ന്യൂഡൽഹി∙ മാലദ്വീപിൽ വിന്യസിച്ചിട്ടുള്ള ഇന്ത്യൻ സൈനികരെ പിൻവലിച്ചു പകരം സാങ്കേതിക വിദഗ്ധരെ നിയോഗിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ഇന്ത്യൻ സൈനികരെ മാലദ്വീപിൽനിന്നും പിൻവലിക്കണമെന്ന പ്രസിഡന്റ് മുഹമ്മദ് മുയ്സു ആവശ്യപ്പെട്ടതിന് പിന്നാലെയാണു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. സൈനികരെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു രാജ്യങ്ങളും തമ്മിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.
‘‘നിലവിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കു പകരം സാങ്കേതിക വിദഗ്ധരെ നിയോഗിക്കും. ഇരുരാജ്യങ്ങളിലെയും അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത്തെ യോഗം ഉടൻ നടക്കും’’– ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് രൺധിർ ജയ്‍സ്വാൾ പറഞ്ഞു. ഫെബ്രുവരി രണ്ടിന് ന്യൂഡൽഹിയിൽ ഇരുകൂട്ടരുടെയും ഒരു സംയുക്ത ഉന്നതതല യോഗം നടന്നിരുന്നു. ഇന്ത്യ കൈമാറിയ മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനു വേണ്ട കാര്യങ്ങള്‍ കണ്ടെത്താൻ ഇരുകൂട്ടരും തമ്മിൽ ധാരണയായതായി യോഗത്തിനു പിന്നാലെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ നല്‍കിയ രണ്ട് സൈനിക ഹെലികോപ്റ്ററുകളും ഡോണിയര്‍ വിമാനവും മാലദ്വീപ് സേനയുടെ ഭാഗമാണ്. ഇവയുടെ പ്രവർത്തനത്തിനും മാനുഷിക സഹായത്തിനുമാണ് ഇന്ത്യൻ സൈനികർ പ്രവർത്തിക്കുന്നത്. മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരുടെ ആദ്യസംഘത്തെ മാർച്ച് 10ന് മുൻപും അവശേഷിക്കുന്നവരെ മേയ് 10നു മുൻപും മടക്കി അയയ്ക്കുമെന്നു പ്രസിഡന്റ് മുഹമ്മദ് മുയ്സു നേരത്തേ വ്യക്തമാക്കിയിരുന്നു.
English Summary:
Indian Troops in Maldives will be replaced
Source link