പ്രണവിനു പിന്നാലെ പാർകൗറിൽ ഞെട്ടിക്കാൻ സിജു വിൽസൺ; കയ്യടിച്ച് ടൊവിനോയും

മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത സാഹസിക അഭ്യാസമായ പാർകൗർ ആദ്യം മലയാളസിനിമയിലെത്തിയച്ചത് പ്രണവ് മോഹൻലാൽ ആണ്. ഇപ്പോഴിതാ പ്രണവിനു പിന്നാലെ പാർകൗറിൽ ഒരു കൈനോക്കാൻ ഒരുങ്ങുകയാണ് സിജു വിൽസൺ. പുതിയ സിനിമയിലെ പാർകൗർ അഭ്യാസത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവച്ചു.
ടൊവിനോ തോമസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സുദേവ് നായർ, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളാണ് വിഡിയോയ്ക്ക് കയ്യടിച്ച് രംഗത്തുവന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം സിജു വിൽസൺ നായകനായെത്തുന്ന മാസ് ആക്‌ഷൻ ചിത്രം കൂടിയാണിത്. തന്റെ കഥാപാത്രത്തിന് വേണ്ടി ഏത് തരം പരിശ്രമത്തിനും തയ്യാറാവാറുള്ള സിജു പാര്‍കൗര്‍ പഠിക്കാനും ഏറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. സിദ്ദീഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, മനോജ് കെ വി, നമ്രിത, ലെന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ടൊവിനോ തോമസ് പ്രൊഡക്‌ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, സജ്മനിസാം, ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ് നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിലാഷ് അർജുനൻ.
നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് സംവിധാനം. എം. പത്മകുമാർ, മേജർ രവി, വി.എ. ശ്രീകുമാർ, സമുദ്രക്കനി എന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ച അനുഭവ പരിചയവുമായാണ് ഉല്ലാസ് കൃഷ്ണ ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്.
ജീവിതം ആഘോഷിച്ചു നടക്കുന്ന ചെറുപ്പക്കാരുടെ നിത്യജീവിതത്തിലേക്കാണ് ചിത്രം കണ്ണോടിക്കുന്നത്. നാം ശീലിച്ചുപോരുന്ന ദിനചര്യകളിൽ ചെറിയൊരു മാറ്റം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നഴ്സുമാരായ ഒരു യുവതിയുടെയും യുവാവിന്‍റെയും ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
സന്ദീപ് സദാനന്ദനും ദീപു എസ് നായരുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം രാഹുൽ രാജ്, ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിങ് അഖിലേഷ് മോഹൻ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജർ നജീർ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്‌ഷൻ കൺട്രോളര്‍ പ്രശാന്ത് നാരായണൻ. കണ്ണൂരും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കും.
Source link