മോദി സംസ്ഥാനങ്ങളെ നഗരസഭകളായി കാണുന്നു: സ്റ്റാലിൻ

എല്ലാ സംസ്ഥാനങ്ങളിലെ ജനങ്ങളെയും ബഹുമാനിക്കുന്നവരായിരുന്നു മുൻ പ്രധാനമന്ത്രിമാരെങ്കിലും നരേന്ദ്ര മോദി സംസ്ഥാനങ്ങളെ നഗരസഭകളായിട്ടാണു കരുതുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ മോദി എടുത്തുകളയുകയാണ്. സാമ്പത്തിക, വിദ്യാഭ്യാസ, നിയമ അവകാശങ്ങളും ഭാഷ പോലും നഷ്ടപ്പെട്ടു. സാമ്പത്തിക അവകാശം ഇല്ലാതാക്കുന്നത് ഓക്സിജൻ ഇല്ലാതാക്കുന്നതിനു തുല്യമാണ്. 
ഇന്നു പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥ നാളെ എല്ലാ സംസ്ഥാനങ്ങൾക്കും ഉണ്ടാകുമെന്ന് മുന്നറിയിപ്പു നൽകുകയാണ്. ബിജെപി സർക്കാരിന്റെ ഏകാധിപത്യ നടപടികൾക്കെതിരെ തമിഴ്‌നാട് പോരാടുന്നതുപോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും സമരത്തിലാണ്. ജിഎസ്ടിക്കു ശേഷം എല്ലാ സംസ്ഥാന സർക്കാരുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. എല്ലാവരും ഒറ്റക്കെട്ടായി കേന്ദ്രത്തെ എതിർക്കണം – സ്റ്റാലിൻ വ്യക്തമാക്കി.

∙ ‘പിണറായി വിജയൻ ഇവിടെ വന്നത് മകൾക്കോ ഭാര്യയ്ക്കോ കുടുംബാംഗങ്ങൾക്കോ വേണ്ടി പണം ചോദിക്കാനല്ല. ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയാണ് ഈ സമരം. പ്രതിപക്ഷ നേതാക്കളെ കേന്ദ്രം ജയിലിലടയ്ക്കുകയാണ്. വരുംനാളുകളിൽ ഞാനോ പിണറായി വിജയനോ ഭഗവന്ത് മാനോ ജയിലിലായേക്കാം. ബിജെപിയോട് ഒന്നേ പറയാനുള്ളൂ– അഹങ്കാരം വേണ്ട, കാലചക്രം മുന്നോട്ടുപോകും. ഇന്നു നിങ്ങളിരിക്കുന്നിടത്ത് നാളെ ഞങ്ങളിരിക്കും.’ – അരവിന്ദ് കേജ്‌രിവാൾ (ഡൽഹി മുഖ്യമന്ത്രി)

∙ ‘രാജ്യത്തെ രക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടണം. എല്ലാ കാര്യങ്ങളിലും മോദി നുണ പറയുകയാണ്.’ – ഭഗവന്ത് മാൻ (പഞ്ചാബ് മുഖ്യമന്ത്രി)

∙ ‘ദക്ഷിണ – ഉത്തര ഇന്ത്യ എന്ന നിലയിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ ഭൂമിശാസ്ത്രം മനസ്സിലാക്കണം. സമരത്തിൽ പങ്കെടുക്കാനെത്തിയ കേജ്‌രിവാൾ, ഭഗവന്ത് മാൻ, ഫാറൂഖ് അബ്ദുല്ല എന്നിവരൊന്നും ദക്ഷിണേന്ത്യക്കാരല്ല.’ – സീതാറാം യച്ചൂരി (സിപിഎം ജനറൽ സെക്രട്ടറി)
∙ ‘രാജ്യം വലിയൊരു ദുരന്തത്തെ അഭിമുഖീകരിക്കുകയാണ്. ബിജെപിയും ആർഎസ്എസും ഇന്ത്യയെ വിഭജിക്കുകയാണ്.’ – ഡി.രാജ (സിപിഐ ജനറൽ സെക്രട്ടറി)

∙ ‘എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്തുകൊണ്ട് ബിജെപി, എൻഡിഎ നേതാക്കളെ റെയ്ഡ് ചെയ്യുന്നില്ല? ജനങ്ങൾക്കുവേണ്ടി പല കാര്യങ്ങൾ ചെയ്തെന്നു മോദി അവകാശപ്പെടുന്നു. നികുതിപ്പണമുപയോഗിച്ചാണ് അവയെല്ലാം ചെയ്തത്. പണം ജനങ്ങളുടേത്, ക്രെഡിറ്റ് മോദിക്ക് എന്നതാണു സ്ഥിതി.’ –  കപിൽ സിബൽ (രാജ്യസഭാംഗം)
∙ ‘മതത്തിന്റെയും ഭാഷയുടെയും പേരിൽ ബിജെപി എത്രനാൾ രാജ്യത്തെ വിഭജിക്കും? സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തിയാൽ മാത്രമേ രാജ്യം മുന്നോട്ടു പോകൂ. പ്രതിപക്ഷത്തെ ശത്രുക്കളായി കാണുന്നത് ബിജെപി അവസാനിപ്പിക്കണം.’ – ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്)

English Summary:
MK Stalin said that Narendra Modi sees states as municipalities


Source link
Exit mobile version