കോവിഡ് കാലത്തെ ഉപകാരി, പിന്നെ പീഡനക്കേസ്; തിരഞ്ഞെടുപ്പു മോഹം വിഫലം, ‘ലൈവ്’ കൊലപാതകം

മുംബൈ∙ ശിവസേന (ഉദ്ധവ് താക്കറെ) നേതാവും മുൻ എംഎൽഎയുമായ വിനോദ് ഗോസാൽക്കറുടെ മകൻ അഭിഷേക് ഗോസാൽക്കറെ (40) ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവച്ചുകൊന്ന ശേഷം അക്രമി സ്വയം വെടിവച്ച് ജീവനൊടുക്കിയ സംഭവം ആസൂത്രിതമെന്നു റിപ്പോർട്ട്. ഒട്ടേറെ കേസുകളിൽ പ്രതിയായ മോറിസ് നെറോണയാണ് മുൻ കോർപറേറ്ററായ അഭിഷേകിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. കനത്ത പക മനസ്സിൽ സൂക്ഷിച്ചാണ്, പ്രശ്ന പരിഹാരത്തിനെന്ന പേരിൽ നെറോണ അഭിഷേകിനെ വിളിച്ചുവരുത്തിയതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായി ഫെയ്സ്ബുക് ലൈവിൽ നെറോണ നടിക്കുകയും ചെയ്തു.
‘‘ഞാനും മോറിസും ഇവിടെ വേദി പങ്കിടുന്നതുകണ്ട് ആളുകൾ അദ്ഭുതപ്പെടുന്നുണ്ടാകും. ജനത്തിന്റെ നന്മയ്ക്കായിട്ടാണ് ഞങ്ങൾ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ഒരുമിക്കുന്നത്. ഐസി കോളനിയുടെയും സമീപ പ്രദേശങ്ങളുടെയും ക്ഷേമത്തിനായി സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും’’ – ഫെയ്സ്ബുക് ലൈവിൽ അഭിഷേക് പറഞ്ഞു. തങ്ങൾക്കിടയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നതായും ഫെയ്സ്ബുക് ലൈവിൽ അഭിഷേക് വ്യക്തമാക്കിയിരുന്നു.
कुछ दिनों पहले महाराष्ट्र के पुलिस थाने के अंदर BJP विधायक ने गोलियां चलाई थी,और आज Live कैमरे पर शिवसेना (UBT) के नेता Abhishek Ghosalkar पर गोलियां चलाई गयी।ये ‘जंगलराज’ नही तो फिर क्या? pic.twitter.com/hySUBWWZPM— Srinivas BV (@srinivasiyc) February 8, 2024
എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ഫെയ്സ്ബുക്കിൽ ഒരുമിച്ച് ലൈവ് ചെയ്യാമെന്നു പറഞ്ഞ് അഭിഷേകിനെ, മോറിസ് ഓഫിസിൽ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. എന്നാൽ, സംഭാഷണം തീർന്നതിനു പിന്നാലെ തുടർച്ചയായി വെടിവയ്ക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. ഭൂമിതർക്കത്തിനിടെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവിനെതിരെ ബിജെപി എംഎൽഎ വെടിവച്ചതിനു പിന്നാലെയാണ് ഉദ്ധവ് വിഭാഗം നേതാവും ആക്രമിക്കപ്പെട്ടത്.
കോവിഡ് കാലത്ത് പാവപ്പെട്ട ആളുകളെ സഹായിച്ച് വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയായിരുന്നു വ്യവസായി കൂടിയായ മോറിസ്. അറിയപ്പെടുന്ന പോക്കർ പ്ലേയർ കൂടിയായ മോറിസ് അടുത്തിടെയാണ് അമേരിക്കയിലെ ലൊസാഞ്ചലസിൽനിന്ന് മുംബൈയിൽ തിരിച്ചെത്തിയത്. മുംബൈയിലെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഏറെ നാളായി ആഗ്രഹിച്ചിരുന്ന മോറിസിന്, അഭിഷേക് ഗോസാൽക്കറിന്റെ എതിർപ്പ് കനത്ത തിരിച്ചടിയായിരുന്നു.
ഇതിനിടെ, മോറിസിനെതിരെ ബലാത്സംഗ പരാതിയുമായി 48കാരിയായ വീട്ടമ്മ രംഗത്തെത്തിയതും വൻ തിരിച്ചടിയായി. ഇതുമായി ബന്ധപ്പെട്ട കേസിൽ മോറിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2022 ജൂണിൽ യുഎസിൽനിന്നും ഇന്ത്യയിലേക്കു മടങ്ങുവരവേ മുംബൈ വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. കേസിൽ മോറിസിനെതിരെ ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു. ഇതേ കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയതിനും വഞ്ചിച്ചതിനും 88 ലക്ഷം രൂപയോളം തട്ടിയെടുത്തതിനും മോറിസിനെതിരെ കേസുണ്ടായിരുന്നു.
കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ച തന്നെ നിയമക്കുരുക്കിൽ അകപ്പെടുത്തിയത് അഭിഷേകാണെന്ന് മോറിസ് ഉറച്ചു വിശ്വസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഷേകിനെ പ്രശ്നപരിഹാരത്തിനെന്ന പേരിൽ ഐസി കോളനിയിലെ തന്റെ ഓഫിസിൽ വിളിച്ചുവരുത്തി മോറിസ് വെടിവച്ചു കൊന്നത്. പിന്നാലെ സ്വയം വെടിവച്ചു മരിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകത്തിനും ആത്മഹത്യയ്ക്കും രണ്ടു വ്യത്യസ്ത കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ ക്രൈംബ്രാഞ്ചാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നത്.
അഭിഷേകിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നതായി കണ്ടെത്തിയ മെഹുൽ പരീഖാണ് അറസ്റ്റിലായത്. ഫെയ്സ്ബുക് ലൈവിനിടെ പരീഖിന്റെ അടുത്തേക്കെന്ന വ്യാജേന എഴുന്നേറ്റുപോയ ശേഷമാണ് മോറിസ് അഭിഷേകിനു നേരെ വെടിയുതിർത്തത്. സംഭവത്തിൽ പരീഖിന്റെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ മോറിസിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.
മുംബൈ മുൻ കോർപറേറ്റർ കൂടിയായ തേജസ്വി ധാരേകറാണ് അഭിഷേകിന്റെ ഭാര്യ. അഭിഷേകിന്റെ പോസ്റ്റ്‌മോർട്ടം ജെജെ ഹോസ്പിറ്റലിൽ നടക്കും. ഇന്ന് ബോറിവാലി ഈസ്റ്റിലാണ് അഭിഷേകിന്റെ സംസ്കാരം. മോറിസിന്റെ മൃതദേഹം കൂപ്പർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
English Summary:
Mumbai’s Facebook live murder: What we know so far