾ തുറക്കും; ഡല്‍ഹിയെ സമ്പൂർണ സംസ്ഥാനമാക്കണം’

ന്യൂ‍ഡല്‍ഹി∙ തനിക്ക് അയച്ച സമൻസുകളുടെ അത്രയും സ്‍കൂളുകള്‍ തുറക്കുമെന്ന പ്രഖ്യാപനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. മയൂർ വിഹാർ ഫെയ്സ് ത്രീയിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യതലസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒരു സമയത്തു പൊതുജനങ്ങൾക്കു യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. പാവപ്പെട്ട വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുന്ന തരത്തിലായിരുന്നു ഡല്‍ഹിയിലെ സ്കൂളുകൾ പ്രവര്‍ത്തിച്ചിരുന്നത്. എന്നാൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്ന ശേഷം മികച്ച സർക്കാർ സ്കൂളുകൾ ആരംഭിച്ചെന്നും ഒന്നരലക്ഷം വിദ്യാർഥികൾ ഈ സ്കൂളുകളിൽ പഠിക്കുന്നുണ്ടെന്നും അരവിന്ദ് കേജ്‍രിവാൾ അവകാശപ്പെട്ടു. ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് അഞ്ച് തവണ സമന്‍സ് അയച്ചിട്ടും കേജ്‍രിവാൾ ഹാജരായിരുന്നില്ല. ഇതിനുപിന്നാലെ ഫെബ്രുവരി 17നു നേരിട്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി റോസ് അവന്യു കോടതി കേജ്‍രിവാളിന് നോട്ടിസ് അയച്ചിരുന്നു. 
ഡല്‍ഹിയിലെ എല്ലാ വിദ്യാർഥികൾക്കും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും കേജ്‌രിവാൾ പറഞ്ഞു. പഴയ കെട്ടിടങ്ങൾ സമ്പൂർണമായും പൊളിച്ചുമാറ്റിയാണു പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്. മികച്ച അടിസ്ഥാനസൗകര്യവും ലബോറട്ടറിയും ലൈബ്രറിയുമെല്ലാം പുതിയ സ്കൂൾ കെട്ടിടങ്ങളിലുണ്ട്. വിദ്യാർഥികൾക്കു മികച്ച വിദ്യാഭ്യാസം നൽകണമെന്ന  ബി.ആർ.അംബേദ്കറുടെ സ്വപ്നം ആം ആദ്മി പാർട്ടി സാക്ഷാത്‌കരിക്കും. ജനങ്ങൾക്കു നൽകിയ വാക്കു പാലിച്ച് അവർക്കുവേണ്ടി എല്ലാ സൗകര്യവും ഒരുക്കുന്നവനെ ആണോ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാത്തവരെയാണോ കള്ളനെന്നു വിളിക്കേണ്ടതെന്നു നിങ്ങൾ തീരുമാനിക്കണമെന്നും കേജ്‍രിവാൾ വ്യക്തമാക്കി. 

‘‘ഡൽഹി ഒരു കേന്ദ്രഭരണ പ്രദേശം കൂടിയാണ്. സംസ്ഥാന സർക്കാരിനുമേൽ വലിയ കുഴപ്പങ്ങളാണു ബിജെപി സൃഷ്ടിക്കുന്നത്. ഡൽഹിയെ ഒരു സമ്പൂർണ സംസ്ഥാനമാക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം കേന്ദ്രസർക്കാർ‌ ഡല്‍ഹിക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. അവർ എന്നെയൊന്നും ചെയ്യാൻ സമ്മതിക്കുന്നുമില്ല’’ – അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.

English Summary:
Will open as many schools as no of summonses sent to me : Arvind kejriwal


Source link
Exit mobile version